മൊബൈലും ലാപ്‌ടോപ്പും ഒരാഴ്ച ബാറ്ററി ചാര്‍ജ് ചെയ്യേണ്ട; പുതിയ ബാറ്ററി വരുന്നു

നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററികളേക്കാള്‍ എട്ട് മടങ്ങ് ചാര്‍ജ് നില്‍ക്കുന്ന ഫ്‌ളൂറൈഡ് ബാറ്ററികള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകര്‍. കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലേയും (ജെ.പി.എല്‍.) ഗവേഷകരാണ് ഫ്‌ളൂറൈഡ് ഉപയോഗിച്ചുള്ള റീച്ചാര്‍ജബിള്‍ ബാറ്ററി വികസിപ്പിച്ചത്.

Update: 2018-12-25 18:03 GMT

നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററികളേക്കാള്‍ എട്ട് മടങ്ങ് ചാര്‍ജ് നില്‍ക്കുന്ന ഫ്‌ളൂറൈഡ് ബാറ്ററികള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകര്‍. കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലേയും (ജെ.പി.എല്‍.) ഗവേഷകരാണ് ഫ്‌ളൂറൈഡ് ഉപയോഗിച്ചുള്ള റീച്ചാര്‍ജബിള്‍ ബാറ്ററി വികസിപ്പിച്ചത്. സയന്‍സ് ജേണലിലാണ് ലിതിയം അയേണ്‍ ബാറ്ററിയ്ക്ക് പകരം വെക്കാവുന്ന പുതിയ ആശയത്തെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫ്‌ളൂറൈഡ് ബാറ്ററികള്‍ക്ക് കൂടുതല്‍ ഊര്‍ജം ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും. നിലവിലുള്ള ബാറ്ററികളേക്കാല്‍ എട്ട് മടങ്ങ് ഊര്‍ജ സംഭരണ ശേഷി അവയ്ക്കുണ്ടെന്നും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ റോബര്‍ട്ട് ഗ്രബ്‌സ് പറഞ്ഞു. എന്നാല്‍ എളുപ്പം ദ്രവിക്കുന്നതും പ്രതിപ്രവര്‍ത്തനം നടത്തുന്നതുമായതിനാല്‍ ഫളൂറൈഡിന്റെ ഉപയോഗം വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

1970കളില്‍ ഫ്‌ളൂറൈഡ് ബാറ്ററികള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അന്ന് നിര്‍മിക്കപ്പെട്ട ബാറ്ററികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഉയര്‍ന്ന താപനില ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ദൈനം ദിന ജീവിതത്തില്‍ അത്തരം ബാറ്ററികള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ ഫ്‌ളൂറൈഡ് ബാറ്ററികള്‍ക്ക് സാധാരണ അന്തരീക്ഷ താപനിലയില്‍ എളുപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവയാണ്.

ലിതിയം അയേണ്‍ ബാറ്ററികളില്‍ സാധാരണമായ ചൂടാവുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഫ്‌ളൂറൈഡ് അയേണ്‍ ബാറ്ററികളില്‍ ഉണ്ടാവില്ലെന്നും ഫ്‌ളൂറൈഡ് ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ താരതമ്യേന കുറഞ്ഞ പാരിസ്ഥിതിക ആഘാതം ഉള്ളവയാണെന്നും ഹോണ്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകനായ ക്രിസ്റ്റഫര്‍ ബ്രൂക്‌സ് പറഞ്ഞു. അതായത് തീപിടിക്കുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഫ്‌ളൂറൈഡ് അയേണ്‍ ബാറ്ററികള്‍ക്കുണ്ടാവില്ല.

ഫ്‌ളൂറൈഡ് ബാറ്ററികള്‍ ഇപ്പോഴും നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിലാണ്. അതിന് ഏറെ കടമ്പകളും വെല്ലുവിളികളും ഉണ്ട്. അതുകൊണ്ടുതന്നെ ഫ്‌ളൂറൈഡ് ബാറ്ററികള്‍ യാഥാര്‍ത്ഥ്യമാവുകയും വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തുകയും ചെയ്യണമെങ്കില്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടതുണ്ട്.


Tags:    

Similar News