2018 ഡിസംബര്‍ 31ന് തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു

Update: 2018-10-22 07:16 GMT
2006 ജനുവരി 26 ലെ റിപബ്ലിക് ദിന പ്രഭാതത്തിലാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. സവിശേഷമായ ഒരിടം അടയാളപ്പെടുത്തി മലയാളി വായനക്കാര്‍ക്കിടയില്‍ തേജസ് അതിവേഗം സ്വീകാര്യത നേടി. രൂപകല്‍പ്പനയിലും ഉള്ളടക്കത്തിലും വ്യതിരിക്തത പുലര്‍ത്തിയ തേജസ് മലയാള മാധ്യമരംഗത്തെ പരമ്പരാഗത ശൈലികളെ മാറ്റിയെഴുതി. പാര്‍ശ്വവല്‍കൃതരുടെ ശബ്ദമായി മാറിയ തേജസ് സംശയത്തിന്റെ ആനുകൂല്യം എപ്പോഴും ഇരകള്‍ക്കാണു നല്‍കിയത്. ഭരണകൂടാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടുന്നതിലും പോലിസ്ഭരണകൂട ഭാഷ്യങ്ങളുടെ മറുപുറം ജനങ്ങളിലെത്തിക്കുന്നതിലും തേജസ് ബദ്ധശ്രദ്ധമായിരുന്നു. സാമ്രാജ്യത്വത്തിനും ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ഫാഷിസത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത് സ്വീകരിച്ചത്.


കോര്‍പറേറ്റ് താല്‍പര്യങ്ങളെയും സര്‍ക്കാരുകളുടെ ജനവിരുദ്ധപരിസ്ഥിതി വിരുദ്ധ വികസന കാഴ്ചപ്പാടുകളെയും തുറന്നെതിര്‍ക്കുന്നതിലും കാര്‍ക്കശ്യം പുലര്‍ത്തി. ന്യൂനപക്ഷങ്ങളുടെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും ഉല്‍ക്കണ്ഠകള്‍ക്ക് ഇടം നല്‍കുകയും ചെയ്തു. മാധ്യമലോകത്ത് അസ്പൃശ്യത കല്‍പിച്ച് അകറ്റിനിര്‍ത്തപ്പെട്ട കീഴാളവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ഗണനീയമായ പ്രാതിനിധ്യമാണ് തേജസ് നല്‍കിയത്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന ഒരു പൊതുപത്രമായിരുന്നു തേജസ്.
തേജസിനെ സംബന്ധിച്ച് നിഷ്പക്ഷതയെന്നാല്‍ ജനപക്ഷം ആയിരുന്നു.
മനുഷ്യാവകാശത്തിനായി പ്രതിവാര കോളവും ഞായറാഴ്ചതോറും വായനക്കാരുടെ മുഖപ്രസംഗവും തേജസിന്റെ മാത്രം സവിശേഷതയായിരുന്നു. എഡിറ്റ് പേജിന്റെ മൂന്നിലൊന്ന് വായനക്കാരുടെ കത്തുകള്‍ക്ക് സ്ഥലമനുവദിച്ച് തേജസ് പൊതുജനാഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ ഇടം നല്‍കി. മലയാള പത്രങ്ങളില്‍ പതിവില്ലാത്ത രണ്ടാം മുഖപ്രസംഗം തേജസിന്റെ മറ്റൊരു സവിശേഷതയായിരുന്നു.
ആദ്യവര്‍ഷം തന്നെ തിരുവനന്തപുരത്തും പിന്നീട് കൊച്ചി, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും എഡിഷനുകള്‍ ആരംഭിച്ചു. പിന്നീട് സൗദി, ഖത്തര്‍, ബഹ്‌റയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് എഡിഷനുകളും തുടങ്ങി. ആദ്യവര്‍ഷം തന്നെ തേജസിനെ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യങ്ങള്‍ തന്നുതുടങ്ങി. പിന്നീട് ഡിഎവിപി പരസ്യങ്ങളും ലഭിച്ചു. സര്‍ക്കാരിന്റെ വിദേശനയങ്ങളെയും വികസനസംരഭങ്ങളെയും വിമര്‍ശിക്കുന്നുവെന്നും, സര്‍ക്കാര്‍ താല്‍പ്പര്യത്തിനു വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നതുമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, 2010 മെയ് 14ന് കേരളത്തിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരാണ് തേജസിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവച്ചത്. യാതൊരു മുന്നറിയിപ്പോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കാതെ പബ്ലിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ല എന്ന കാരണത്താല്‍ കേന്ദ്രസര്‍ക്കാരും പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു.
