ദുബയ്: ദുബയില്‍ പാകിസ്താനും ആസ്‌ത്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 462 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ എട്ട് വിക്കറ്റിന് 362 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മല്‍സരം അഞ്ചാം ദിനത്തിലും ഫലമില്ലാതായതോടെ അവസാനിക്കുകയായിരുന്നു. തോല്‍വിയുടെ അരികിലെത്തിയ ഓസീസിനെ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയാണ് (302 പന്തില്‍ 141) രക്ഷിച്ചത്. ഉസ്മാന്‍ ഖവാജക്കൊപ്പം ട്രാവിസ് ഹെഡും (72) ടിം പെയിനും(61) തിളങ്ങിയതോടെയാണ് ആസ്‌ത്രേലിയ സമനിലയുടെ വക്കിലെത്തിയത്. ഖവാജയാണ് കളിയിലെ താരം.
ഹാരിസ് സുഹൈലിന്റെ സെഞ്ച്വറി നേട്ടത്തിന്റെ സഹായത്തോടെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 482 റണ്‍സെടുത്തപ്പോള്‍ ആസ്‌ത്രേലിയയുടെ പോരാട്ടം 202 റണ്‍സിന് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആറുവിക്കറ്റുകള്‍ വീഴ്ത്തിയ ബിലാല്‍ ആസിഫ് ആണ് ഓസീസിന്റെ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സിലുമായി മുഹമ്മദ് അബ്ബാസ് 7 വിക്കറ്റും യാസിര്‍ ഷാ നാലും വിക്കറ്റുകള്‍ നേടി. മല്‍സരത്തിനിടെ പരിക്കേറ്റ പാകിസ്താന്റെ ഓപ്പണര്‍ ഇമാമുള്‍ ഹക്ക് രണ്ടാം മല്‍സരത്തിനുണ്ടാവില്ല.