റഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്

Update: 2022-03-12 02:27 GMT

ഓക്ലാന്‍ഡ്: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്. യുക്രെയ്ന്‍ അധിനിവേശത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയന്ത്രണം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് യൂ ട്യൂബ് അറിയിച്ചു. റഷ്യന്‍ സ്റ്റേറ്റ് ഫണ്ടഡ് മീഡിയാ ചാനലുകളായ ആര്‍ടി, സ്പുട്‌നിക് എന്നിവയുള്‍പ്പെടെയുള്ള ചാനലുകള്‍ക്കാണ് നിയന്ത്രണം ബാധകമാവുന്നത്.

ആര്‍ടിയുടെ പ്രധാന യൂ ട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലേറെയും സ്പുട്‌നിക്കിന് ഏകദേശം 3.20 ലക്ഷത്തോളവും സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. നിയന്ത്രണ നടപടികള്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും യൂ ട്യൂബ് അറിയിച്ചു. നേരത്തെ റഷ്യന്‍ സര്‍ക്കാരിന്റെ യൂ ട്യൂബ് ചാനലുകളില്‍ നിന്നുള്ള പരസ്യധനസമ്പാദനവും യൂ ട്യൂബ് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യൂറോപ്പിലെ ഉപയോക്താക്കള്‍ക്ക് മാത്രം കഴിഞ്ഞ ആഴ്ച യൂ ട്യൂബ് റഷ്യന്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതാണിപ്പോള്‍ ആഗോളവ്യാപകമാക്കിയത്.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂ ട്യൂബിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചാനലുകള്‍ നിഷേധിക്കുകയും നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. നയം ലംഘിക്കുന്ന യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ചുള്ള ഉള്ളടക്കം ഞങ്ങള്‍ നീക്കം ചെയ്യുന്നു- യൂ ട്യൂബ് പറഞ്ഞു. റഷ്യയിലെ ഔട്ട്‌ലെറ്റുകള്‍ തടഞ്ഞത് ആ നയത്തിന് അനുസൃതമാണെന്ന് യൂ ട്യൂബ് വക്താവ് ഫര്‍ഷാദ് ഷാദ്‌ലൂ പറഞ്ഞു. ആഗോളതലത്തില്‍ ഏതൊക്കെ, എത്ര ചാനലുകള്‍ ബ്ലോക്ക് ചെയ്തുവെന്നോ അവ എപ്പോഴെങ്കിലും പുനസ്ഥാപിക്കുമോയെന്നോ യൂ ട്യൂബ് വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News