ആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ് വരുന്നു
ന്യൂഡല്‍ഹി: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐഒഎസ്സിനും ബദലായി ഇന്ത്യന്‍ നിര്‍മിത ഓപറേറ്റിങ് സിസ്റ്റം വരുന്നു. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഹാന്‍ഡ്‌സെറ്റുകള്‍ക്കായാണ് പുതിയ ഓപറേറ്റിങ് സിസ്റ്റമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ഇത്തരമൊരു ഓപറേറ്റിങ് സിസ്റ്റം കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു നയം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ഇലക്ട്രോണിക്‌സ്, ഐടി മേഖലയില്‍ ഡിസൈന്‍, ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓപറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്നത്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ ആധിപത്യവും ഹാര്‍ഡ്‌വെയറിലെ തുടര്‍ന്നുള്ള നിയന്ത്രണവും ചൂണ്ടിക്കാട്ടി, 'മൂന്നാമതൊന്ന് ഇല്ല' എന്ന് പരാമര്‍ശിച്ച മന്ത്രി, രാജ്യത്തിന്റെ ആവാസവ്യവസ്ഥയില്‍ 'ചില യഥാര്‍ഥ കഴിവുകള്‍' കണ്ടെത്തിയാല്‍, ആ മേഖല വികസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വളരെയധികം താല്‍പര്യമുണ്ടാവും എന്ന് വ്യക്തമാക്കി. ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറിലോ മൊബൈല്‍ ഉപകരണത്തിലോ ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു.
നിലവില്‍ മൊബൈല്‍ ഉപകരണ വിഭാഗത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ ആപ്പിളിന്റെ ഐഒഎസ് ഓപറേറ്റിങ് സിസ്റ്റവും പേഴ്‌സനല്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസുമാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇത്തരമൊരു ഒഎസ് ഉണ്ടാക്കിയാല്‍ അത് ഇന്ത്യയില്‍ മാത്രമാണോ ഉപയോഗിക്കുക എന്ന കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ ചോദ്യത്തിന്, തദ്ദേശീയമായുണ്ടാക്കുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ കയറ്റുമതി സാധ്യത രാജ്യം തടയാറില്ലെന്നാണ് മന്ത്രി ഉത്തരം നല്‍കിയത്.
കഴിഞ്ഞ ജനുവരിയിലും ഇന്ത്യന്‍ ഒഎസ് എന്ന ആശയം ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചിരുന്നു. പുതിയ ഓപറേറ്റിങ് സിസ്റ്റത്തിനായുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ധാരാളമായിരുന്നുവെങ്കിലും ഇന്ത്യന്‍ ലക്ഷ്യം ഇപ്പോഴും വളരെ അകലെയാണ്. ബ്ലാക്ക്‌ബെറി ഒഎസും സിംബിയനും പോലുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളുണ്ടായിരുന്നുവെങ്കിലും ഒരു പുതിയ ഒഎസ് സൃഷ്ടിച്ച് അത് പ്രവര്‍ത്തിപ്പിക്കുന്നതിന്, ഹാര്‍ഡ്‌വെയറിലേക്കും വ്യാപിക്കുന്ന വിപുലമായ ഒരു പ്ലാന്‍ ആവശ്യമാണ്. പ്രധാന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഇത് സ്വീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അത് വിജയകരമാവൂ.
എന്നാല്‍, ഓരോ പ്രമുഖ ഉല്‍പ്പന്ന വിഭാഗത്തിലും ആഭ്യന്തര ചാംപ്യന്‍മാരെ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരു പുതിയ ഓപറേറ്റിങ് സിസ്റ്റമാണ് ലക്ഷ്യം. ഹാര്‍ഡ്‌വെയര്‍ ഭാഗത്ത്, 2026 ഓടെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മാണം 300 ബില്യന്‍ ഡോളറിന്റെ (ഏകദേശം 22.5 ലക്ഷം കോടി രൂപ) മൂല്യത്തിലേക്ക് കൊണ്ടുവരാനാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്. വ്യവസായ സ്ഥാപനമായ ഐസിഇഎ തയ്യാറാക്കി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിന്റെ രണ്ടാം വാല്യത്തിലാണ് ഈ ലക്ഷ്യം സൂചിപ്പിച്ചിരിക്കുന്നത്.
അടുത്തിടെ, നിലവില്‍ 75 ബില്യന്‍ ഡോളറാണ് (ഏകദേശം അഞ്ചുലക്ഷം കോടി രൂപ) ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മാണം. രാജ്യത്തുനിന്നുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള റോഡ് മാപ്പും രേഖയില്‍ വിശദമാക്കുന്നു. ഇന്ത്യ നിലവില്‍ 15 ബില്യന്‍ ഡോളറിന്റെ അഥവാ ഒരുലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്‌സ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2026 ഓടെ ഇത് ഒമ്പത് മടങ്ങ് വര്‍ധിപ്പിച്ച് 120 ബില്യന്‍ ഡോളറായി (ഏകദേശം 9 ലക്ഷം കോടി രൂപ) ഉയര്‍ത്താനാണ് സര്‍ക്കാരും ഐസിഇഎയും ഇപ്പോള്‍ ലക്ഷ്യമിടുന്നത്- ചന്ദ്രശേഖര്‍ പറഞ്ഞു.