യോഗി ആദിത്യനാഥ് ഹിന്ദുമതത്തിന് ഭീഷണി: എഎപി നേതാവ് സഞ്ജയ് സിങ്

യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനം കാരണം ഹിന്ദുമതത്തിന് വലിയ ഭീഷണിയുണ്ട്. തീവ്രവാദികളുമായും ഐഎസ്ഐയുമായും ദലിതര്‍ക്കു ബന്ധമുണ്ടെന്നും മതപരിവര്‍ത്തനത്തിന് കൈക്കൂലി വാങ്ങുന്നതായും ബിജെപി ആരോപിക്കുന്നു. ബാബാ സാഹേബ് അംബേദ്കറുടെ ചെറുമകനെ ദാവൂദ് ഇബ്രാഹീമിന്റെ പരിശീലനം കിട്ടിയയാള്‍ എന്നാണ് വിളിച്ചത്.

Update: 2020-10-24 10:19 GMT

ന്യൂഡല്‍ഹി: ദലിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുമതത്തിന് ഭീഷണിയാവുകയാണെന്നും ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എംപി. യുപി സര്‍ക്കാര്‍ വാല്‍മീകി സമുദായത്തെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. വാല്‍മീകി സമുദായത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതിനുപകരം ബിജെപി അവരെ 'തീവ്രവാദികള്‍' എന്നാണ് വിളിക്കുന്നതെന്നും പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം, രാഖി ബിര്‍ള എന്നിവരും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ ദുഖിതരായി ഗാസിയാബാദിലെ വാല്‍മീകി സമുദായാംഗങ്ങള്‍ ഹിന്ദുമതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ ജാതി കലാപത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

    ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങള്‍ ആശങ്കാജനകമാണ്. ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള കലാപങ്ങളും അക്രമങ്ങളും ആളിക്കത്തിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹം സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം വാല്‍മീകി സമുദായത്തില്‍ നിന്നുള്ള 236 പേര്‍ ഗാസിയാബാദില്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു. യുപിയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബല്ലിയയില്‍ ഒരു ബിജെപി നേതാവ് പാല്‍ സമുദായത്തില്‍ നിന്നുള്ള ഒരാളെ കൊലപ്പെടുത്തി. സിഒ, എസ്ഡിഎം, പോലിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇതു നടന്നത്. കൊലയാളിയെ രക്ഷിക്കുന്നതില്‍ സര്‍ക്കാരും പങ്കാളികളായിരുന്നു. ഹാഥ്‌റസ് പ്രതികളെ സംരക്ഷിക്കുന്നതിലും യുപി സര്‍ക്കാര്‍ മുന്നിലുണ്ടായിരുന്നു''-അദ്ദേഹം പറഞ്ഞു.

    ''ലക്‌നോവിലെ മിക്കവാറും എല്ലാവരുമായും ഞാന്‍ സംസാരിച്ചു. നിരപരാധിയായ ഒരു ദലിതനെ ലോക്കപ്പിലടച്ചതിനെ കുറിച്ച് ചോദിച്ച് സാമൂഹിക മാധ്യമത്തില്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഒരു പ്രതികരണവും ലഭിച്ചില്ല. വികലാംഗനായ ഒരു ദലിതനെ പോലിസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു. യോഗി ആദിത്യനാഥ് താക്കൂറുകളുടെ സ്വന്തമല്ല. നിങ്ങള്‍ സ്വേച്ഛാധിപതിയായ മുഖ്യമന്ത്രിയാണെന്നും സഞ്ജയ് സിങ് ആഞ്ഞടിച്ചു.

    ''ഇന്ന് യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനം കാരണം ഹിന്ദുമതത്തിന് വലിയ ഭീഷണിയുണ്ട്. തീവ്രവാദികളുമായും ഐഎസ്ഐയുമായും ദലിതര്‍ക്കു ബന്ധമുണ്ടെന്നും മതപരിവര്‍ത്തനത്തിന് കൈക്കൂലി വാങ്ങുന്നതായും ബിജെപി ആരോപിക്കുന്നു. ഹിന്ദുമതം ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന മുഖ്യമന്ത്രി യോഗിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നടപടികള്‍ ലജ്ജാവഹമാണ്. ജാതിയെയും വര്‍ഗത്തെയും അടിസ്ഥാനമാക്കിയുള്ള ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടു. ബാബാ സാഹേബ് അംബേദ്കറുടെ ചെറുമകനെ ദാവൂദ് ഇബ്രാഹീമിന്റെ പരിശീലനം കിട്ടിയയാള്‍ എന്നാണ് വിളിച്ചത്. മത പരിവര്‍ത്തനത്തിനു പണം വാങ്ങുന്നുവെന്നത് ദലിത് സമുദായത്തെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

    ബിജെപി നേതാക്കളും എംഎല്‍എമാരും ദലിതര്‍ക്കും ഒബിസികള്‍ക്കുമെതിരേ ഉപയോഗിക്കുന്ന ഭാഷ അനുവദിക്കാനാവില്ല. ബിജെപിയുടെ അവസാനമാണിതെന്ന് ഞാന്‍ കരുതുന്നു. എല്ലാ പിന്നാക്ക വിഭാഗക്കാരും ബിജെപിയെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. ദലിത് സമൂഹം അവരുടെ ബഹുമാനത്തിനും സമഗ്രതയ്ക്കുമായി പോരാടും. അവര്‍ ഈ അപമാനം സഹിക്കില്ല. ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. സ്വത്‌നം പരാജയങ്ങളും സ്വന്തം തെറ്റുകളും മറച്ചുവയ്ക്കാനാണ് ബിജെപി ദലിതരെ തീവ്രവാദികളും ഐഎസ്ഐ ഏജന്റുമാര്‍ എന്നും വിളിക്കുന്നതെന്ന് രാഖി ബിര്‍ള പറഞ്ഞു. രാജ്യത്തെ ദലിത് സമൂഹം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളെയും താഴ്ന്ന ജാതിക്കാരെയും ആക്രമിക്കുന്നത് തുടരുമ്പോള്‍ താക്കൂര്‍ സമൂഹത്തോടൊപ്പം നില്‍ക്കുകയാണ് യോഗി ആദിത്യനാഥ് എന്ന അജയ് മോഹന്‍ ബിഷ്ത് എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

'Yogi' poses great danger to 'Hinduism' : AAP leader Sanjay Singh




Tags:    

Similar News