റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന ആരോപണവുമായി സെലൻസ്കി

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസം പിന്നിടുന്ന സമയത്തും തങ്ങള്‍ക്ക് അടിയന്തര സൈനിക സഹായം നല്‍കണമെന്ന് നാറ്റോയോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു

Update: 2022-03-24 16:37 GMT

കീവ്: റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി. വ്യാഴാഴ്ച രാവിലെ റഷ്യ യുക്രെയ്നില്‍ ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. ഒരു പൊടി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഇത് ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസം പിന്നിടുന്ന സമയത്തും തങ്ങള്‍ക്ക് അടിയന്തര സൈനിക സഹായം നല്‍കണമെന്ന് നാറ്റോയോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. 'ജനങ്ങളെയും നമ്മുടെ നഗരങ്ങളെയും രക്ഷിക്കാന്‍, യുക്രെയ്ന് നിയന്ത്രണങ്ങളില്ലാതെ സൈനിക സഹായം ആവശ്യമാണ്. അതുപോലെ റഷ്യ അവരുടെ മുഴുവന്‍ ആയുധശേഖരവും ഞങ്ങള്‍ക്കെതിരേ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുകയാണ്', അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ നാറ്റോ പ്രതിനിധികളോട് പറഞ്ഞു.

ഇതുവരെ നല്‍കിയ പ്രതിരോധ ഉപകരണങ്ങള്‍ക്ക് പാശ്ചാത്യ സൈനിക സഖ്യത്തിലെ അംഗങ്ങളോട് സെലെന്‍സ്‌കി നന്ദി പറയുകയും കൂടുതല്‍ ആയുധങ്ങള്‍ക്കായി അഭ്യർഥിക്കുകയും ചെയ്തു. 'നിങ്ങളുടെ വിമാനങ്ങളുടെ ഒരു ശതമാനം ഞങ്ങള്‍ക്ക് തരൂ, നിങ്ങളുടെ ടാങ്കുകളുടെ ഒരു ശതമാനം ഞങ്ങള്‍ക്ക് തരൂ. ഇന്ന് രാവിലെ യുക്രെയ്നിലെ തെരുവുകളില്‍ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചു. മുതിര്‍ന്നവരും കുട്ടികളും വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്', സെലെന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ തങ്ങള്‍ക്ക് ആവശ്യമായ എല്ലാ ആയുധങ്ങളും നല്‍കി യുക്രൈനിലെ ജനങ്ങളുടെ മരണം തടയാന്‍ നാറ്റോ സഖ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

Similar News