ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍ പഠനമോ ഭാരമോ?

Update: 2019-07-31 08:04 GMT

വ്യക്തിത്വ വികാസത്തിന്റെയും മാനസിക വളര്‍ച്ചയുടെയും കാരണങ്ങളാല്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതു സംബന്ധിച്ചു ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഗഹനമായ ചര്‍ച്ചകള്‍ അരങ്ങേറുകയാണ്. ഭാരം ചുമക്കുന്ന കഴുതകളായി കുട്ടികളെ കാണുന്നുവെന്നതാണ് നിലവിലുള്ള പല പഠന സമ്പ്രദായങ്ങള്‍ക്കുമെതിരായ പ്രധാന ആക്ഷേപം. പ്രായത്തിനും പക്വതയ്ക്കും തിരിച്ചറിവിനുമതീതമായ പഠനഭാരം കുരുന്നുകളില്‍ ഊന്നുന്നത് മാനസിക വളര്‍ച്ചയ്ക്കു മാത്രമല്ല, കുഞ്ഞുങ്ങളുടെ ശാരീരിക ക്ഷമതയ്ക്കും ആയുര്‍ദൈര്‍ഘ്യത്തിനുപോലും കടുത്ത പ്രഹരമാണെന്നാണു പഠനങ്ങള്‍. 'ഒരു തുമ്പിയില്‍നിന്ന്, അതിന്റെ ഭംഗുരമായ ചിറകിലൂടെ, മൃദുവായ് കണ്ടു വളരട്ടെ ബാല്യ'മെന്നാണ് എ.പി.ജെ അബ്ദുല്‍ കലാം കുറിച്ചത്.

എന്നാല്‍, കേരളീയ മുസ്‌ലിം പരിസരങ്ങളില്‍ ഇപ്പോള്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതാണു കാഴ്ച. കഷ്ടിച്ച് മുലകുടി പ്രായം കഴിയുന്നതോടെ സമുദായത്തിന്റെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ പ്രീ സ്‌കൂള്‍ തടവറകളിലേക്കു തെളിക്കപ്പെടുകയാണ്. പ്രബല മുസ്‌ലിം സംഘടനകളെല്ലാം ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ സംരംഭങ്ങളുമായി വലവിരിച്ചു രംഗത്തുവന്നതോടെ ഒട്ടുമിക്ക മുസ്‌ലിം വീടുകളിലും കളിചിരികളുമായി കുഞ്ഞുങ്ങള്‍ പാറിനടക്കാനില്ലാത്ത അവസ്ഥ!

പതിനായിരങ്ങളെണ്ണിക്കൊടുത്ത്, പിഞ്ചുമക്കളെ കൊണ്ടു പഠനഭാരത്തിന്റെ കല്ല് ചുമപ്പിച്ച് 'ആഖിറം' നന്നാക്കാനുള്ള തത്രപ്പാടിലാണ് രക്ഷിതാക്കള്‍.

'നിങ്ങളുടെ കുരുന്നുകളെ ഞങ്ങള്‍ക്ക് വിട്ടുതരൂ'


കേരളത്തിലെ ഒരു ഇസ്‌ലാമിക് പ്രീ സ്‌കൂളിന്റെ ഇന്റര്‍നെറ്റിലെ പരസ്യമിങ്ങനെ: ''നിങ്ങളുടെ കുരുന്നുകളെ ഞങ്ങള്‍ക്ക് വിട്ടുതരൂ... ഞങ്ങള്‍ ഉറപ്പുതരുന്നു ഇന്‍ഷാ അല്ലാഹ്... ഞങ്ങള്‍ അവരെ മാറ്റിയെടുക്കും. ഇസ്‌ലാമിന്റെ മക്കളായി, മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന കുരുന്നുകളായി. നിങ്ങളുടെ ആഖിറത്തിന്റെ മുതല്‍ക്കൂട്ടാവുമവര്‍.''

കുട്ടികളെ മാതൃകാപരമായി വാര്‍ത്തെടുക്കുന്നതു സംബന്ധിച്ചു വലിയ അവകാശവാദങ്ങളാണ് എല്ലാ പ്രീ സ്‌കൂള്‍ ബ്രോഷറുകളിലും അച്ചടിച്ചു വച്ചിട്ടുള്ളത്. എന്നാല്‍, ചെറുപ്രായത്തില്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന പാഠ്യ, പാഠ്യേതര പരിശീലന ഭാരങ്ങളുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് ആരുമൊന്നും പറയുന്നില്ല. മാനസികാരോഗ്യ പഠന റിപോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ആറും ഏഴും വയസ്സായ കുട്ടികളില്‍പോലും മനപ്പാഠങ്ങള്‍ നിര്‍ബന്ധിക്കരുതെന്നു കോടതിപോലും പറഞ്ഞ നാട്. പക്ഷേ, ഇസ്‌ലാമിക് പ്രീ സ്‌കൂളുകളില്‍ മൂന്നര വയസ്സിലാണ് മനപ്പാഠ പഠനം ആരംഭിക്കുന്നത്.

