കടന്നുപോയത് പെണ്‍വര്‍ഷം
ഹാദിയ എന്ന സ്ത്രീക്ക് സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ച കൊല്ലമാണിത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണമുന്നയിച്ച് രംഗത്തുവന്ന കന്യാസ്ത്രീകളുടെ സമരത്തിന്റെ വിജയത്തിനും ഈ വര്‍ഷം സാക്ഷ്യംവഹിച്ചു.
രണ്ടായിരത്തി പതിനെട്ട് വിടപറയാനിരിക്കുന്നു. പുതിയൊരു സ്ത്രീവസന്തം പിറന്നു എന്നതാണ് ഇന്ത്യയില്‍ ഈ കൊല്ലത്തിന്റെ സവിശേഷത, വിശേഷിച്ചും കേരളത്തില്‍. 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രിംകോടതി വിധി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പുതിയൊരു അനുഭവലോകമാണ് തുറന്നുകൊടുത്തത്. സ്ത്രീത്വത്തിന്റെ ആഘോഷം എന്ന നിലയിലാണ് അത് ആവിഷ്‌കരിക്കപ്പെടുന്നത്. പുരുഷാധിപത്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ വെല്ലുവിളിക്കുന്നു.
ഹാദിയ എന്ന സ്ത്രീക്ക് സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ച കൊല്ലമാണിത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണമുന്നയിച്ച് രംഗത്തുവന്ന കന്യാസ്ത്രീകളുടെ സമരത്തിന്റെ വിജയത്തിനും ഈ വര്‍ഷം സാക്ഷ്യംവഹിച്ചു. ചലച്ചിത്രരംഗത്ത് നിലനില്‍ക്കുന്ന ആണ്‍കോയ്മയെ വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് വെല്ലുവിളിച്ചതും അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികള്‍ക്കു വേണ്ടി സമരം ചെയ്തു വിജയം കണ്ടെത്തിയ പി വിജിയെ ആഗോളതലത്തില്‍ തന്നെ ശക്തരായ നൂറു സ്ത്രീകളിലൊരാളായി ബിബിസി തിരഞ്ഞെടുത്തതും ഇക്കൊല്ലം തന്നെ. അവയെക്കാളെല്ലാം പ്രധാനമാണ് യുവതികള്‍ക്കും ശബരിമല കയറാമെന്ന സുപ്രിംകോടതി വിധി. മീ ടൂ കാംപയിനിലൂടെ പുരുഷന്‍മാര്‍ നടത്തുന്ന പീഡനങ്ങളെ തുറന്നുകാട്ടാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞു എന്നതും അഭിമാനകരമാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലുമുണ്ടായി.
അതേസമയം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ സീമാതീതമായി വര്‍ധിക്കുന്നു എന്നത് കാണാതിരിക്കാനാവുകയില്ല. വനിതാമതിലൊക്കെ വരാന്‍ പോവുന്നു. പക്ഷേ, അപ്പോഴും ശബരിമല കയറാന്‍ വന്ന മനിതി പ്രവര്‍ത്തകരായ സ്ത്രീകള്‍ ആട്ടിയോടിക്കപ്പെടുന്നു. പക്ഷേ ഒന്നുണ്ട്- സ്ത്രീകളാണ് കേരളത്തില്‍ നടപ്പുവര്‍ഷത്തില്‍ ആലോചനകളുടെ മര്‍മസ്ഥാനത്തു നിന്നത് എന്നു മറന്നുകൂടാ.