ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുമാര്‍

Update: 2019-06-20 11:34 GMT

കെ.എന്‍ നവാസ് അലി



ആ ഉമ്മമാരുടെ കണ്ണീരില്‍ ഇപ്പോഴും അവരുടെ മക്കളുണ്ട്. 'എന്റെ മോന്‍' എന്നു പറയുമ്പോഴേക്കും ഇറ്റിവീഴുന്ന കണ്ണീരില്‍, തേങ്ങലില്‍ മുങ്ങിപ്പോവുന്ന വാക്കുകളില്‍, മരണമെത്തുവോളം ഇടനെഞ്ചില്‍ കാത്തുവയ്ക്കുന്ന ഓര്‍മകളില്‍ അവരുടെ മക്കളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സംഘടിത ഗുണ്ടാ പ്രസ്ഥാനമെന്നു ഹൈക്കോടതി വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അഥവാ സി.പി.എം അരിഞ്ഞുവീഴ്ത്തിയതാണ് അവരുടെ മക്കളെ. പണി കഴിഞ്ഞുവരുമ്പോള്‍ പാടത്ത് വളഞ്ഞിട്ടു വെട്ടിയും സിനിമയ്ക്കു വിളിച്ചുകൊണ്ടുപോയി അവിടെയിട്ടു കൂട്ടം ചേര്‍ന്ന് ആക്രമിച്ചും ചായ കുടിക്കുമ്പോള്‍ വേട്ടനായ്ക്കളെപ്പോലെ ചാടിവീണും ബന്ദിയാക്കി വിചാരണ ചെയ്തും സി.പി.എം കൊലപ്പെടുത്തിയതാണ് അവരെ. 'ഞാന്‍ പെറ്റ മകനേ' എന്ന ഇടനെഞ്ചു പൊട്ടിയുള്ള നിലവിളിക്കു പ്രാദേശിക ഭാഷാ ഭേദങ്ങളുണ്ടാവാം. എന്നാല്‍, എല്ലാ അമ്മമാരുടെയും കണ്ണുനീരിന്, നെഞ്ചുപൊട്ടിയുള്ള നിലവിളിക്ക് ഒരൊറ്റ ഭാഷ മാത്രമേയുള്ളൂ. കടുത്ത ദുഃഖത്തിന്റെ ഭാഷയാണത്. അതറിയുന്ന മനുഷ്യര്‍ക്കു മാത്രമേ ശുഐബിന്റെ, ലത്തീഫിന്റെ, അന്‍വറിന്റെ, ഷുക്കൂറിന്റെ, സൈനുദ്ദീന്റെ ഉമ്മമാരുടെ നിലവിളി മനസ്സിലാവുകയുള്ളൂ. കേരളത്തില്‍ സി.പി.എം കൊന്നുതള്ളിയ നിരപരാധികള്‍ക്കും ഉമ്മമാരുണ്ട്. 'ഞാന്‍ പെറ്റ മകനേ' എന്നുതന്നെയാണ് അവരും വിലപിക്കുന്നത്.

രക്തസാക്ഷിയുടെ ഉമ്മ

''ഏഴാം വയസ്സു മുതല്‍ തുടങ്ങിയ നമസ്‌കാരം മരിക്കുന്നതു വരെ ഒരു നേരവും വിടാതെ ശീലിച്ചതാണ് എന്റെ മോന്‍. അവന്‍ ആരെയും ആക്രമിച്ചിട്ടില്ല, കൊന്നിട്ടില്ല, ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല, സംസാരിക്കുമ്പോള്‍ പോലും ആലോചിച്ചേ എന്തെങ്കിലും പറഞ്ഞിരുന്നുള്ളൂ. അങ്ങനത്തെ മോനായിരുന്നു എന്റെ സൈനുദ്ദീന്‍. കല്യാണം കഴിഞ്ഞു ജീവിതം തുടങ്ങിയപ്പോഴാണ് എന്റെ മോനെ ഇല്ലാതാക്കിയത്. അന്നവന് 24 വയസ്സായിരുന്നു. അവര്‍ക്കും പാര്‍ട്ടിക്കും എന്നും എന്റെ ശാപമുണ്ടാവും.'' ഇരിട്ടിയില്‍ സി.പി.എം കൊലക്കത്തിക്കിരയാക്കിയ സൈനുദ്ദീന്റെ ഉമ്മ സുബൈദ സംസാരിക്കുമ്പോള്‍ രക്തസാക്ഷിയുടെ മാതാവിന്റെ നിശ്ചയദാര്‍ഢ്യം അവര്‍ക്കുണ്ടായിരുന്നു.



