ഇലക്ട്രിക് ചൂല്‍ വികസിപ്പിച്ച് തൃശൂർ സ്വദേശി ഷാജഹാന്‍
12 വോള്‍ട്ട് റീചാര്‍ജ്ജബിള്‍ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ചൂല്‍ വളരെയെളുപ്പം ഉപയോഗിക്കാവുന്നതും ഭാരക്കുറവുള്ളതുമാണ്.
തൃശൂർ: ഇലക്ട്രിക് ചൂല്‍ വിദ്യ വികസിപ്പിച്ച് പുത്തന്‍ചിറ സ്വദേശി മരക്കാപ്പറമ്പില്‍ എം എ ഷാജഹാന്‍. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ്ങുകൾ കോർത്തിണക്കിക്കൊണ്ടാണ് ഈ ചൂലിന്റെ പിറവി. എഞ്ചിനീയറിങ് മേഖലയിലെ പ്രാവീണ്യമാണ് ഷാജഹാനെ ഈ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
ഇലക്ട്രോ മെക്കാനിക്കൽ ഡിവൈസായ ഈ ഇലക്ട്രിക് ബ്രൂം നിര്‍മ്മാണം അത്ര എളുപ്പമല്ലെന്ന് ഷാജഹാന്‍ പറയുന്നു. ഈ ഇലക്ട്രിക്ക് ചൂലിന്‍റെ നിർമ്മാണത്തിന് കടമ്പകളേറെയായിരുന്നു. തൂത്തുവാരുന്ന ബ്രഷിന്റെ വേഗത ഒരു പ്രധാന ഘടകമാണ്. അതിന്റെ ആവൃത്തി നിശ്ചിത വേഗതയിൽ നിന്നും കുറയുവാനോ കൂടുവാനോ പാടില്ല. ഇരുവശത്തേക്കും തിരിയുന്ന വിധമാണതിന്റെ നിർമ്മിതി.
ബ്രഷിന്റെ ഉറപ്പും അതോടൊപ്പം ഫ്ലക്സിബിലിറ്റിയും ദീർഘനാൾ നീണ്ടു നിൽക്കുന്നവയുമായിരിക്കണം. അതിനാൽ നൈലോൺ ബ്രഷാണ് ഉപയോഗിച്ചിരിക്കുന്നത്. ദീർഘകാല ഉപയോഗം മൂലം ബ്രഷുകൾക്ക് തേയ്മാനം സംഭവിച്ചാൽ പുതിയ ബ്രഷ് വളരെയെളുപ്പം മാറ്റി വെക്കാവുന്ന വിധമാണ് നിർമിച്ചിരിക്കുന്നത്.
12 വോള്‍ട്ട് റീചാര്‍ജ്ജബിള്‍ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ചൂല്‍ വളരെയെളുപ്പം ഉപയോഗിക്കാവുന്നതും ഭാരക്കുറവുള്ളതുമാണ്. വളരെ ചെറിയ വൈദ്യുതിയിൽ പ്രവർത്തിക്കാനും സാധിക്കും. കുനിഞ്ഞു നില്‍ക്കാതെ മുറ്റം അടിക്കാമെന്നത് ഇതിന്‍റെ പ്രധാന നേട്ടമാണ്. നട്ടെല്ലുവേദന, ശരീരവേദന എന്നിവയുള്ളവര്‍ക്ക് ഇത് വളരെ സഹായകമാണ്. കുനിഞ്ഞ് മുറ്റമടിക്കുമ്പോൾ വമിക്കുന്ന പൊടിയും ഗന്ധവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുമെല്ലാം ഇത് ആശ്വാസകരമാണ്.
അരയിൽ ബെൽറ്റിൽ തൂക്കിയിടാവുന്ന വിധമാണ് ചെറിയ ബാറ്ററിയുടെ സ്ഥാനം എന്നതിനാൽ കൈയ്യിൽ പിടിക്കുന്ന യൂനിറ്റിന് ഒരു കിലോഗ്രാം മാത്രമേ ഭാരമുള്ളു. തുരുമ്പുപിടിക്കുന്ന ഭാഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. അതിനാൽ നനഞ്ഞ പ്രതലത്തിൽ ഉപയോഗിച്ചാലും തുരുമ്പെടുക്കില്ല. വളരെ ചെറിയ 12 V. 3.5 Ah ബാറ്ററിയിൽപോലും ഒരു മണിക്കൂറിലേറെ സമയം പ്രവർത്തിക്കും.
ഇതിന്റെ പ്രവർത്തനം കണ്ടവരെല്ലാം പേറ്റന്റ് എടുക്കണമെന്ന് അഭിപ്രായം പറഞ്ഞതിനാൽ അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഏതെങ്കിലും സ്റ്റാര്‍ട്ടപ്പുകൾക്കോ എഞ്ചിനീയറിങ് സ്ഥാപനങ്ങൾക്കോ പേറ്റന്റുസഹിതം ടെക്നോളജി നൽകുവാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. 4000 രൂപയിൽ താഴെ മാത്രമാണ് ഈ ഉപകരണത്തിന് വില വരുന്നത്. ബാറ്ററിയുടെയും ചാർജ്ജറിന്റേയും വില പുറമെ വരും.