നിലക്കലില്‍ നിന്ന് മടങ്ങിയ മാധ്യമ സംഘത്തിന് നേരെ ആക്രമണം; തേജസ് ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്

Update: 2018-10-17 13:44 GMT


പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്ത് നിലയ്ക്കലില്‍ നിന്ന് മടങ്ങിയ മാധ്യമ സംഘത്തിന് നേരെ ആക്രമണം. തേജസ് ഫോട്ടോഗ്രാഫര്‍ യൂനുസ് ചെഞ്ചേരി ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാധ്യമം കോട്ടയം ബ്യൂറോയിലെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ഇവര്‍ക്ക് പിറകിലുണ്ടായിരുന്ന പോലിസ് വാഹനത്തിന് നേരെയും കല്ലേറുണ്ടായി. രൂക്ഷമായ കല്ലേറില്‍ ഇരുവാഹനങ്ങളും തകര്‍ന്നു.
വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ നിലയ്ക്കലില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ ഘടകം പ്രതിഷേധിച്ചു.
തേജസ് ഫോട്ടോഗ്രാഫര്‍ യൂനസിനും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ നടന്ന ആക്രമണത്തില്‍ തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍ പ്രതിഷേധിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന നിലയ്ക്കലില്‍ പോലിസിന്റെ സാന്നിധ്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നതെന്നതെന്നത് അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News