''പാറക്കടവില്‍ 'ഒരു സാധനം' വളരുന്നുണ്ട്, അതിനെ ഇല്ലാതാക്കണമെന്നു പലരോടും വിളിച്ചുപറഞ്ഞത് അയല്‍വാസി കൂടിയായ അയ്യപ്പന്‍ നാസര്‍ എന്ന സി.പി.എമ്മുകാരനാണ്. അവനാണ് എന്റെ മോനെ ഇല്ലാതാക്കിയ യഥാര്‍ഥ പ്രതി. പക്ഷേ, ഇപ്പോഴും എന്റെ മുന്നിലൂടെ അവന്‍ നടക്കുന്നു. അതു കാണുമ്പോള്‍ നെഞ്ച് തകരുകയാണ്. അവനെ കൂടാതെ ഭാസ്‌കരന്‍ മാഷ്, ഡ്രൈവര്‍ നാരായണന്‍, മനു മോഹനന്‍ എന്നിവരാണ് എന്റെ മോനെ കൊല്ലാന്‍ കാരണം. ഇതില്‍ ഡ്രൈവര്‍ നാരായണന്‍ മരിച്ചു. മറ്റുള്ളവരും കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഇപ്പോഴും പുറത്താണ്. പ്രതിയായ ബഷീര്‍ എപ്പോഴും പരോള്‍ ലഭിച്ചു ഞങ്ങള്‍ക്കു മുന്നിലൂടെ വിലസുന്നു. കഴിഞ്ഞ ദിവസം ബഷീര്‍ എന്റെ മുന്നില്‍പ്പെട്ടു.. നിന്റെ അവസാനം ജയിലില്‍ വച്ചുതന്നെയാവട്ടെ എന്ന് അപ്പോഴും ഞാനവന്റെ മുഖത്തുനോക്കി ശപിച്ചു.''

2008 ജൂണ്‍ 23ന് കാക്കയങ്ങാട്ടു വച്ചാണ് സൈനുദ്ദീനെ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കോഴിവില്‍പ്പനശാലയില്‍വച്ച് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നു വെട്ടിവീഴ്ത്തി. സി.പി.എം. ശക്തികേന്ദ്രമായ കാക്കയങ്ങാട്ട് എന്‍.ഡി.എഫ് പ്രവര്‍ത്തനം ശക്തിപ്പെടുന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്‍. പാര്‍ട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് സൈനുദ്ദീന്‍ വധം. സൈനുദ്ദീനെ കൊലപ്പെടുത്തിയ സി.പി.എം കൊലയാളികളെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. പോലിസിന്റെ അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്നു കണ്ടു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ ചെന്നൈ യൂനിറ്റിലെ ഇന്‍സ്‌പെക്ടര്‍ കെ. സുബ്ബയ്യയാണു കേസന്വേഷിച്ചു കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ ആറു സി.പി.എം പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിനും 50,000 രൂപവീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. എറണാകുളത്തെ സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ പലരും ഇപ്പോഴും പരോള്‍ ലഭിച്ചു പുറത്താണ്.

''എന്റെ മോനെ കൊന്നവര്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എല്ലാ സഹായവും നല്‍കുന്നുണ്ട്. വീട് വയ്ക്കാനും മറ്റും സാമ്പത്തിക സഹായം നല്‍കുന്നു. ജയിലിലുള്ളവര്‍ എങ്ങനെയാണ് എന്നും പരോള്‍ ലഭിച്ചു പുറത്തു വിലസുന്നത്. നിയമവും പോലിസുമെല്ലാം കൊലയാളികളുടെ കൂടെയാണ്. എന്‍.ഡി.എഫില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് എന്റെ മോനെ അവര്‍ കൊന്നത്. എന്നിട്ട് എന്റെ മുന്നിലൂടെ നടക്കുകയും ചെയ്യുന്നു. ഈ വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. സൈനുദ്ദീന്‍ മരിച്ചതിനു ശേഷം രോഗിയായതാണ് അവന്റെ ഉപ്പ. എന്റെ സൈനുവിനു പകരം ഈ ലോകം മുഴുവന്‍ കിട്ടിയാലും മതിയാവില്ല. 10,000 മക്കള്‍ മുന്നിലെത്തിയാലും അവന്റെ മുഖത്തോളമെത്തില്ല എനിക്കൊന്നും. എന്റെ മോനെ കൊന്നവരെ ഒരാളെയും വെറുതെ വിടരുതെന്നാണ് ഞങ്ങളുടെ പ്രാര്‍ഥന.'' സുബൈദയുടെ വാക്കുകള്‍ സംസാരത്തിനിടയ്ക്കു പലപ്പോഴും വിതുമ്പലില്‍ മുറിഞ്ഞു.