മദ്‌റസാ പാഠ്യസമ്പ്രദായം പോലും ഇനിയും കാലോചിതമായ മാറ്റങ്ങള്‍ക്കോ സമീപനങ്ങള്‍ക്കോ വിധേയമായിട്ടില്ലെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കേ തന്നെയാണ് സമസ്തയടക്കമുള്ള പണ്ഡിത സഭകളും സംഘടനകളും ഇസ്‌ലാമിക് പ്രീ സ്‌കൂളുകളിലേക്കു കുഞ്ഞുങ്ങളെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്യാനിറങ്ങിയത്. മൂന്നര വയസ്സ് മുതല്‍ ഖുര്‍ആനും ദിക്‌റുകളും മനപ്പാഠമാക്കുന്നതാണ് പുതിയ ഇസ്‌ലാമിക് പ്രീ സ്‌കൂളുകളുടെ ആകെത്തുക. ബഹു വര്‍ണങ്ങളില്‍ ചാലിച്ച ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ബ്രോഷറുകളില്‍ കാണുന്ന കുട്ടികള്‍ക്കായുള്ള മറ്റു വിഭവങ്ങളൊക്കെ അലങ്കാരങ്ങള്‍ മാത്രം.

ഒരു കാലത്ത് സമുദായത്തെ ബാധിച്ചിരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജ്വരത്തെക്കാള്‍ ആവേശത്തിലാണ് ഇപ്പോള്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ പ്രവണത സമുദായത്തില്‍ വേരോടുന്നത്. പരിസരവും പശ്ചാത്തലവും പരിഗണിക്കാതെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കു പിന്നാലെ പാഞ്ഞ സമുദായം ഒടുവില്‍ ഇംഗ്ലീഷുമല്ല, മലയാളവുമല്ല എന്ന നിലയില്‍ പെരുവഴിയിലായതു മിച്ചം. അതേസമയം, പുതിയ പ്രീ സ്‌കൂള്‍ പ്രവണതയില്‍ കുഞ്ഞുങ്ങള്‍ സംഘടനാ വിഭാഗീയതയിലേക്കു വീതംവയ്ക്കപ്പെടുന്നതടക്കമുള്ള ആശങ്കകളുമുണ്ട്.

അല്‍ ബിര്‍റ്, ത്വിബ്‌യാന്‍

പ്രാദേശിക സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകളുടെ പ്രവര്‍ത്തനം. സിലബസും പുസ്തകങ്ങളും പരിശീലന രീതികളുമൊക്കെ സംസ്ഥാന തലത്തില്‍ ആവിഷ്‌കരിച്ചു വിതരണം ചെയ്യുകയാണ്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അല്‍ ബിര്‍റ്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ത്വിബ്‌യാന്‍, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴില്‍ ദഹ്‌റത്തുല്‍ ഖുര്‍ആന്‍, ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ ഹെവന്‍സ്, മുജാഹിദ് വിഭാഗത്തിന്റെ കീഴില്‍ അല്‍ ഫിത്‌റ തുടങ്ങിയ പ്രീ സ്‌കൂള്‍ സംവിധാനങ്ങളാണുള്ളത്.


സമസ്തയുടെ അല്‍ ബിര്‍റിനു കീഴില്‍ 300ഓളം പ്രീ സ്‌കൂളുകളുണ്ട്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ത്വിബ്‌യാന് 275ഉം ദഹ്‌റത്തുല്‍ ഖുര്‍ആന് 150ഓളവും പ്രീ സ്‌കൂളുകളുണ്ട്.

മൂന്നര വയസ്സിനും നാലു വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്കാണു പ്രവേശനം. ചില സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷവും മറ്റിടങ്ങളില്‍ മൂന്നു വര്‍ഷവുമാണ് പ്രീ സ്‌കൂള്‍ പഠനം. ശരാശരി 15,000 രൂപയാണ് ഒരു കുട്ടിക്ക് ഒരു വര്‍ഷത്തെ ഫീസ്.

