ഇടവേളയ്ക്കുശേഷം ക്ലബ് പൂരം വീണ്ടും

Update: 2018-09-14 09:11 GMT
ലണ്ടന്‍: യുവേഫ നാഷന്‍സ് ലീഗിന് ഇനി താല്‍ക്കാലിക ഇടവേള. അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിനും വിട. ഇനി ലോക ഫുട്‌ബോള്‍ ആരാധകരുടെ കണ്ണുകള്‍ ലീഗ് മാമാങ്കത്തിലേക്ക് തിരിയും. ഒരു മാസം മുമ്പ് അരങ്ങേറിയ പുതിയ ക്ലബ് ഫുട്‌ബോളിന്റെ ആവേശങ്ങള്‍ വീണ്ടും വിളമ്പാന്‍ അവര്‍ തയ്യാറെടുത്തിരിക്കുന്നു. ഓരോ ക്ലബ് ടൂര്‍ണമെന്റുകളും പാതി വഴി പിന്നിട്ടില്ലെന്നതിനാല്‍ ഇത്തവണ കിരീടം ആര്‍ക്കാണെന്ന് പ്രഖ്യാപിക്കാന്‍ നന്നേ ബുദ്ധിമുട്ടും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലാലിഗയുമാണ് ഇത്തവണയും ഫുട്‌ബോള്‍ പ്രേമികളുടെ ചര്‍ച്ചയില്‍ കൂടുതലായും ഇടം പിടിക്കുന്നത്. മറ്റ് ലീഗ് ടൂര്‍ണമെന്റുകളും തീരെ മോശമാക്കിയില്ല. വിജയം മാത്രം കൈമുതലാക്കി മുന്നോട്ടു കുതിക്കുന്ന പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഫ്രഞ്ച് ലീഗിലും ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ്‌ലിഗയിലും കിരീടം വീണ്ടും ചൂടാമെന്ന മോഹേേത്താടെയാണ് വീണ്ടും കളത്തിലിറങ്ങുന്നത്.


യുനൈറ്റഡിന് ഇതെന്തു പറ്റി?
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മല്‍സരങ്ങള്‍ക്ക് മുന്നോടിയായി സൂപ്പര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൊറീഞ്ഞോ ടീമിന്റെ ആശങ്ക ലോകത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി പരിചയസമ്പന്നനായ കോച്ചിന്റെ നിര്‍ണായകമായ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ ടീം അധികൃതര്‍ ഇപ്പോള്‍ നിരാശയുടെ വക്കിലാണ്.
ടീം ഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച കോച്ച് പ്രതിരോധം ശക്തമാക്കാനെന്നോണം പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ ആവശ്യം മുന്നോട്ട് വച്ചെങ്കിലും ടീം അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല. നാല് മല്‍സരങ്ങളില്‍ നിന്നായി രണ്ട് ജയമാണ് ഇതുവരെ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ യുനൈറ്റഡിന് സ്വന്തമാക്കാനായത്. രണ്ടാം മല്‍സരത്തില്‍ കരുത്തരായ ടോട്ടനത്തോടാണ് ടീം പരാജയപ്പെട്ടതെങ്കില്‍ താരതമ്യേന ദുര്‍ബലരായ ബ്രൈറ്റനാണ് ടീമിനെ നാണക്കേടിലേക്ക് തള്ളിവിട്ടത്. നാല് മല്‍സരങ്ങളില്‍ രണ്ട് മാത്രം ജയിച്ച യുനൈറ്റഡ് ആറ് പോയിന്റോടെ നിലവില്‍ 10ാം സ്ഥാനത്താണ്.
ലീഗില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് നാലും സ്വന്തമാക്കിയ ലിവര്‍പൂളും ചെല്‍സിയും വാറ്റ്‌ഫോര്‍ഡും ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ മികവില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ചെല്‍സിയും വാറ്റ്‌ഫോര്‍ഡുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൡ.
ഈ സീസണില്‍ കിരീടമുയര്‍ത്താന്‍ കെല്‍പുള്ള ടീമായി ലിവര്‍പൂളിനെ ഫുട്‌ബോള്‍ നിരീക്ഷകര്‍ ടൂര്‍ണമെന്റിന് മുമ്പ് വിലയിരുത്തിയപ്പോള്‍ അവരുടെ വാക്കുകള്‍ പിഴച്ചിരുന്നില്ല. ലോകോത്തര താരങ്ങള്‍ അണിനിരന്നിട്ടുള്ള ജര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തില്‍ അവര്‍ വമ്പന്‍ ടീമുകള്‍ക്കെതിരേ കച്ച കെട്ടിയില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
നാളെ ടോട്ടനമുമായി കളത്തിലിറങ്ങുന്ന ലിവര്‍പൂള്‍ ഒരുങ്ങിത്തന്നെയാണ്. സൂപ്പര്‍ താരം മുഹമ്മദ് സലാഹിനും ലിറോയ് സാനെയ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ഷെര്‍ദന്‍ ഷാക്കിരി കൂടി ലിവര്‍പൂള്‍ നിരയില്‍ അണിനിരന്നതോടെ ടീം ഉറച്ച വിശ്വാസത്തിലാണ്. ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ നാല് ഗോളോടെ ലിവര്‍പൂളിന്റെ സാനെയും മുന്നിലുണ്ടെന്നതും ടീമിന്റെ ഫോം വിളിച്ചോതുന്നു. അതേസമയം, കഴിഞ്ഞ തവണ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്താണ്.