എന്റെ മോനെ എന്തിനാണ് അവര്‍ കൊന്നത്?

''അന്‍വര്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ അവന്റെ ഉപ്പ ഡയാലിസിസിനു പോവുമ്പോള്‍ തുണയായി കൂടെയുണ്ടാവുമായിരുന്നു. അവനെ അവര്‍ വെട്ടിവീഴ്ത്തിയില്ലേ. അന്ന് അവന് 28 വയസ്സായിരുന്നു. വിവാഹാലോചനകള്‍ തുടങ്ങിയിരുന്നു. സഹോദരിയുടെ വിവാഹം ശരിയായാല്‍ ഒന്നിച്ചു നടത്താനുള്ള കാത്തിരിപ്പിലായിരുന്നു അവന്‍. സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത എന്റെ മോനെ എന്തിനാണ് അവര്‍ കൊന്നത്?''- തളിപ്പറമ്പ് പട്ടുവം കടവിലെ ചപ്പന്‍തോട്ടത്തില്‍ അബ്ദുല്ലയുടെ ഭാര്യയും അന്‍വറിന്റെ ഉമ്മയുമായ സഫിയ തേങ്ങല്‍ അടക്കിപ്പിടിച്ചാണ് സംസാരിച്ചത്. 2011 ജൂലൈ 5ന് രാവിലെ വീട്ടില്‍നിന്നു ചായ കുടിച്ചു പണിക്കുപോയതാണ് അന്‍വര്‍. ഖത്തറില്‍ നല്ല കമ്പനിയില്‍ ജോലി ശരിയാക്കി നാട്ടിലെത്തിയ അന്‍വര്‍ ഇടയ്ക്കു സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിങ് ജോലിക്കു പോവാറുണ്ടായിരുന്നു. അന്നും അങ്ങനെ സുഹൃത്തുക്കളോടൊപ്പം പട്ടുവം കാവുങ്കലില്‍ പെയിന്റിങ് ജോലിക്കു പോയതായിരുന്നു. വൈകുന്നേരം വരെ നീണ്ട ജോലിക്കു ശേഷം ക്ഷീണിതനായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സി.പി.എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ഓടിയടുത്തത്. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ ഒരു പാര്‍ട്ടിയിലും സജീവമല്ലാത്ത തന്നെ ആക്രമിക്കില്ലെന്ന വിശ്വാസത്തില്‍ അന്‍വര്‍ അവിടെത്തന്നെ നിന്നു. പക്ഷേ, ആരെയെങ്കിലും കൊന്നു നേതൃത്വത്തിന്റെ ആജ്ഞ നടപ്പാക്കണമെന്നു നിര്‍ബന്ധമുള്ള സി.പി.എം അക്രമികള്‍ അവനെ വളഞ്ഞിട്ടു വെട്ടി.



അവയവങ്ങള്‍ അറ്റുതൂങ്ങി ചോരയൊലിപ്പിച്ച് എന്റെ കുട്ടി കുറേനേരം അവിടെ കിടന്നു. അര മണിക്കൂറോളം കഴിഞ്ഞെത്തിയ പോലിസുകാരാണ് ആശുപത്രിയിലേക്കു മാറ്റിയത്. മംഗലാപുരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുംവഴി രാത്രി 10ഓടെ അന്‍വര്‍ മരിച്ചു. എന്തിനാണ് അന്‍വറിനെ കൊന്നതെന്നു നാട്ടുകാര്‍ക്കുപോലും അറിയില്ല. രാഷ്ട്രീയ സംഘട്ടനങ്ങളിലോ മറ്റു തര്‍ക്കങ്ങളിലോ അവന്‍ പ്രതിയല്ല. ഒരു യുവാവിനെ വെട്ടിവീഴ്ത്താന്‍ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രത്യേക കാരണങ്ങളൊന്നും വേണ്ട. പാര്‍ട്ടിക്കാരനല്ല എന്ന കാരണം മാത്രം മതി ഒരാള്‍ പാര്‍ട്ടിവിരുദ്ധനും കൊല്ലപ്പെടേണ്ടവനുമായി മാറാന്‍. അന്‍വറിന്റെ കൊലയ്ക്കു പിന്നില്‍ സി.പി.എം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരും അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ, അവരൊന്നും ഒരു ഘട്ടത്തിലും അകത്തു കിടന്നിട്ടില്ല. എല്ലാവരും ഇപ്പോഴും സി.പി.എമ്മിനു വേണ്ടി ജനസേവനത്തിലാണ്.

