പോലിസ് ജീപ്പില്‍ നിന്ന് വീണയാള്‍ മരിച്ചു; മര്‍ദ്ദനം സഹിക്കാതെ ചാടിയതെന്ന് ബന്ധുക്കള്‍

കസ്റ്റഡിയില്‍ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ചാടിയതെന്നാണ് പോലിസ് ഭാഷ്യം.

Update: 2022-03-20 12:48 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ജീപ്പില്‍ നിന്ന് ചാടിയെന്ന് പറയപ്പെടുന്ന യുവാവ് ചികിൽസയിലിരിക്കെ മരണപ്പെട്ടു. തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. കുടുംബകലഹത്തെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്തതായിരുന്നു.

കസ്റ്റഡിയില്‍ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ചാടിയതെന്നാണ് പോലിസ് ഭാഷ്യം. അപകടശേഷം നാല് ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിൽസയിലായിരുന്നു. പൂന്തുറ പോലിസ് വിട്ടയച്ചെങ്കിലും വീണ്ടും പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഭാര്യവീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

അതിനിടെ പോലിസുമായി സനോഫർ തർക്കത്തിലാവുകയും ഭാര്യ വീട്ടിൽ നിന്ന് വീണ്ടും പോലിസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സനോഫറിനെ ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചെന്നും അതില്‍ നിന്ന് രക്ഷപ്പെടാനാണ് വെളിയിലേക്ക് ചാടിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പോലിസ് മർദ്ദനമാണ് മരണകാരണമെന്നാരോപിച്ച് സനോഫറിന്റെ ഭാര്യ പോലിസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

Similar News