ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു

ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്

Update: 2020-06-28 01:21 GMT

വാഷിങ്ടണ്‍: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്കടുക്കുകയാണ്. അതേസമയം 55 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ പേരെ രോഗം ബാധിച്ചത് അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. ബ്രിട്ടന്‍, സ്‌പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്‌സിക്കോ, പാകിസ്താന്‍, ജര്‍മനി, തുര്‍ക്കി തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരുന്നു.

    രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണംത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. ഇവിടെ കാല്‍ കോടിയിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1.25 ലക്ഷത്തിലേറെ പേര്‍ ഇതുവരെ മരണപ്പെട്ടു കഴിഞ്ഞു. കൊവിഡിന്റെ തുടക്കത്തില്‍ തന്നെ, രാജ്യത്തെ മരണസംഖ്യ ഒരുലക്ഷത്തില്‍ പിടിച്ചുനിര്‍ത്താനായാല്‍ വിജയമാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

    ബ്രസീലില്‍ 13 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേല്‍ക്കുകയും അര ലക്ഷത്തിലേറെ പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. റഷ്യയിലാവട്ടെ 6.50 ലക്ഷത്തിലേറെ പേരിലാണ് മഹാമാരി സ്ഥിരീകരിച്ചത്. എന്നാല്‍ 9000ത്തില്‍ താഴെയാണ് ഇവിടെ മരണസംഖ്യ. കൊവിഡ് മരണനിരക്ക് പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയത് റഷ്യയാണെന്നു കണക്കുകളില്‍നിന്ന് വ്യക്തമാവുന്നു.

    ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ഇതുവരെ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധയേറ്റു. 15000ത്തിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യുകെയിലാവട്ടെ ഇതുവരെ മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധയേറ്റു. 44,000 പേരാണ് മരണപ്പെട്ടത്. ആറാം സ്ഥാനത്തുള്ള സ്‌പെയിനില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 30000ത്തിനേക്ക് അടുക്കുകയാണ്. പെറുവില്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 9000ത്തോളം പേരാണ് മരണപ്പെട്ടത്. ചിലിയില്‍ രോഗബാധിതര്‍ 2.6 ലക്ഷവും മരണസംഖ്യ 5000ത്തിനു മുകളിലുമാണ്. ആദ്യഘട്ടത്തില്‍ വന്‍ പ്രതിസന്ധിയിലായ ഇറ്റലി രോഗബാധിതരുടെ എണ്ണത്തില്‍

    ഒമ്പതാമതാണുള്ളത്. 2.50 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. 30000ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇറാനില്‍ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേല്‍ക്കുകയും 10000ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.




Tags:    

Similar News