ഗസയില്‍ ഇസ്രായേല്‍ സൈന്യം തുടരേണ്ട ആവശ്യമില്ല: യോവ് ഗാലന്റ്
സമാധാനത്തിന് ഏറ്റവും വലിയ തടസമായി യുഎസ് കാണുന്നതും നെതന്യാഹുവിനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെല്‍അവീവ്: ഗസയില്‍ ഇസ്രായേല്‍ സൈന്യം തുടരേണ്ട ആവശ്യമില്ലെന്ന് മുന്‍ യുദ്ധമന്ത്രി യോവ് ഗാലന്റ്. യുദ്ധം തുടങ്ങിയത് മുതല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഇനിയും തുടരേണ്ടതില്ലെന്നുമാണ് ഗാലന്റ് പറഞ്ഞത്. ഗസയില്‍ തടവിലുള്ള ജൂതബന്ദികളെ തിരികെ കൊണ്ടുവരേണ്ട പദ്ധതികള്‍ക്ക് ഇസ്രായേലി പ്രധാനമന്ത്രി തുരങ്കം വക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗസയില്‍ സൈന്യം തുടരുന്നത് സൈനികരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗസ വിഷയത്തില്‍ നെതന്യാഹു സ്വീകരിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയമോ സൈനികമോ അല്ല. ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിച്ച് പകരം ഗസയിലെ തടവുകാരെ തിരികെ കൊണ്ടുവരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നെതന്യാഹുവിന് മാത്രമേ കഴിയൂ. ഇക്കാര്യത്തില്‍ യുഎസ് ഭരണകൂടം തയ്യാറാക്കിയ ബ്ലൂപ്രിന്റില്‍ നിന്ന് പോലും നെതന്യാഹു പിന്‍മാറി. സമാധാനത്തിന് ഏറ്റവും വലിയ തടസമായി യുഎസ് കാണുന്നതും നെതന്യാഹുവിനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.