ആഴ്ചയില്‍ മൂന്നു പ്രാവശ്യം വീതം ഡയാലിസിസ് ചെയ്യുന്ന കിഡ്‌നി രോഗിയാണ് അന്‍വറിന്റെ ഉപ്പ അബ്ദുല്ല. അബ്ദുല്ലയ്ക്കും ഭാര്യ സഫിയക്കും നാലു മക്കളാണ്. രണ്ടു പെണ്ണും രണ്ടാണും. അതില്‍ മൂത്ത മകനായിരുന്നു അന്‍വര്‍. ലോറി ഡ്രൈവറായിരുന്ന അബ്ദുല്ല രോഗം കാരണം വര്‍ഷങ്ങളായി ജോലിക്കു പോവുന്നില്ല. വിദേശത്ത് നല്ല ജോലി നേടിയ മൂത്ത മകനിലൂടെ കുടുംബം രക്ഷപ്പെടുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സി.പി.എം അക്രമികള്‍ അവനെ വെട്ടിവീഴ്ത്തിയത്. മകന്‍ മരിച്ചത് പിറ്റേന്നു രാവിലെയാണ് ഉമ്മ അറിഞ്ഞത്. അന്‍വര്‍ കൊല്ലപ്പെട്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. ഒരു കുടുംബത്തിന്റെ കണ്ണീരുവറ്റാത്ത ഓര്‍മയാണ് അന്‍വര്‍. സി.പി.എം കാപാലിക രാഷ്ട്രീയത്തിന്റെ അവസാനിക്കാത്ത ഇരകളില്‍ ഒരാള്‍.

കൊന്നുതള്ളിയത് 18കാരനെ

സജീവ ലീഗ് പ്രവര്‍ത്തകനായ ജ്യേഷ്ഠനെ ഒതുക്കാന്‍ ഒരു രാഷ്ട്രീയവുമില്ലാത്ത അനുജനെയാണ് തളിപ്പറമ്പ് കുപ്പത്തെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ജീവിതത്തിന്റെ എല്ലാ കൗതുകങ്ങളും അറിഞ്ഞുതുടങ്ങിയ 18കാരനെ സിനിമാ തിയേറ്ററില്‍ നിന്നു വലിച്ചിറക്കിയാണ് അവര്‍ വെട്ടിവീഴ്ത്തിയത്. വേട്ടമൃഗങ്ങളെക്കാള്‍ നീചമായ തരത്തിലാണ് തളിപ്പറമ്പിലെ ലത്തീഫിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയത്.

കണ്ണീരുതോരാത്ത ഓര്‍മകളോടെ ലത്തീഫിന്റെ ഉമ്മ സംസാരിച്ചുതുടങ്ങി: ''അന്ന് അവന് 18 വയസ്സായിരുന്നു. എന്റെ ഏറ്റവും ചെറിയ മോനായിരുന്നു ലത്തീഫ്. പഠനം കഴിഞ്ഞു കുറച്ചുനാള്‍ സഹോദരീ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു. നാട്ടിലെത്തി കുറച്ചു മാസം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. അവനു രാഷ്ട്രീയമൊന്നും ഇല്ലായിരുന്നു. അതിനുള്ള പ്രായമൊന്നും ആയിരുന്നില്ല. ഉപ്പ മുഹമ്മദ് കുഞ്ഞിക്ക് വീടിനടുത്ത് മരമില്ലുണ്ടായിരുന്നു. 2002 മെയ് 3, അന്ന് രാത്രിയാണ് എന്റെ മോന്‍ അവസാനമായി വീട്ടില്‍ നിന്നിറങ്ങിയത്. അനുജത്തിയുടെ വിവാഹസല്‍ക്കാരത്തിനുണ്ടായ ബിരിയാണി കഴിച്ചു വീട്ടിലിരിക്കുമ്പോള്‍ മില്ലില്‍ നിന്നു മരമെടുക്കാനാണെന്നു പറഞ്ഞു വീട്ടിലെത്തിയ കൂട്ടുകാരന്‍ സിദ്ദീഖാണ് എന്റെ മോനെ മരണത്തിനു മുന്നിലേക്കു വിളിച്ചിറക്കിയത്. കുറെ നേരം കഴിഞ്ഞിട്ടും ലത്തീഫ് തിരിച്ചെത്തിയില്ല. അവന്‍ വന്നിട്ട് കിടക്കാമെന്നു കരുതി കാത്തിരുന്നു. പിന്നെ അറിഞ്ഞത് എന്റെ കുട്ടിയെ ആരോ വെട്ടിയെന്നാണ്. തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ കണ്ടത് ജീവനില്ലാത്ത മോനെയാണ്.''



