സില്‍വര്‍ ലൈന്‍ പദ്ധതി;വിശദീകരണത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി പ്രതിഷേധം
പ്രതിഷേധത്തിനിടേ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പരുക്കേറ്റു. മൂന്നു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
കൊച്ചി: സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.മുഖ്യമന്ത്രി യോഗം നടക്കുന്ന ടിഡിഎം ഹാളില്‍ എത്തിയ ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകരെ പോലിസ് ബലംപ്രയോഗിച്ചു നീക്കി. പ്രതിഷേധത്തിനിടേ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പരുക്കേറ്റു. മൂന്നു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.
നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി ഉയര്‍ത്തിയത്. സംസ്ഥാന ഭാരവാഹി ഷാജഹാന്‍ ഉള്‍പ്പെടേയുള്ള പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി റോഡിലേക്ക് ചാടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ശേഷമാണ് ഇവര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്ഷണിക്കപ്പെട്ട പൗരപ്രമുഖരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ തിരുവനന്തപുരത്തും സമാനയോഗം സംഘടിപ്പിച്ചിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ആ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയിരുന്നു. ജനങ്ങളുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം എതിര്‍പ്പ് രേഖപ്പെടുത്തുന്നതുകൊണ്ട് വികസന പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.