കറന്റ് പോയാല്‍ ആശങ്ക വേണ്ട; ബാറ്ററി ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം
പ്രളയഭീതിയിലായ പല പ്രദേശങ്ങളിലും രണ്ടുമൂന്ന് ദിവസങ്ങളായി വൈദ്യുതി വിഛേദിക്കപ്പെട്ട അവസ്ഥയാണ്. ഉരുള്‍പൊട്ടലും മറ്റ് ദുരന്തങ്ങളുമുണ്ടായ സ്ഥലങ്ങളില്‍ മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതിനാല്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഇത്തരം സാഹചര്യത്തില്‍ വൈദ്യുതി ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ബാറ്ററി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്ന വിധം താഴെ കൊടുത്തിരിക്കുന്നു
1. കയ്യില്‍ ഉള്ള യുഎസ്ബി കേബിളിന്റെ ചാര്‍ജറില്‍ കുത്തുന്ന പിന്‍ ഭാഗം കട്ട് ചെയ്ത് കളഞ്ഞ ശേഷം വയറിന്റെ ഇന്‍സുലേഷന്‍ മാറ്റുക. ടൂള്‍സ് ലഭ്യമല്ലെങ്കില്‍ പല്ലു കൊണ്ടു കടിച്ചുകീറാവുന്നതാണ്.
2. ഇന്‍സുലേഷന്‍ മാറ്റിയാല്‍ ചിത്രത്തില്‍ കാണുന്നതുപോലെ നാലു ചെറിയ വയറുകള്‍ ഉണ്ടാകും.
3. അതിലെ ചുവപ്പും കറുപ്പും വയര്‍ എടുത്തു അതിന്റെ മുകളില്‍ ഉള്ള പ്‌ളാസ്റ്റിക് ആവരണം കളയുക.
4. റിമോട്ടില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മൂന്ന് ബാറ്ററികള്‍ എടുക്കു. ടിവി റിമോട്ടിലെയോ ക്ലോക്കിലെയോ ഒക്കെ ബാറ്ററികള്‍ ഇതിനായി ഉപയോഗിക്കാം.
5. ബാറ്ററിയുടെ പോസിറ്റീവ് ഭാഗം(കൂര്‍ത്ത ഭാഗം) അടുത്ത ബാറ്ററിയുടെ നെഗറ്റീവ് ഭാഗത്തില്‍(പരന്ന ഭാഗം) മുട്ടുന്ന വിധത്തില്‍ ഒന്നിന് പുറകെ ഒന്നു വച്ചു മൂന്ന് ബാറ്ററിയും ഒരു പേപ്പറില്‍ ചുരുട്ടി എടുക്കുക. ഇപ്പോള്‍ അതൊരു വടി പോലെ ഉണ്ടാകും.
6. അതിന്റെ പോസിറ്റീവ് ഭാഗത്തു ചുവന്ന വയറും നെഗറ്റീവ് ഭാഗത്തു കറുത്ത വയറും മുട്ടിച്ചുവെക്കുക.
7. ഇപ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്തു തുടങ്ങുന്നത് കാണാം
8. ഇങ്ങനെ പത്തു മിനിറ്റ് പിടിച്ചാല്‍ തന്നെ 20 ശതമാനം ചാര്‍ജ് മൊബൈലില്‍ കയറും.
9. നാലു ദിവസം വരെ മൊബൈല്‍ ഇങ്ങനെ ചാര്‍ജ് ചെയ്യാം.