കേന്ദ്രആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 2009 നവംബര്‍ 18 ന് അയച്ച ഒരു സര്‍ക്കുലറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി 2012 ജൂലൈ 26 ന് നല്‍കിയ ഒരു കത്തുമാണ് പരസ്യനിഷേധത്തിന് ആധാരമായി പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റ ദേശീയോദ്ഗ്രഥന വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കുലറില്‍ തേജസിന് സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് ഞങ്ങള്‍ കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയതാണ്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെയും വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെയും നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും തേജസിന്റെ നിലപാടുകളെയും വാര്‍ത്തകളെയും സംബന്ധിച്ച് സര്‍ക്കാരിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തുറന്നതും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. എന്നാല്‍ നാളിതുവരെ സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ല.
ഇതിനിടെ രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താല്‍പര്യത്തെയും അത്യന്തം ഗുരുതരമായ രീതിയില്‍ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നതായും അതുകൊണ്ട് 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ട് പ്രകാരം, പത്രത്തിന്റെ ഡിക്ലറേഷന്‍ റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം, കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എഡിറ്റര്‍ക്ക് നോട്ടീസയച്ചു. എന്നാല്‍ പ്രസ്തുത നോട്ടീസില്‍ ഏതെല്ലാമാണ് വര്‍ഗീയവും പ്രകോപനപരവുമായ വാര്‍ത്തകളും ലേഖനങ്ങളുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല. അവ ഏതെന്ന് തേജസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തിരുവനന്തപുരം ബ്യൂറോയില്‍ നിന്നും പഴയ പത്രങ്ങളുടെ പ്രതികള്‍ തപ്പിയെടുത്ത് 18 വാര്‍ത്തകളുടെ പട്ടികയുണ്ടാക്കി അയച്ചത്. ഇതിനും രേഖാമൂലം ഞങ്ങള്‍ മറുപടി നല്‍കുകയുണ്ടായി. മറ്റ് പത്രങ്ങളില്‍ വന്നതും ഇംഗ്ലീഷ് പത്രങ്ങളില്‍ നിന്ന് പരിഭാഷപ്പെടുത്തിയതുമായ വാര്‍ത്തകളും ലേഖനങ്ങളും ഉദ്ധരിച്ച് രാജ്യദ്രോഹമായും വര്‍ഗീയതയായും ചിത്രീകരിച്ച് തേജസിനെ ഗളഹസ്തം ചെയ്യാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം അങ്ങേയറ്റം അപഹാസ്യമാണെന്ന് പറയേണ്ടതില്ലല്ലോ.പരസ്യം നിഷേധിക്കുക മാത്രമല്ല, പത്രമാരണ നിയമമുപയോഗിച്ച് തേജസിനെ ഞെരിച്ചുകൊല്ലുകയായിരുന്നു ലക്ഷ്യമെന്നു ഇതോടെ വ്യക്തമായി. ആരോപിത വിഷയങ്ങളില്‍ ഇന്നുവരെ ഒരു കോടതിയും ഒരു കേസുപോലും തേജസിനെതിരേ ഉണ്ടാവുകയോ ഏതെങ്കിലും വിധി പ്രസ്താവം കോടതികള്‍ നടത്തുകയോ ഉണ്ടായിട്ടില്ല. ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നുള്ള കത്തിനെ സംബന്ധിച്ച് തേജസ് പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും പിന്നീട് വകുപ്പില്‍ ചുമതലപ്പെട്ട അധികാരികളെയും നേരില്‍ കണ്ടും രേഖാമൂലവും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. തേജസ് നല്‍കിയ നിവേദനങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടിപോലും നല്‍കിയിട്ടില്ല. ഇല്‍ന (ഇന്ത്യന്‍ ലാംഗ്വേജ് ന്യൂസ് പേപ്പര്‍ അസോസിയേഷന്‍)യും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും തേജസിനെതിരായ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല.
മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പ്രതിനിധികള്‍ ബന്ധപ്പെട്ടവരെ പലതവണ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും നീതിനിഷേധം ബന്ധപ്പെവരെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി, പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി, ആഭ്യന്തരവകുപ്പു മന്ത്രി, ഇന്റലിജന്‍സ് മേധാവികള്‍ എന്നിവരെ കണ്ട് വിഷയം അവതരിപ്പിച്ചു. തദടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 08.09.2011 മുതല്‍ 25.08.2012 വരെ ഒരു വര്‍ഷത്തില്‍ താഴെ പരസ്യം നല്‍കി. വീണ്ടും നിര്‍ത്തിവച്ചു. വീണ്ടും സമ്മര്‍ദഫലമായി 29.12.2012 മുതല്‍ പരസ്യം ലഭിച്ചുതുടങ്ങിയെങ്കില്‍ 19.03.2013ല്‍ അതും നിര്‍ത്തി. യുഡിഎഫ് സര്‍ക്കാരിന്റെ 3ാം വാര്‍ഷികാഘോഷവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേജസിന് പരസ്യം നല്‍കാന്‍ പിആര്‍ഡിക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയെങ്കിലും രണ്ടു ദിവസം മാത്രം സര്‍ക്കാര്‍ പരസ്യം നല്‍കി വീണ്ടും നിര്‍ത്തി.
സര്‍ക്കാര്‍ പ്രതിനിധികളെ നിരവധി തവണ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് കേരള ഹൈക്കോടതിയില്‍ പരസ്യനിഷേധത്തിനെതിരേ കേസ് ഫയല്‍ ചെയ്തത്. 23.06.2015 ലെ ഹൈക്കോടതി വിധിയില്‍ ഒരു പ്രാഥമിക സൂക്ഷ്മപരിശോധനാ സമിതിയും ഉന്നതതല സമിതിയും രൂപീകരിച്ച്, തേജസിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിധി പുറപ്പെടുവിച്ച് ഏറെനാള്‍ കഴിഞ്ഞ് രൂപീകരിക്കപ്പെട്ട സമിതി, തേജസ് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും വര്‍ഗീയവിഭജനം സൃഷ്ടിച്ചേക്കാം എന്ന നിഗമനത്തിലെത്തി പരസ്യങ്ങള്‍ നിര്‍ത്തിവച്ച നടപടി തുടരാമെന്ന് ശുപാര്‍ശചെയ്തു. അതോടെ കഴിഞ്ഞ 8 വര്‍ഷമായി തുടര്‍ന്നിരുന്ന പരസ്യനിഷേധം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍ പരസ്യങ്ങളില്ലാതെ തേജസിനെ പോലൊരു ചെറുകിട പത്രത്തിന് അധികനാള്‍ മുന്നോട്ടുപോവാനാവില്ലെന്ന് വ്യക്തമാണല്ലോ. സര്‍ക്കാര്‍ പരസ്യം നിലച്ചതോടെ മറ്റ് പരസ്യദാതാക്കളും നിസ്സഹകരിച്ചു തുടങ്ങി. ചില പരസ്യദാതാക്കളെ പോലിസ് ഭീഷണിപ്പെടുത്തി പരസ്യം നല്‍കുന്നത് മുടക്കാനും ശ്രമമുണ്ടായി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ പക്ഷം പിടിക്കുന്ന ഒരു പത്രം എന്ന നിലയില്‍, വിട്ടുവീഴ്ചയില്ലാത്ത അതിന്റെ നിലപാടുകളുടെ പേരില്‍ തേജസ് പ്രത്യേകം ഉന്നവയ്ക്കുകയായിരുന്നു. നിയമവഴിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം അമിതമായ രാഷ്ട്രീയാധികാര പ്രയോഗത്തിലൂടെ അത്തരം നീക്കങ്ങളെ നിര്‍വീര്യമാക്കാനും നീട്ടിക്കൊണ്ടു പോകാനും മറ്റുമാണ് ഭരണനേതൃത്വം ശ്രമിച്ചത്.
തേജസ് പത്രം സമൂഹത്തില്‍ ഉയര്‍ന്നുവന്നത് കീഴാളസമൂഹങ്ങളുടെ ശാക്തീകരണപ്രക്രിയകളുടെ സ്വാഭാവിക പ്രതികരണമായാണ്. അത് അധികാര ഘടനയിലും സമൂഹത്തിലും തങ്ങളുടെ മേല്‍ക്കൈ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന വരേണ്യവിഭാഗങ്ങള്‍ക്ക് അരോചകമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ പത്രത്തിനെതിരേ അധികാരികളുടെ ഭാഗത്തുനിന്നും കഴിഞ്ഞ 8 വര്‍ഷമായി ഏകപക്ഷീയമായി വന്നുകൊണ്ടിരിക്കുന്ന കടന്നാക്രമങ്ങളുടെ പിന്നിലുള്ളത് ഈ നിക്ഷിപ്ത താല്‍പര്യങ്ങളും മനോഘടനയും തന്നെയാണ്. ഞങ്ങള്‍ അതിനോട് രാജിയാവാന്‍ തയ്യാറില്ല. സമൂഹത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യമായ നിലയില്‍ പൊതുകാര്യങ്ങളില്‍ ഇടപെടാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള അവകാശമുണ്ട് എന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനായി ഞങ്ങളുടെ കഴിവിനൊത്ത് പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ സംഘര്‍ഷങ്ങളോ ഉണ്ടാക്കുന്ന നിലപാട് സ്വീകരിക്കുന്നത് തേജസിന്റെ രീതിയല്ല.