സി.പി.എം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ലത്തീഫ് എന്ന 18കാരന്റെ കൊല. രാഷ്ട്രീയ സംഘട്ടനത്തിനിടെ അറിയാതെ സംഭവിച്ചതായിരുന്നില്ല. ലത്തീഫിനെ വീട്ടില്‍നിന്നു വിളിച്ചിറക്കാന്‍ ഏര്‍പ്പാടാക്കിയത് അവന്റെ സുഹൃത്തിനെ തന്നെയായിരുന്നു. സി.പി.എമ്മുകാരനായ സിദ്ദീഖ് പാര്‍ട്ടി നേതാക്കളുടെ വിസാ വാഗ്ദാനത്തില്‍ ആകൃഷ്ടനായാണ് ലത്തീഫിനെ കൊലയാളികള്‍ക്കു മുന്നിലെത്തിച്ചത്. അതിനായിരുന്നു അവനെ സിനിമയ്ക്കു കൊണ്ടുപോയത്. സിനിമ കാണുന്നതിനിടെ അകത്തു കടന്ന കൊലയാളി സംഘം ലത്തീഫിനെ ഉപദ്രവിക്കാന്‍ തുടങ്ങി. സീറ്റിനു പിറകിലിരുന്ന് കുത്തുകയും അടിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ പുറത്തേക്ക് ഓടിയപ്പോള്‍ അവിടെ കാത്തുനിന്നവര്‍ വെട്ടിവീഴ്ത്തി. തന്നെ ആക്രമിക്കുമ്പോഴും സിദ്ദീഖിന്റെ ചതി മനസ്സിലാവാതെ അവനോട് ഓടിരക്ഷപ്പെടാനായിരുന്നു ലത്തീഫ് പറഞ്ഞത്. മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ക്ക് ലത്തീഫ് ഒരു ഇരയേ അല്ലായിരുന്നു. തലയിലും മുഖത്തുമെല്ലാം വെട്ടി അവരവനെ റോഡരികില്‍ തള്ളി. രാത്രി മഴയത്ത് ചോരയൊലിപ്പിച്ചു റോഡരികില്‍ കിടന്ന ലത്തീഫിനെ പോലിസെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. പക്ഷേ, അപ്പോഴേക്കും ആ നിരപരാധിയായ യുവാവ് ജീവന്‍ വെടിഞ്ഞിരുന്നു.

കൊലനടന്ന ഉടനെ സിദ്ദീഖിനെ പാര്‍ട്ടി നേതൃത്വം ഒളിപ്പിച്ചു. നേരത്തേ പറഞ്ഞതുപോലെ വിസ നല്‍കി ഗള്‍ഫിലേക്കയച്ചു. എന്നാല്‍, മനോരോഗിയായി മാസങ്ങള്‍ക്കകം അയാള്‍ നാട്ടില്‍ തിരിച്ചെത്തി. ചതിയിലൂടെ സുഹൃത്തിനെ കൊലയാളികള്‍ക്കു മുന്നിലെത്തിച്ച സിദ്ദീഖ് ഇപ്പോള്‍ തെരുവിലൂടെ അലയുന്നുണ്ട്.

