'ബസ്സുകളുടെ രജിസ്‌ട്രേഷന്‍ പട്ടികയില്‍ മറ്റു വാഹനങ്ങളും': ആരോപണവുമായി യോഗി ഭരണകൂടം; കോണ്‍ഗ്രസ്സിന്റെ ആയിരം ബസ്സുകളെ ചൊല്ലി യുപിയില്‍ വിവാദം കനക്കുന്നു
ഓട്ടോകള്‍, ഇരുചക്രവാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പട്ടിക അയച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് തട്ടിപ്പ് നടത്തിയെന്നാണ് യുപി സര്‍ക്കാര്‍ ആരോപണം.
ലഖ്നൗ: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് വാഗ്ദാനം 1000 ബസ്സുകളെ ചൊല്ലി ഉത്തര്‍പ്രദേശില്‍ വിവാദം കനക്കുന്നു. 1,000 ബസ്സുകളുടെ പട്ടികയില്‍ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും രജിസ്ട്രേഷന്‍ നമ്പറുകളുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഓട്ടോകള്‍, ഇരുചക്രവാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പട്ടിക അയച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് തട്ടിപ്പ് നടത്തിയെന്നാണ് യുപി സര്‍ക്കാര്‍ ആരോപണം.
എന്നാല്‍, കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.
രജിസ്ട്രേഷന് വേണ്ടി ബസ്സുകള്‍ ലഖ്നൗവില്‍ എത്തിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ആദിത്യനാഥ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബസ്സുകള്‍ ലഖ്നൗവിലേക്ക് അയക്കുന്നതിലൂടെ സമയം വൈകുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ബസുകള്‍ ലഖ്നൗവില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിച്ച യുപി അഡിഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്ഥി, ഗാസിയാബാദ്, നോയിഡ അതിര്‍ത്തികളില്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചു. കൗശാംബി, സാഹിബാബാദ് ബസ് സ്റ്റാന്റുകളില്‍ 500 ബസുകള്‍ പാര്‍ക്ക് ചെയ്യാനും മറ്റ് 500 എണ്ണം ഗൗതം ബുദ്ധ നഗര്‍ എക്സ്പോ മാര്‍ട്ടിന് സമീപത്തെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാനുമാണ് നിര്‍ദേശം.
ബസുകളുടെ പെര്‍മിറ്റ്, ഫിറ്റ്നസ്, ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കിയ ബസ്സുകളുടെ പട്ടികയില്‍ ഓട്ടോറിക്ഷയുടെയും ആംബുലന്‍സിന്റെയും പ്രൈവറ്റ് കാറിന്റെയും രജിസ്ട്രേഷന്‍ നമ്പറുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ഇത് കോണ്‍ഗ്രസ് നിഷേധിച്ചു. തങ്ങള്‍ ആയിരം ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാരിന് എന്തെങ്കിലും സംശയം തോന്നുന്നെങ്കില്‍ നേരിട്ടെത്തി പരിശോധന നടത്താമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.