അലിഗഡില്‍ 'വാക്‌സിന്‍ ജിഹാദ്' എന്ന് വിദ്വേഷപ്രചാരണം; ഉപയോഗിച്ചത് ഇക്വഡോറിലെ വീഡിയോ

ബിജെപി നേതാക്കളും ദേശീയമാധ്യമങ്ങളും കുപ്രചാരണം പങ്കുവച്ചു

Update: 2021-06-05 14:48 GMT

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ മുസ് ലിംകളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ 'തബ് ലീഗ് കൊറോണ'യെന്നും 'കൊറോണ ജിഹാദെ'ന്നും കുപ്രചാരണം നടത്തിയവര്‍ പുതിയ വിദ്വേഷപ്രചാരണവുമായി രംഗത്ത്. അലിഗഡില്‍ വാക്‌സിന്‍ കൂട്ടത്തോടെ പാഴാക്കുന്നുവെന്നും 'വാക്‌സിന്‍ ജിഹാദ്' ആണെന്നും ആക്ഷേപിച്ചാണ് ഹിന്ദുത്വരും ഏതാനും ദേശീയ മാധ്യമങ്ങളും രംഗത്തെത്തിയത്. എന്നാല്‍, വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ച വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും ഒന്ന് ഇക്വഡോറില്‍ നിന്നും മറ്റൊന്ന് മെക്‌സിക്കോയില്‍ നിന്നുമുള്ളതാണെന്ന് കണ്ടെത്തി. വിദേശരാജ്യത്തെ ഒരു ക്യാംപില്‍ വാക്‌സിന്‍ പാഴാക്കുന്ന സംഭവത്തിന്റെ വീഡിയോ ഉപയോഗിച്ചാണ് അലിഗഡില്‍ ആരോഗ്യ പ്രവര്‍ത്തകയായ നേഹാ ഖാനെതിരെ കൊവിഡ് വാക്‌സിന്‍ നിറച്ച സിറിഞ്ചുകള്‍ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞതിന് കേസെടുത്തതായി സീ ഹിന്ദുസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ ദൃശ്യംസഹിതം വാര്‍ത്ത നല്‍കിയത്. വാക്‌സിന്‍ ജിഹാദ് എന്ന കടുത്ത ആക്ഷേപമുന്നയിച്ചാണ് ചില ചാനലുകള്‍ സംഭവത്തെ വക്രീകരിച്ചത്. തുടര്‍ന്ന് ഫാക്റ്റ് ചെക്ക് വെബ്‌സൈറ്റായ ബൂംലൈവ് വീഡിയോയും ചിത്രങ്ങളും പരിശോധിച്ചപ്പോഴാണ് ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും ഇക്വഡോര്‍, മെക്‌സിക്കോ എന്നിവിടങ്ങളിലേതാണ് വീഡിയോയെന്നും കണ്ടെത്തിയത്.   

Full View

അലിഗഡിലെ ജമാല്‍പൂര്‍ പ്രൈമര്‍ ഹെല്‍ത്ത് സെന്ററിലെ ആക്‌സിലറി നഴ്‌സ് മിഡ് വൈഫ് നേഹാ ഖാനെതിരേ കൊവിഡ് വാക്‌സിന്‍ നിറച്ച 29 സിറിഞ്ചുകള്‍ ഉപേക്ഷിച്ചതിന് കേസെടുത്തെന്ന എഎന്‍ഐ വാര്‍ത്തയുടെ മറപിടിച്ചാണ് കുപ്രചാരണം നടത്തിയത്. സംഭവത്തില്‍ നേഹാ ഖാനും പിഎച്ച്‌സിയുടെ മെഡിക്കല്‍ ഓഫിസര്‍ അഫ്രീന്‍ സെഹ്‌റയ്ക്കുമെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നായിരുന്നു വാര്‍ത്തയില്‍ പറയുന്നത്. ഈ സംഭവമെന്ന പേരില്‍ മെയ് 30ന് സീ ഹിന്ദുസ്ഥാന്‍ സംഭവം റിപോര്‍ട്ട് ചെയ്യുകയും ഒരു ഹെല്‍ത്ത് കെയര്‍ സ്റ്റാഫ് രോഗിയുടെ കൈയില്‍ നിന്ന് ഒരു സിറിഞ്ച് പുറത്തെടുക്കുന്ന വീഡിയോ കാണിക്കുകയും ചെയ്തു. സീ ഹിന്ദുസ്ഥാന്റെ യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ ഹാന്‍ഡില്‍ എന്നിവയില്‍ ഹിന്ദിയില്‍ ഉള്‍പ്പെടെ ഇത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. 'തീവ്രവാദികളോട് നേരിട്ടുള്ള ചോദ്യം. വലിയ വെളിപ്പെടുത്തല്‍. ആരാണ് രാജ്യത്ത് വാക്‌സിന്‍ ജിഹാദ് ചെയ്യുന്നത്?' എന്നു പറഞ്ഞായിരുന്നു വാര്‍ത്താസംപ്രേക്ഷണം. പ്രസ്തുത വീഡിയോ നിരവധി പേര്‍ പങ്കുവയ്ക്കുകയും മിക്കതിനും വാക്‌സിന്‍ ജിഹാദ് എന്ന ഹാഷ് ടാഗ് നല്‍കുകയും ചെയ്തിരുന്നു.

