വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിന് പോലിസുകാരുടെ മർദ്ദനം

കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പോലിസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്.

Update: 2022-07-24 04:50 GMT

തിരുവനന്തപുരം: വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ മൂന്നു പോലിസുകാര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചതായി പരാതി. ആറ്റിങ്ങലില്‍ നടന്ന പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മദ്യ ലഹരിയില്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി.

കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പോലിസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. പോലിസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂനിഫോമില്‍ അല്ലാതിരുന്ന പോലിസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്‌കോയുടെ ഔട്ട്‌ലെറ്റില്‍ എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു. മര്‍ദിച്ച ശേഷം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മര്‍ദിച്ചു.

രജീഷ് ഉടന്‍ തന്നെ കിളിമാനൂര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതികള്‍ പോലിസുകാരായതിനാല്‍ തുടര്‍ നടപടികള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കാനായിരുന്നു കിളിമാനൂര്‍ പോലിസിന്റെ ശ്രമം. കേസെടുത്തില്ലങ്കില്‍ കോടതിയെ സമീപിക്കാനാണ് രജീഷിന്റെ തീരുമാനം. 

Similar News