വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പന്ത് ടീമില്‍
ഹൈദരാബാദ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനപരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റനായി കോഹ്‌ലി മടങ്ങിയെത്തി. അരങ്ങേറ്റ മല്‍സരത്തിനായി റിഷഭ് പന്തിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളില്‍ ആദ്യ രണ്ട് പരമ്പരക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്തിരിക്കുന്ന ദിനേഷ് കാര്‍ത്തിക്കിന്റെ ഒഴിവിലാണ് പന്ത് വരുന്നത്. ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന പന്ത് ഇതുവരെ 114 റണ്‍സ് എടുത്തിട്ടുണ്ട്. ഇതില്‍ 92 റണ്‍സും കഴിഞ്ഞ രണ്ട് ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായിരുന്നു.
വിക്കറ്റ് കീപ്പര്‍ സ്ഥാനം ധോണിക്ക് തന്നെയാണ്. വിക്കറ്റിന് പിന്നിലുളള അസാമാന്യ പ്രകടനമാണ് ധോണിയുടെ സ്ഥാനം സുരക്ഷിതമാക്കിയത്. അടുത്ത കാലത്തെ ബാറ്റിങ് പരാജയം കാരണം ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന ആശങ്ക നിലനിന്നിരുന്നു. കോഹ്‌ലിക്ക് ഏഷ്യ കപ്പില്‍ വിശ്രമം അനുവദിച്ചതിനാല്‍ ഏകദിനത്തില്‍ ഉണ്ടാവുമോ എന്നതിലും സംശയമുണ്ടായിരുന്നു. അതേസമയം ഭുവനേശ്വര്‍കുമാറിനെയും ജസ്പ്രീത് ബുമ്രയെയും പരമ്പരയുടെ രണ്ടാം ഘട്ടത്തില്‍ കളിപ്പിക്കാനാണ് തീരുമാനം. ആദ്യ ഏകദിനം ഒക്ടോബര്‍ 21 ന് ഗുവാഹത്തിയില്‍ നടക്കും.
ഇന്ത്യന്‍ ടീം:വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍),രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു ,മനിഷ് പാണ്ഡെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍) റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, ഷാര്‍ദുല്‍ താക്കൂര്‍, കെഎല്‍ രാഹുല്‍.