ബിജെപിയുടെ രാജസ്ഥാന്‍ മുന്‍ വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചപ്പോള്‍

ബിജെപിയുടെ രാജസ്ഥാന്‍ മുന്‍ വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജ് ഒരുപടി കൂടി കടന്ന ഹിന്ദിയില്‍ അടിക്കുറിപ്പോടെ വീഡിയോ ട്വീറ്റ് ചെയ്തു. അവിടെ യോഗിയുടെ ഭരണമായതിനാല്‍ അവളെ അറസ്റ്റ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തുവെന്നും എന്താണ് ഇവരുടെ ഉദ്ദേശ്യമെന്നുമായിരുന്നു ചോദ്യം. സമാനമായ അടിക്കുറിപ്പോടെ ബിജെപി യുപി വക്താവ് മനീഷ് ശുക്ലയും ഹിന്ദിയില്‍ വീഡിയോ പങ്കിട്ടു. ഓപ്ഇന്ത്യ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ഓണ്‍ലൈനുകളും വീഡിയോയിലെ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് പച്ചക്കള്ളം ആവര്‍ത്തിച്ചു. നിരന്തരമായി മുസ് ലിം വിദ്വേഷ വാര്‍ത്തകള്‍ നല്‍കുന്ന സുദര്‍ശനം ന്യൂസും പ്രസ്തുത വീഡിയോ ഉപയോഗിച്ച് അലിഗഡിനെതിരേ വ്യാജപ്രചാരണം നടത്തിയിട്ടുണ്ട്. ഓപ് ഇന്ത്യ പിന്നീട് ക്ഷമ ചോദിക്കുകയായിരുന്നു. മെയ് 30 ന് സീ ഹിന്ദുസ്ഥാന്റെ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത 12.48 ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്ന ആരോഗ്യപ്രവര്‍ത്തക നേഹാ ഖാന്‍ ആണെന്ന് ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നുണ്ട്.

(ഇക്വഡോറില്‍ നടന്ന സംഭവത്തെ കുറിച്ചുള്ള വീഡിയോ സിഎന്‍എന്‍ എസ്പാനോളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍)

   ഗൂഗഌന്റെ റിവേഴ്‌സ് ഇമേജിന്റെ സഹായത്തോടെ രണ്ട് വീഡിയോകളും ബൂം പരിശോധിച്ചപ്പോഴാണ് വ്യാജ വീഡിയോ ആണെന്നു കണ്ടെത്തിയത്. 2021 ഏപ്രില്‍ 26ന് സിഎന്‍എന്‍ എസ്പാനോളില്‍ പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടില്‍ ഇതേ വീഡിയോ കണ്ടെത്തി. സംഭവം ഇക്വഡോറില്‍ നടന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയിലെ നഴ്‌സിനെ തിരിച്ചറിഞ്ഞതായും അന്വേഷണം ആരംഭിച്ചതായും ആരോഗ്യമന്ത്രി കാമിലോ സാലിനാസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇത്തരത്തില്‍ വ്യാജ വീഡിയോകള്‍ ഉപയോഗിച്ച് നേരത്തെയും മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണം നടത്തിയതിന് നിരവധി തവണ പല ചാനലുകളും നിയമനടപടികള്‍ക്ക് വിധേയമായിരുന്നു.

Zee Hindustan Falsely Links Ecuador Video To Aligarh Vaccine Wastage Case

Tags:    

Similar News