അവകാശവാദങ്ങള്‍ ഒരുവഴിക്ക്; യാഥാര്‍ഥ്യം മറ്റൊരു വഴിക്ക്

ആധുനിക അക്കാദമിക് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിരവധി ശില്‍പ്പശാലകളിലൂടെ രൂപപ്പെടുത്തിയ ശിശു സൗഹൃദ കരിക്കുലവും പാഠപുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍, സംഘടനാ താല്‍പ്പര്യങ്ങളില്‍ നിയമിക്കപ്പെടുന്ന അക്കാദമിക യോഗ്യതകളില്ലാത്തവരാണു പല കേന്ദ്രങ്ങളിലും അധ്യാപകരെന്നാണ് അറിവ്.

രണ്ടു വര്‍ഷം കൊണ്ടു വിശുദ്ധ ഖുര്‍ആനിലെ നിശ്ചിത സൂറത്തുകള്‍ ഹൃദിസ്ഥമാക്കാനും നിത്യജീവിതത്തില്‍ പാലിക്കേണ്ട ഇസ്‌ലാമിക പാഠങ്ങള്‍ ശീലിക്കാനും ഉതകുന്ന വിധത്തിലാണ് കരിക്കുലം ആവിഷ്‌കരിച്ചിട്ടുള്ളതെന്നാണു സമസ്തയുടെ അല്‍ ബിര്‍റിന്റെ അവകാശവാദം. നൂതന ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും ശിശുസൗഹൃദ പ്ലേഗ്രൗണ്ടും മറ്റു സൗകര്യങ്ങളുമുണ്ടെന്നും പറയുന്നു. എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ പലയിടത്തുമില്ല. അക്കാദമിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പരിശോധനാ ടീം സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമായിരിക്കും അംഗീകാരം നല്‍കുകയെന്നു സമസ്ത തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സംഘടനകള്‍ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളിലൊക്കെ അല്‍ ബിര്‍റ് തുടങ്ങാമെന്നതാണവസ്ഥ.

ആലപ്പുഴയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90ാം വാര്‍ഷിക മഹാസമ്മേളനത്തിലാണ് അല്‍ ബിര്‍റ് പ്രഖ്യാപനവും ലോഞ്ചിങും നടന്നത്. 2016 ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിച്ചു.

സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള ത്വിബ്‌യാന്‍ പ്രീ സ്‌കൂളിന് ഇടുക്കി, പത്തനംതിട്ട, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം കേന്ദ്രങ്ങളുണ്ട്. മൂന്നു വര്‍ഷമാണ് കാലാവധി. ഒരു വിദ്യാര്‍ഥിയെക്കൊണ്ട് മൂന്നു ജുസഉം ദിക്‌റും സലാത്തുകളും മനപ്പാഠമാക്കിക്കുമെന്നതാണ് ത്വിബ്‌യാന്റെ ഹൈലൈറ്റ്. അക്കാദമികവും ബൗദ്ധികവും മറ്റുമായ ബ്രോഷര്‍ അവകാശ വാദങ്ങളുമേറെയുണ്ട്. ഒരു വിദ്യാര്‍ഥിക്ക് മൊത്തം 45,000 രൂപയാണു ഫീസ്.

കാരന്തൂര്‍ മര്‍കസിന്റെ മേല്‍നോട്ടത്തിലുള്ള ദഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂളിനു കേരളത്തിനു പുറമേ യു.പി, മധ്യപ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലും സെന്ററുകളുണ്ട്.

എല്‍.കെ.ജി-യു.കെ.ജി പഠനത്തിനു സമാന്തരമായ സംരംഭമായാണ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. ഭൗതിക അതിപ്രസരമുള്ള പ്രീ സ്‌കൂള്‍ സംവിധാനത്തില്‍നിന്നു കുഞ്ഞുങ്ങളെ ഇസ്‌ലാമിക ശിക്ഷണത്തോടെയുള്ള പാഠ്യ സമ്പ്രദായത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

അതേസമയം, വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പൊതുജനത്തെയും സംഘടനാ സങ്കുചിതത്വങ്ങളിലേക്കു വിഭജിച്ചെടുത്ത മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍ വഴി പിഞ്ചു കുഞ്ഞുങ്ങളെയും അത്തരം അറകളിലേക്കു ഭാഗിച്ചെടുക്കുക മാത്രമാണ് ഫലത്തില്‍ ഇതുവഴി ചെയ്യുന്നതെന്ന വിമര്‍ശനം ശക്തമാണ്.  

അല്‍ ഫിത്‌റ: മാതൃക ഈജിപ്ഷ്യന്‍ പഠന രീതി

മനപ്പാഠമല്ല ഖുര്‍ആന്‍ പഠനം

അവരുടെ ശൈശവം നാം കവര്‍ന്നെടുക്കണോ?


(തേജസ് വാരിക 2019 ആഗസ്ത് 2)

Tags:    

Similar News