'കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു'; ഇ പി ജയരാജനെതിരേ പരാതി

വിമാനയാത്രികരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ ജയരാജന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

Update: 2022-06-14 15:03 GMT

തിരുവനന്തപുരം: ഇപി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തില്‍വച്ച് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. വിമാനയാത്രികരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ ജയരാജന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

'വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ പി ജയരാജന്‍ എന്നയാള്‍ മേല്‍ വിവരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്. ഈ പ്രവര്‍ത്തി മൂലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റതായി' യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു.

ഇരുവര്‍ക്കുമെതിരേ വ്യാജ വിവരങ്ങള്‍ ചേര്‍ത്ത് റജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ജയരാജനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്കും പരാതി നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News