ഇതിനു പുറമെ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍, അക്രഡിറ്റേഷന്‍ ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ തേജസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടി. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചിട്ടും കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തുകയും നേതാക്കള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എല്ലാ അര്‍ഥത്തിലും തികച്ചും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ഓരോ ദിവസവും തേജസ് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. തേജസ് ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളോടൊപ്പം നിന്ന വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് ഇക്കാലമത്രയും ഞങ്ങള്‍ക്ക് ധീരമായി മുന്നോട്ടുപോകാനുള്ള കരുത്ത് നല്‍കിയത്.ഇതിനിടയിലും ജീവനക്കാരുടെ വേതനം മുടക്കം കൂടാതെ കൃത്യമായി ലഭ്യമാക്കാനും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സേവനവേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മാധ്യമലോകം പൊതുവേ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പരസ്യനിഷേധം അടക്കമുള്ള സര്‍ക്കാരിന്റെ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനം കടുത്ത സാമ്പത്തിക ബാധ്യതയാണ് തേജസിന് വരുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണ്.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും പുരോഗമന പിന്തുടര്‍ച്ചയും അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് തേജസിന്റെ നാവരിയാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതും ഇപ്പോഴും തുടരുന്നതും എന്ന വസ്തുത വേദനാജനകവും ലജ്ജാകരവുമാണ് എന്ന് പറയാതെ വയ്യ. നാവരിഞ്ഞാലും നട്ടെല്ലു വളക്കില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഇക്കാലമത്രയും ഈ ചെറിയ പത്രത്തിന്റെ മുഖമുദ്രയായി ഞങ്ങള്‍ കാത്തുപോന്നത്. അതിനാല്‍ ഭരണകൂടത്തിന്റെയും രാഷ്്ട്രീയ നേതൃത്വങ്ങളുടെയും മുന്‍വിധി പുലര്‍ത്തുന്ന രഹസ്യാന്വേഷണ മേധാവികളുടെയും ഔദാര്യത്തിനായി ഇനിയും ഞങ്ങള്‍ കാത്തു നില്‍ക്കുന്നില്ല. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുംവേണ്ടി, ഭരണകൂടം തീര്‍ത്ത വിലങ്ങുകളേറ്റുവാങ്ങി രക്തസാക്ഷിത്വം വരിക്കാന്‍ തേജസ് തയ്യാറാവുകയാണ്.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഞങ്ങള്‍ക്കു മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ട് അന്തസ്സോടെ തലയുയര്‍ത്തി പിടിച്ചു തന്നെ തല്‍ക്കാലം ഞങ്ങള്‍ പിന്‍വാങ്ങുന്നു. 2018 ഡിസംബര്‍ 31 ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുകയാണ്. ഒരു വ്യാഴവട്ടം മലയാളികളുടെ വായനാമുറികളില്‍ സ്ഥിരസാന്നിധ്യമായിരുന്ന തേജസ് പുതിയ വര്‍ഷത്തിന്റെ പുലരിയില്‍ ഉണ്ടാവുകയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്കിരയായി അടച്ചുപൂട്ടേണ്ടിവരുന്ന ആദ്യ മലയാള പത്രം എന്ന ഖ്യാതി കൂടി തേജസിനു സ്വന്തമായിരിക്കും. തേജസിന്റെ ഇടം ഇനിയും മാധ്യമലോകത്ത് ശൂന്യമായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആ ശൂന്യത നികത്തുന്നതിനുള്ള വിവിധ മാധ്യമ ഇടപെടലുകളുമായി ലോകമെമ്പാടുമുള്ള മലയാളി വായനക്കാരോടൊപ്പം തേജസ് ഇനിയുമുണ്ടാകും എന്ന പ്രതീക്ഷയോടെ വിട.

Similar News