ലത്തീഫിനെ വെട്ടിക്കൊന്ന ശേഷവും സി.പി.എം അക്രമികള്‍ ഉപദ്രവം നിര്‍ത്തിയില്ല. വീടിനു മുന്നിലൂടെ ജാഥ പോവുമ്പോഴെല്ലാം കല്ലെറിഞ്ഞു ജനല്‍ച്ചില്ലും ഓടുമെല്ലാം തകര്‍ക്കും. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ നിരന്തരമായ ഉപദ്രവങ്ങള്‍ക്ക് തുടര്‍ന്നും ആ കുടുംബം ഇരയായി. തുടര്‍ന്ന്, രക്ഷപ്പെടാന്‍ വേണ്ടി പകുതി വിലയ്ക്ക് എല്ലാം വിറ്റ് ആ ഗ്രാമം വിട്ടു. ചെറിയ മകന്‍ കൊലക്കത്തിക്കിരയായ ദുഃഖം പേറി ജീവിച്ച ആ പിതാവ് രണ്ടു വര്‍ഷം മുമ്പു മരിച്ചു.

''എന്റെ കുട്ടി തീരെ ചെറുതായിരുന്നു. എന്തിനാണ് അവനെ ഇല്ലാതാക്കിയത്? എന്റെ മോനെ കൊന്നിട്ട് അവര്‍ക്ക് എന്തു നേട്ടമാണ് ഉണ്ടായത്?'' ലത്തീഫിന്റെ ഉമ്മ ചോദിക്കുന്നു. ഇതിനൊന്നും സി.പി.എം നേതാക്കള്‍ക്ക് ഉത്തരമുണ്ടാവില്ല. വര്‍ഗസമരം, വര്‍ഗശത്രു തുടങ്ങിയ പാര്‍ട്ടി സംജ്ഞകള്‍കൊണ്ടു ന്യായീകരിക്കാനാവാത്തതാണ് ലത്തീഫ് എന്ന 18കാരനെ കൊന്നുതള്ളിയ കാപാലികത.

ശുഐബിന്റെ 'അമ്മ'



കണ്ണൂര്‍ എടയന്നൂരില്‍ മെയിന്‍ റോഡില്‍ നിന്നു കുറച്ചു മാറിയാണ് ദേവകിയമ്മയുടെ വീട്. സി.പി.എം അക്രമികള്‍ ചായക്കടയിലിട്ടു 37 വെട്ടിനു തീര്‍ത്ത ശുഐബിനെ കുറിച്ചു പറയുമ്പോള്‍ ദേവകിയമ്മയ്ക്കു വാക്കുകള്‍ ഇടറും. കണ്ണു നിറയും. ഈ അമ്മയ്ക്കു വീടുണ്ടാക്കിക്കൊടുത്തത് ശുഐബിന്റെ നേതൃത്വത്തിലാണ്. വീട് മാത്രമല്ല, അവരുടെ ഭക്ഷണത്തിന്റെയും ചികില്‍സയുടെയും കാര്യങ്ങള്‍ ശുഐബ് നോക്കിയിരുന്നു. സ്വന്തം മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ദേവകിയമ്മയ്ക്കു ശുഐബിനെ കുറിച്ചു പറയുമ്പോള്‍. ''ശുഐബ് പോയി, കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എന്റെ മകനും. ജീവിതത്തിലെ എല്ലാ സന്തോഷവും കഴിഞ്ഞു.'' ദേവകിയമ്മ പറഞ്ഞുതുടങ്ങി. ''അവന്‍ എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നു. വീടുണ്ടാക്കാനുള്ള എല്ലാം ശുഐബാണ് ചെയ്തത്. അതുവരെ പൊളിഞ്ഞുവീഴാറായ കുടിലിലാണ് പാര്‍ത്തിരുന്നത്. വീടിന്റെ തറ മുതല്‍ എല്ലാ കാര്യങ്ങളും ശുഐബാണ് ചെയ്തത്. അവസാന ദിവസവും അവന്‍ ഇവിടെ എത്തിയിരുന്നു. വീടുപണി തീര്‍ക്കുന്ന കാര്യം സംസാരിച്ചു. പിറ്റേന്ന് അറിഞ്ഞത് അവനെ ആരോ ബോംബെറിഞ്ഞു വെട്ടിക്കൊന്നു എന്നാണ്. എന്തിനാണ് അവര്‍ അവനെ കൊന്നത്? ഇപ്പോള്‍ വീടുണ്ടായി. പക്ഷേ, അവന്‍ പോയി. വയസ്സായതുകൊണ്ട് പുറത്തൊന്നും പോവാറില്ല. പക്ഷേ, ശുഐബ് മരിച്ചപ്പോള്‍ അവനെ കാണാന്‍ പോയിരുന്നു. അവനെ കൊണ്ടുപോവുന്നതു നോക്കി റോഡരികില്‍ നിന്നു. നല്ലൊരു പയ്യനായിരുന്നു. ശുഐബിനു പിന്നാലെ എന്റെ മോനും മരിച്ചു. ഇപ്പോള്‍ വയസ്സുകാലത്ത് ആരുമില്ലാതെ ഒറ്റയ്ക്കാണ് ഞാന്‍. എന്റെ എല്ലാ സന്തോഷവും അവസാനിച്ചു.'' ദേവകിയമ്മയ്ക്കു മാത്രമല്ല എടയന്നൂരില്‍ മറ്റു പലര്‍ക്കും ശുഐബ് താങ്ങുംതണലുമായിരുന്നു.

