കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണം മൃദുഹിന്ദുത്വമെന്ന് യൂത്ത് ലീഗ് നേതാവ്
പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഹിന്ദുത്വ ഭീകരതയെ തുറന്നുകാട്ടി മതേതര പക്ഷത്ത് നില്‍ക്കേണ്ടതിനു പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ് താനുമൊരു ഹിന്ദുവാണെന്നു കാണിക്കാന്‍ വ്യഗ്രതപ്പെട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് ഫൈസല്‍ ബാബു പറഞ്ഞു
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വന്‍ തോല്‍വിക്കു കാരണം മൃദുഹിന്ദുത്വ നിലപാടാണെന്ന് യൂത്ത് ലീഗ് നേതാവ്. മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും അഭിഭാഷകനുമായ ഫൈസല്‍ ബാബുവാണ് കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ദോഹയില്‍ കെഎംസിസിയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഫൈസല്‍ ബാബുവിന്റെ വിമര്‍ശനം. കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഭോപ്പാലിലെ ദിഗ് വിജയ് സിങിന്റെ തോല്‍വിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒറിജിനല്‍, ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വ ബ്രാന്‍ഡുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജനം ഒറിജിനലായ പ്രജ്ഞാ സിങ് ഠാക്കൂറിനെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഹിന്ദുത്വ ഭീകരതയെ തുറന്നുകാട്ടി മതേതര പക്ഷത്ത് നില്‍ക്കേണ്ടതിനു പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ് താനുമൊരു ഹിന്ദുവാണെന്നു കാണിക്കാന്‍ വ്യഗ്രതപ്പെട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് ഫൈസല്‍ ബാബു പറഞ്ഞു. കംപ്യൂട്ടര്‍ സ്വാമിയെന്ന ഹിന്ദുത്വവാദിയെ പ്രചാരണചുമതല നല്‍കി. 10 വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയതെന്നും ഫൈസല്‍ ബാബു കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയായിരുന്നു അഡ്വ. ഫൈസല്‍ ബാബുവിന്റെ വിമര്‍ശനം.