കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതി കാത്ത് ഇന്ത്യയും
ന്യൂഡല്‍ഹി: ഉപഗ്രഹങ്ങളുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ വരവും കാത്തിരിക്കുകയാണ് ഇന്ത്യയും. വീടിനു മുകളില്‍ വയ്ക്കാവുന്ന ഡിഷ് ആന്റിനയിലൂടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമോ എന്നതാണ് ഇനി അറിയാനുള്ളത്. സ്റ്റാര്‍ലിങ്ക് പദ്ധതിക്കായി രാജ്യത്ത് മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 5,000ലധികം പേരാണ്. 2022 അവസാനത്തോടെ രാജ്യത്ത് രണ്ടുലക്ഷം കണക്ഷനുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ പ്രതീക്ഷ.
ലോകമാകെ പ്രീ-ബുക്കിങ് അഞ്ചുലക്ഷം കടന്നു. ഒരുലക്ഷം കണക്ഷനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ലിങ്കിന് പുറമേ ആമസോണിന്റെ കിയ്പര്‍, എയര്‍ടെല്‍ ഭാഗമായ വണ്‍വെബ് എന്നിവയും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. എയര്‍ടെല്ലിന് പങ്കാളിത്തമുള്ള വണ്‍വെബ് ഇന്ത്യയിലെ പദ്ധതികള്‍ പ്രഖ്യാപിച്ചത് അടുത്താണ്.
ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്‌സുമായി ചേര്‍ന്ന് ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്നാണ് വണ്‍വെബ്ബിന്റെ പ്രഖ്യാപനം. 2022ല്‍ വണ്‍വെബ് സജ്ജമാവും. ഇതില്‍ സ്റ്റാര്‍ലിങ്കും ആമസോണും കേന്ദ്രസര്‍ക്കാരുമായി അനൗദ്യോഗിക ആശയവിനിമയം നടത്തിയതായാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, ഔദ്യോഗികമായ അപേക്ഷ ഇതുവരെ നല്‍കിയിട്ടില്ലെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ ഡയറക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ സഞ്ജയ് ഭാര്‍ഗവ പറഞ്ഞു.
ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് രണ്ടുലക്ഷം കണക്ഷനുകള്‍
രണ്ടുലക്ഷം കണക്ഷനുകളാണ് ലക്ഷ്യമിടുന്നതെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചില്ലെങ്കില്‍ പദ്ധതി നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവയ്ക്ക് നിലവിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടേതുപോലെ സ്‌പെക്ട്രം ലേലം തുടങ്ങിയ നടപടികള്‍ വേണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍, സാറ്റലൈറ്റ് സ്‌പെക്ട്രത്തിന് ലോകത്തൊരിടത്തും ലേലമില്ലെന്നാണ് ഈ മേഖലയിലെ കമ്പനികളുടെ മറുപടി. നിലവില്‍ സ്റ്റാര്‍ലിങ്കിന്റെ പ്രീ-ബുക്കിങ് ഇന്ത്യയിലും നടക്കുന്നുണ്ട്.
99 ഡോളറാണ് (7,350 രൂപ) നിരക്ക്. സ്റ്റാര്‍ലിങ്കിന്റെ മൊബൈല്‍ ആപ്പ് വഴി നിങ്ങളുടെ സ്ഥലത്ത് കണക്ടിവിറ്റിയുണ്ടോയെന്ന് പരിശോധിക്കാം. കൂടുതല്‍ പ്രീ-ബുക്കിങ് വന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ അത്രയും എളുപ്പമാവുമെന്നും സഞ്ജയ് ഭാര്‍ഗവ പറഞ്ഞു. രാജ്യമാകെ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൈലറ്റ് പദ്ധതിയായി നിശ്ചിത സ്ഥലങ്ങളില്‍ മാത്രം ആരംഭിക്കാനാണ് ആലോചന. സെമി-കണ്ടക്ടര്‍ ക്ഷാമം സ്റ്റാര്‍ലിങ്ക് കിറ്റ് നിര്‍മിക്കുന്ന വേഗത്തെ ബാധിച്ചിട്ടുണ്ട്. റോക്കറ്റില്‍ ഉപയോഗിക്കുന്ന ദ്രവീകൃത രൂപത്തിലുള്ള ഓക്‌സിജന്റെ ദൗര്‍ലഭ്യമുള്ളതുകൊണ്ട് കൂടുതല്‍ ഉപഗ്രഹങ്ങള്‍ പദ്ധതിക്കായി അയയ്ക്കുന്നതിലും പരിമിതി നേരിടുന്നുണ്ടെന്ന് സഞ്ജയ് പറഞ്ഞു.
