ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായോ ? 10 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പണം വീണ്ടെടുക്കാം.... അറിയേണ്ടതെല്ലാം
കഴിഞ്ഞവര്‍ഷം മാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായതെന്നാണ് 2021 ഏപ്രിലില്‍ സുരക്ഷാ ഗവേഷണ സ്ഥാപനമായ നോര്‍ട്ടണ്‍ ലൈഫ്‌ലോക്ക് പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അനേകം പേര്‍ക്കാണ് പണം നഷ്ടമായത്. ബാങ്കുകളുടെ സമയം ക്രമീകരിച്ചതും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് മാറിയതുമാണ് തട്ടിപ്പുകാര്‍ക്ക് സഹായകമായത്. കഴിഞ്ഞവര്‍ഷം മാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായതെന്നാണ് 2021 ഏപ്രിലില്‍ സുരക്ഷാ ഗവേഷണ സ്ഥാപനമായ നോര്‍ട്ടണ്‍ ലൈഫ്‌ലോക്ക് പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നത്.
എസ്എംസ്, എടിഎം, കെവൈസി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് നിരവധി പേരില്‍നിന്നാണ് തട്ടിപ്പുകാര്‍ ലക്ഷങ്ങള്‍ കവര്‍ന്നത്. ബാങ്കുകളില്‍നിന്ന് വിളിക്കുന്നതായി ഇടപാടുകാരെ വിശ്വസിപ്പിച്ചശേഷം വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും അങ്ങനെ മൊബൈലില്‍ വരുന്ന ഒടിപി കൈക്കലാക്കി പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. പണം നഷ്ടമായതറിഞ്ഞ് ഇവരുടെ മൊബൈല്‍ നമ്പരുകളിലേക്ക് തിരിച്ചുവിളിച്ചാലും അത് നിലവിലുണ്ടാവില്ലെന്ന മറുപടിയാണ് ലഭിക്കുക.
വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ചും ലോണ്‍ ആപ്പുകള്‍ വഴിയും വന്‍തോതില്‍ പണം തട്ടിയെടുത്തു. ഇത്തരം തട്ടിപ്പുകളില്‍ ഇരയായവര്‍ക്ക് പണം തിരിച്ചുകിട്ടാന്‍ അര്‍ഹതയുണ്ടെന്ന വസ്തുതയെക്കുറിച്ച് പലരും അജ്ഞരാണ്. എന്നാല്‍, ചില ലളിതമായ കാര്യങ്ങള്‍ ചെയ്താല്‍ ഒരാള്‍ക്ക് നഷ്ടമായ മുഴുവന്‍ തുകയും തിരികെ ലഭിക്കും. അനിധികൃത ഇടപാടുകള്‍മൂലം നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ ബാങ്കിനെ സമീപിക്കാനാണ് ആര്‍ബിഐയുടെ നിര്‍ദേശം.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എങ്ങനെയാണ് നടക്കുന്നത് ?
ഒരു വ്യക്തിയുടെ പാസ്‌വേഡ്, വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവിവരങ്ങള്‍ ആദ്യം ഹാക്കര്‍മാര്‍ക്ക് കൈക്കലാക്കും. പിന്നെ അവര്‍ക്ക് ബന്ധപ്പെട്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയുന്നു. സൈബര്‍ തട്ടിപ്പിന് ഇരയാവുകയെന്നത് വിനാശകരമായ കാര്യമാണ്. കാരണം രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും എത്ര തുക വേണമെങ്കിലും ഇവര്‍ക്ക് പിന്‍വലിക്കാം. നിയമവിരുദ്ധവും അനധികൃതവുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ ഏത് തരത്തിലുള്ള ഇടപാടും ഓണ്‍ലൈന്‍ തട്ടിപ്പ്, സൈബര്‍ തട്ടിപ്പ് അല്ലെങ്കില്‍ ഡിജിറ്റല്‍ തട്ടിപ്പ് എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.
അത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുമ്പോള്‍ പലരും നിശബ്ദത പാലിക്കുകയാണ് ചെയ്യാറുള്ളത്. മറ്റുള്ളവരുടെ കൈയില്‍നിന്ന് പണം തിരികെ ലഭിക്കില്ലെന്നും ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കരുതി വിലപിക്കുകയാണ് അവര്‍. എന്നാല്‍, ഒരാള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് എല്ലാവരും അറിയുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഏതെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. തട്ടിപ്പിന് ഇരയായവര്‍ ഉടന്‍ ബാങ്കിനെ വിവരമറിയിച്ചാല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാവും.
നഷ്ടപ്പെട്ട പണം എങ്ങനെ തിരികെ ലഭിക്കും ?
മിക്കവാറും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടമാവുന്നതില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിവരുന്നുണ്ട്. ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുന്നതിന് പണം നഷ്ടമായാല്‍ ഉടന്‍ ബാങ്കിനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ബാങ്കുകള്‍ ഇന്‍ഷുറന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട് വഞ്ചനയെക്കുറിച്ച് അറിയിക്കുകയും പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
10 പ്രവൃത്തി ദിവസത്തിനകം ബാങ്ക് നഷ്ടപ്പെട്ട പണം ഉപഭോക്താവിന് കൈമാറും. നഷ്ടപ്പെട്ട പണത്തിന് ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളുമാണ് നഷ്ടപരിഹാരം നല്‍കുന്നത്. അനധികൃത ഇടപാടുകള്‍ നടന്നാല്‍ മൂന്ന് ദിവസത്തിനകം ബാങ്കിനെ വിരവരമറിയിക്കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ 25,000 രൂപ വരെ നഷ്ടം ഉപഭോക്താവിന് ഉണ്ടായേക്കാം.