മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ അഫ്ഗാനേക്കാളും സുദാനേക്കാളും അപകടകരം

ലോക പത്രസ്വാതന്ത്ര്യ ദിനത്തോട്(മെയ് 3) അനുബന്ധിച്ച് പുറത്തിറക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

Update: 2019-05-03 02:33 GMT

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ ലോകത്ത് ഏറ്റവും അപകടകരമായ സാഹചര്യം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് 2019 പ്രകാരം ലോകത്തെ 180 രാജ്യങ്ങളില്‍ 140ാമതാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. അഫ്ഗാനേക്കാളും സുദാനേക്കാളും അപകടകരമാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതിയെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ലോക പത്രസ്വാതന്ത്ര്യ ദിനത്തോട്(മെയ് 3) അനുബന്ധിച്ച് പുറത്തിറക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.  

ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെത്ത് വാച്ചിന്റെ കണക്കു പ്രകാരം 2017ല്‍ 12 മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. 46 പേര്‍ ആക്രമിക്കപ്പെട്ടു. റിപോര്‍ട്ടിങിന്റെ പേരില്‍ 27 പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും 12 പേരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിരേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന കൈയേറ്റത്തിന്റെ രണ്ട് പ്രധാന ഉദാഹരണങ്ങളാണ് ശ്രീനഗറില്‍ ശുജാഅത്ത് ബുഖാരി കൊല്ലപ്പെട്ട സംഭവവും മേഘാലയയിലെ ഹൈക്കോടതി ദി ഷില്ലോങ് ടൈംസിന് കോടതി അലക്ഷ്യത്തിന്റെ പേരില്‍ പിഴയിട്ട സംഭവവുമെന്ന് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

2018 ജൂണ്‍ 14നാണ് റൈസിങ് കശ്മീര്‍ ചീഫ് എഡിറ്റര്‍ കൊല്ലപ്പെട്ടത്. വൈകീട്ട് ഓഫിസില്‍ നിന്ന് ഇറങ്ങിയ ഉടനെയാണ് അജ്ഞാതരായ തോക്കുധാരികള്‍ ബുഖാരിക്കെതിരേ വെടിയുതിര്‍ത്തത്. ബുഖാരിയും രണ്ട് അംഗരക്ഷകരും സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. റമദാനിലെ അവസാനത്തെ ദിവസമായിരുന്നു അത്. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകത്തിനു പിന്നിലാരെന്ന കാര്യം അജ്ഞാതം.

2018 ഡിസംബര്‍ 10ന് ഷില്ലോങ് ടൈംംസില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ജഡ്ജിമാര്‍ സ്വന്തത്തിന് വേണ്ടി വിധിക്കുമ്പോള്‍. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബത്തിനും റിട്ടയര്‍മെന്റിനു ശേഷം കിട്ടേണ്ട സൗകര്യം സംബന്ധിച്ച് ജഡ്ജിമാര്‍ തന്നെ വിധി പുറപ്പെടുവിച്ചതിനെ കുറിച്ചായിരുന്നു വാര്‍ത്ത. ഈ റിപോര്‍ട്ടിന്റെ പേരില്‍ ഷില്ലോങ് ടൈംസിന്റെ പ്രസാധകര്‍ക്കും എഡിറ്റര്‍ക്കുമെതിരേ മേഘാലയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിഴ ചുമത്തുകയായിരുന്നു. കോടതിയെ അധിക്ഷേപിച്ചു എന്ന കുറ്റത്തിനായിരുന്നു നടപടി. പിഴ അടച്ചില്ലെങ്കില്‍ ഷില്ലോങ് ടൈംസിന് നിരോധനമേര്‍പ്പെടുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ഈ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

കേസിന്റെ വിചാരണയ്ക്കായി എട്ട് തവണ കോടതിയില്‍ ഹാജരാവേണ്ടി വന്നപ്പോള്‍ ജഡ്ജ്മാരില്‍ നിന്ന് കടുത്ത അവഹേളനം നേരിടേണ്ടി വന്നതായി ഷില്ലോങ് ടൈംസ് എഡിറ്റര്‍ പട്രീഷ്യ മുര്‍ക്കിം വ്യക്തമാക്കി.

സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലാത്ത നിലപാടായിരുന്നു ശുജാഅത്ത് ബുഖാരിക്കും അദ്ദേഹത്തിന്റെ പത്രത്തിനും. 10 വര്‍ഷത്തോളമായി കേന്ദ്ര സര്‍ക്കാര്‍ പരസ്യമില്ലാതെയാണ് കശ്മീരിലെ ഏറ്റവും ജനപ്രിയ പത്രങ്ങളിലൊന്നായ റൈസിങ് കശ്മീര്‍ മുന്നോട്ടുപോയിരുന്നത്. രേഖാമൂലമുള്ള ഒരു അറിയിപ്പും ഇല്ലാതെയായിരുന്നു പരസ്യവിലക്ക്. 2016ല്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭ വേളയില്‍ സര്‍ക്കാരിന്റെ ഉത്തരവൊന്നുമില്ലാതെ തന്നെ പത്രത്തിന്റെ പ്രസ്സ് അധികൃതര്‍ പൂട്ടിയിട്ടിരുന്നു.  

Tags:    

Similar News