ലാലിഗയില്‍ റയലോ ബാഴ്‌സയോ
ഇത്തവണയും ലാലിഗ കിരീടം നിലനിര്‍ത്താനായി ബാഴ്‌സ കുതിക്കുമ്പോള്‍ പിടിവിടാതെ പിന്നാലെ പിന്തുടരുകയാണ് റയല്‍ മാഡ്രിഡും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടപ്പോള്‍ റയലിന്റെ കളിക്കരുത്ത് അവസാനിച്ചെന്ന് വിധിയെഴുതിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുമ്പില്‍ ഒരു മല്‍സരവും അടിയറവ് വയ്ക്കാതെ, തങ്ങള്‍ കീഴടങ്ങുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ്.
ലീഗില്‍ മൂന്ന് കളികള്‍ അവസാനിക്കുമ്പോള്‍ പട്ടികയില്‍ ബാഴ്‌സയ്‌ക്കൊപ്പം ഒമ്പത് പോയിന്റുകളോടെ ആദ്യ സ്ഥാനങ്ങളിലാണ് റയലിപ്പോള്‍. എന്നാല്‍ ഗോള്‍വ്യത്യാസമാണ് റയലിനെ പിന്നോട്ടടിപ്പിച്ചത്. റോണോയുടെ അസാന്നിധ്യം ഗോള്‍ സ്‌കോറര്‍മാരില്‍ മുന്നിലുള്ള ബെന്‍സേമയിലൂടെയും ഗാരെത് ബെയ്‌ലിലൂടെയും മായ്ച്ചുകളഞ്ഞാണ് റയല്‍ കരുക്കള്‍ നീക്കുന്നത്. ലോകം വാഴ്ത്തിയ പ്രതിരോധനിര കൂടി മുന്നേറ്റത്തോടൊപ്പം ഒന്നിക്കുന്നതോടെ ടീം ഒത്തിണക്കം പൂര്‍ണം. നാല് ഗോളുകളുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പമാണ് ബെന്‍സേമ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്ന് ഗോളുള്ള ഗാരെത് ബെയ്‌ലും കളം നിറഞ്ഞ്്, റയലിന്റെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നിമിഷങ്ങളും ഇത്തവണത്തെ ലാലിഗ സീസണ്‍ കടന്നുപോയിട്ടുണ്ട്.
എന്നാല്‍ യുവേഫ സൂപ്പര്‍ കപ്പില്‍ റയലിനെ കീഴടക്കി കിരീടം ചൂടിയ അത്‌ലറ്റികോ മാഡ്രിഡിന്റെ പിറകോട്ടടിയാണ് ലീഗില്‍ എടുത്തുപറയാനുള്ള മറ്റൊരു കാര്യം. മൂന്ന് കളികളില്‍ നിന്ന് ഒരു ജയം മാത്രം സ്വന്തമാക്കിയ ടീം നാല് പോയിന്റുകളോടെ 10ാം സ്ഥാനത്താണ്. ആദ്യ മല്‍സരത്തില്‍ വലന്‍സിയയോട് സമനില കണ്ടെത്തിയ അത്‌ലറ്റികോ അവസാന മല്‍സരത്തില്‍ സെല്‍റ്റ വിഗോയോട് 2-0ന്റെ അപ്രതീക്ഷിത തോല്‍വിയും വഴങ്ങിയതോടെ 10ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
28ാം കിരീടം ലക്ഷ്യമിട്ട് ബയേണ്‍
ബുണ്ടസ്‌ലിഗയില്‍ സീസണില്‍ ഓരോ ടീമും രണ്ട് മല്‍സരങ്ങളിലാണ് കളിച്ചതെങ്കിലും ലീഗ് കരിയറിലെ തുടര്‍ച്ചയായ 28ാം കിരീടമാണ് ബയേണ്‍ മ്യൂണിക്ക് ലക്ഷ്യമിടുന്നത്. ലീഗിലെ രണ്ടിലും ജയിച്ച അവര്‍ ഗ്രൂപ്പില്‍ ഒന്നാമതുണ്ട്. ഈ സീസണിലും ബയേണ്‍ കിരീടം ചൂടിയാല്‍ തുടര്‍ച്ചയായ എട്ടാം തവണയും ടീം കിരീടത്തിന് അവകാശികളാവും.


