വെള്ളിയാഴ്ച മുതല്‍ പലചരക്ക് സാധനങ്ങള്‍ സൊമാറ്റോയിലൂടെ ലഭിക്കില്ല; കാരണം ഇതാണ്..

ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നത് ഉപഭോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്.

Update: 2021-09-13 03:07 GMT

ന്യൂഡല്‍ഹി: പലചരക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്ന സേവനം അവസാനിപ്പിക്കാന്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ തീരുമാനിച്ചു. സപ്തംബര്‍ 17 മുതല്‍ ഈ സേവനം ലഭ്യമാവില്ലെന്ന് കമ്പനി അറിയിച്ചു. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നത് ഉപഭോക്താക്കള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇതിലൂടെ പാര്‍ട്ണര്‍മാര്‍ക്ക് വലിയ തോതിലുള്ള വളര്‍ച്ച സാധ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് കമ്പനി നടത്തിവരുന്നത്.

എന്നാല്‍, പലചരക്ക് സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട മോഡല്‍ മികച്ചതല്ല എന്നാണ് അനുഭവം വ്യക്തമാക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സപ്തംബര്‍ 17 മുതല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയ സേവനം നിര്‍ത്തുന്നതായി പാര്‍ട്ണര്‍മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കുന്നു. പലചരക്ക് കടകളിലെ സ്റ്റോക്കുകളുടെ അളവ് എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇതുമൂലം ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങള്‍ കൃത്യസമയത്ത് വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഇത് ഉപഭോക്താക്കളില്‍ അതൃപ്തി സൃഷ്ടിക്കുന്നതായും ഇ- മെയില്‍ സന്ദേശത്തില്‍ പറയുന്നു.

അതേസമയം, 15 മിനിറ്റിനുള്ളില്‍ ഡെലിവറി വാഗ്ദാനം നല്‍കുന്ന എക്‌സ്പ്രസ് ഡെലിവറി മോഡല്‍ ഉപഭോക്താക്കളെ വളരെയധികം ആകര്‍ഷിക്കുകയും അതിവേഗം വികസിക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി ഇ- മെയിലില്‍ പറഞ്ഞു. 'ഞങ്ങളുടെ പലചരക്ക് പൈലറ്റ് പദ്ധതി അവസാനിപ്പിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മറ്റേതെങ്കിലും പലചരക്ക് ഡെലിവറി നടത്താന്‍ പദ്ധതിയില്ല- സൊമാറ്റോ വക്താവ് പ്രതികരിച്ചു.

പലചരക്ക് ഡെലിവറി പ്ലാറ്റ്‌ഫോമായ ഗ്രോഫേഴ്‌സില്‍ ചെറുകിട ഓഹരി സ്വന്തമാക്കുന്നതിന് 100 ദശലക്ഷം ഡോളര്‍ (ഏകദേശം 745 കോടി രൂപ) നിക്ഷേപിച്ചതായി നേരത്തെ സൊമാറ്റോ പറഞ്ഞിരുന്നു. പലചരക്ക് ഡെലിവറി വലിയ ഒരു അവസരമാണ്. ഓണ്‍ലൈന്‍ പലചരക്ക് ഇപ്പോള്‍ പുതിയതാണ്. പക്ഷേ, ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും അതിവേഗം വളരുകയാണ്- ജൂലൈയില്‍ സൊമാറ്റോ സിഎഫ്ഒ അക്ഷന്ത് ഗോയല്‍ പറഞ്ഞത് ഇങ്ങനെയാണ്.

Tags:    

Similar News