എന്താണ് സ്റ്റാര്‍ലിങ്ക് പദ്ധതി ?
ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങളാണ് പദ്ധതിക്കായി വിന്യസിക്കുന്നത്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിന് സമാനമായി കേബിള്‍ വലിച്ചുള്ള ഇന്റര്‍നെറ്റിനു പകരം കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. കേബിള്‍ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സെക്കന്‍ഡില്‍ 50 എംബി മുതല്‍ 150 എംബി വരെ സ്പീഡ് പരീക്ഷണ വേര്‍ഷനായ ബീറ്റയില്‍ ലഭിക്കുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ അവകാശവാദം. കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും. 648 ഉപഗ്രഹങ്ങളാണ് വണ്‍വെബ്ബിന്റെ ആദ്യഘട്ടത്തിലുണ്ടാവുക.
സ്റ്റാര്‍ലിങ്ക് നിലവില്‍ 1600 ഉപഗ്രങ്ങള്‍ വിന്യസിച്ചുകഴിഞ്ഞു. സപ്തംബര്‍ മൂന്നിനാണ് സ്‌പേസ് എക്‌സ് അതിന്റെ പന്ത്രണ്ടാമത്തെ സ്റ്റാര്‍ലിങ്ക് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ 60 ഉപഗ്രഹങ്ങള്‍ കൂടി ഈ ദൗത്യം ചേര്‍ത്തു. വിക്ഷേപണ വേളയില്‍, ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ 100Mbps വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചുവെന്ന് സ്‌പേസ് എക്‌സ് അവകാശപ്പെട്ടു. സ്റ്റാര്‍ലിങ്കിനൊപ്പം, സ്‌പേസ് എക്‌സ് 12000 ഉപഗ്രഹങ്ങളെ ഭൂമിയുടെ ചുറ്റുമുള്ള താഴത്തെ ഭ്രമണപഥങ്ങളിലേക്ക് വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു, ഇത് ബ്രോഡ്ബാന്‍ഡ് കവറേജ് നല്‍കും. സ്‌പെയ്‌സ് എക്‌സിന്റെ അഭിപ്രായത്തില്‍, നെറ്റ് ലഭിക്കാത്ത സ്ഥലങ്ങളിലും ന്യായമായ വില പോയിന്റിലും അതിവേഗ ഇന്റര്‍നെറ്റ് നല്‍കുകയാണ് ലക്ഷ്യം.
പദ്ധതി തുടങ്ങും മുമ്പേ എതിര്‍പ്പുകള്‍
സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനു മുമ്പുതന്നെ എതിര്‍പ്പുകളുയരുന്നത് വെല്ലുവിളി ഉയര്‍ത്തുന്നു. പ്രീ-ബുക്കിങ് നടത്തി ജനങ്ങളില്‍നിന്ന് പണമീടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതര സംഘടനയായ ടെലികോം വാച്ച്‌ഡോഗ് ആണ് ടെലികോം സെക്രട്ടറിക്ക് പരാതി നല്‍കിയത്. കമ്പനിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അനുമതിക്കുള്ള അപേക്ഷ പോലും സ്റ്റാര്‍ലിങ്ക് നല്‍കിയിട്ടില്ല. എന്നിട്ടും ഒരു വിദേശ കമ്പനി പണം പിരിക്കുന്നത് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നെന്നാണ് ആക്ഷേപം.
ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളുടെ സംഘടനയായ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറവും സ്‌പേസ് എക്‌സ് നീക്കത്തിനെതിരേ ടെലികോം റെഗുലേറ്ററി അതോറിറ്റി, ഐഎസ്ആര്‍ഒ എന്നിവയ്ക്ക് കത്തെഴുതിയിട്ടുണ്ട്. രാജ്യത്ത് ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ സ്‌പേസ് എക്‌സിന് അനുമതിയില്ലെന്നായിരുന്നു വാദം. സ്റ്റാര്‍ ലിങ്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഉപഗ്രഹ ഫ്രീക്വന്‍സിക്ക് അംഗീകാരം ലഭിച്ചില്ലെന്നും ബ്രോഡ്ബാന്‍ഡ് ഫോറം ചൂണ്ടിക്കാട്ടിയിരുന്നു.