'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു'; കണ്ണൂരില്‍ കെഎസ് യു നേതാവിന്റെ വീട്ടില്‍ റീത്ത് വച്ചു

Update: 2020-09-19 10:34 GMT

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്യു നേതാവിന്റെ വീട്ടില്‍ റീത്ത് വച്ചു. കെഎസ്‌യു അഴീക്കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ പള്ളിക്കുന്ന് ശ്രീപുരം നഴ്‌സറി സ്‌കൂളിന് സമീപത്തുള്ള കൊക്കായന്‍പാറയിലെ വീട്ടുമുറ്റത്താണ് റീത്ത് വച്ച നിലയില്‍ കണ്ടെത്തിയത്. ''നിന്റെ നാളുകള്‍ എണ്ണപ്പെട്ടു'' എന്ന് എഴുതിയ റീത്ത് ഇന്ന് പുലര്‍ച്ചെയാണ് കണ്ടത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

    സിപിഎം നാടിനെ പ്രാകൃത സംസ്‌കാരത്തിലേക്ക് നയിക്കുകയാണെന്നും നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനും പൊതുപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടാനും പരിശ്രമിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഭീഷണി മുഴക്കിയ സിപിഎം സൈബര്‍ ഗുണ്ടകള്‍ക്കെതിരെ പോലിസ് കര്‍ശന നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം സാമൂഹിക വിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കുന്നതെന്നും ഇത്തരം കാടന്‍ സംസ്‌കാരത്തിനെതിരെ പൊതു സമൂഹം ഒന്നാകെ പ്രതികരിക്കണമെന്നും റൈഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

    കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡിസിസി ജനറല്‍ സെക്രട്ടറി ടി ജയകൃഷ്ണന്‍, കെഎസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ്, നേതാക്കളായ ഉമേഷ് കണിയാങ്കണ്ടി, പ്രനില്‍ മതുക്കോത്ത്, നികേത് നാറാത്ത്, ജിജീഷ്, സി വി സുമിത്, സുജേഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Wreath laid at KSU leader's house in Kannur




Tags:    

Similar News