എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡയുടെ വിലക്ക്

Update: 2024-11-08 05:34 GMT

ഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തെ വിലക്കി കാനഡ. ഓസ്‌ട്രേലിയന്‍ ടുഡേയുടെ സമൂഹമാധ്യമ ഹാന്‍ഡിലുകളും പേജുകളുമടക്കമാണ് കാനഡയില്‍ ബ്ലോക്ക് ചെയ്തത്. എസ്.ജയശങ്കറും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയന്‍ ടുഡേ പ്രസിദ്ധീകരിച്ചത്.

നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയ്ശങ്കര്‍ ഓസ്ട്രേലിയയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കാനഡയിലെ ഖലിസ്താന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയ്ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു. പിന്നാലെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഓസ്ട്രേലിയ ടുഡേ എന്ന ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. മാധ്യമസ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നുകയറ്റമാണിതെന്ന് ഇന്ത്യ അപലപിച്ചു.

അതേസമയം, കാനഡയുടെ നടപടിയെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യം നിറഞ്ഞ സമീപനത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഇന്ത്യ വിമര്‍ശിച്ചു. കാനഡയുടെ നടപടി വിചിത്രമാണെന്നും തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നതാണ് കാനഡയുടെ രീതിയെന്നും ഇന്ത്യ തുറന്നടിച്ചു.





Tags:    

Similar News