പിഎസ്ജിയും ഒരുങ്ങിത്തന്നെ
ഫ്രഞ്ച് ലീഗില്‍ പിഎസ്ജി വീണ്ടും ആധിപത്യമുറപ്പിക്കുമെന്നാണ് ടീമിന്റെ നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്. നാല് കളികളില്‍ നിന്നായി നാല് ജയവും അവര്‍ക്ക് സ്വന്തം. നാലിലും വമ്പന്‍ ജയങ്ങള്‍. ഇതില്‍ നാല് വീതം ഗോളുകള്‍ അടിച്ചുകൂട്ടിയ കൈലിയന്‍ എംബാപ്പെയുടെയും ജൂനിയര്‍ നെയ്മറിന്റെയും മിന്നും ഫോമുകള്‍ ടീമിനെ പരാജയവക്കില്‍ നിന്നു ജയിപ്പിക്കുന്നുണ്ടെന്നതിനാല്‍ ഇത്തവണയും കിരീടം മറ്റൊരു ക്ലബിലേക്ക് കൂടുമാറില്ലെന്നുറപ്പ്. ഇന്ന് രാത്രി സെന്റ് എറ്റിനയുമായും പിഎസ്ജി മല്‍സരിക്കുന്നുണ്ട്.


ഇറ്റലിയില്‍ യുവന്റസ് വീണ്ടും

വന്‍ തുകയ്ക്ക് ടീമിലെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യോനോ റൊണാള്‍ഡോയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ച യുവന്റസിന് താരത്തിന്റെ മികവില്‍ കരുത്താര്‍ജിക്കാന്‍ പറ്റിയില്ലെങ്കിലും പഴയ ഫോം തന്നെ തുടര്‍ന്ന് ഇറ്റാലിയന്‍ കപ്പില്‍ മുന്നേറുകയാണ് യുവന്റസ്.
സീരി എയില്‍ മൂന്ന് മല്‍സരങ്ങള്‍ക്ക് സമാപ്തി കുറിക്കുമ്പോള്‍ മൂന്നും ജയിച്ച് ഒമ്പത് പോയിന്റോടെ ഒറ്റയ്ക്ക് ഒന്നാം സ്ഥാനം അലങ്കരിക്കുകയാണ് യുവന്റസ്.
രണ്ട് ഗോള്‍ നേടിയ ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സുക്കിച്ചിന്റെ ഗോള്‍വേട്ടയാണ് ടീമിന് ആശ്വാസം പകരുന്നത്. ലീഗില്‍ ഇതുവരെ മൂന്ന് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ റോണോ ഫോമിലാവാത്തതിന്റെ നിരാശയിലാണ് റോണോ, യുവന്റസ് ആരാധകര്‍.
Tags:    

Similar News