ആരുമറിയാത്ത സഹായങ്ങള്‍

കൊല്ലപ്പെടുന്നതിന്റെ അന്ന് തന്റെ പക്കല്‍നിന്നു പണം വാങ്ങിയാണ് ശുഐബ് പോയതെന്ന് ഉമ്മ പറഞ്ഞു. നാട്ടിലെ പാവപ്പെട്ട അമ്മയ്ക്കും മക്കള്‍ക്കും അരിയും സാധനങ്ങളും വാങ്ങാനായിരുന്നു ആ പണം. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ അവര്‍ക്ക് എത്തിച്ചുനല്‍കി. അന്നത്തെ ഉച്ചഭക്ഷണം അവരോടൊപ്പമായിരുന്നു. ഭക്ഷണം കഴിച്ചശേഷം ആശുപത്രിയില്‍ ചെന്ന് ഒരു രോഗിക്ക് രക്തവും നല്‍കി. വീണ്ടും രക്തം നല്‍കാനായി രണ്ടുപേരെ ഏര്‍പ്പാടാക്കി. അന്നു മുഴുവന്‍ സഹായ പ്രവര്‍ത്തനങ്ങളിലായിരുന്നു ശുഐബ്. ആരെങ്കിലും സഹായം ചോദിച്ചാല്‍ കൈയില്‍ പൈസയില്ലെങ്കില്‍ കടം വാങ്ങിയിട്ടെങ്കിലും അത്യാവശ്യക്കാരെ സഹായിക്കുന്നതായിരുന്നു അവന്റെ രീതി. സഹായങ്ങളിലധികവും രഹസ്യമായിട്ടായിരുന്നു. ഞങ്ങളെപ്പോലും പലതും അറിയിച്ചിരുന്നില്ല. രണ്ടു ദിവസം മുമ്പ് ഒരാള്‍ കുട്ടിയുമായി കാണാനെത്തിയിരുന്നു. ശുഐബ് അവരെ സഹായിക്കാറുണ്ടായിരുന്നെന്ന് അയാള്‍ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. അതായിരുന്നു എന്റെ മോന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും സി.പി.എമ്മുകാര്‍ക്ക് അവനെ കൊല്ലാനുള്ള വിരോധമുണ്ടെന്ന് അറിഞ്ഞിരുന്നില്ല.

ഒരുപാടു പേര്‍ക്കു സഹായമായിരുന്ന ഒരാളെയാണ് സി.പി.എം ഇല്ലാതാക്കിയത്. രണ്ടു പെണ്‍മക്കള്‍ക്കിടയിലെ ഏക ആണ്‍തരിയായിരുന്നു ശുഐബ്. അവന്റെ വിവാഹം ഉറപ്പിച്ചതായിരുന്നു. ഞങ്ങളുടെ എല്ലാ സ്വപ്‌നങ്ങളുമാണ് സി.പി.എം ഇല്ലാതാക്കിയത്.

ഇപ്പോള്‍ ജയിലിലുള്ളവര്‍ മാത്രമല്ല കൊലയ്ക്ക് ഉത്തരവാദികള്‍. ശുഐബ് ചായകുടിക്കാനെത്തിയത് കൊലയാളികളെ അറിയിച്ച ചായക്കടക്കാരന്‍ മുതല്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും പിടികൂടണം. ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ യൂനിറ്റുണ്ടാക്കാന്‍ ശുഐബിന്റെ എതിര്‍പ്പു കാരണം കഴിയുന്നില്ലെന്നും അതിനാണ് അവനെ ഇല്ലാതാക്കിയതെന്നുമാണ് സി.പി.എം പറയുന്നത്.''

'ഒരാളെ കൊന്നിട്ടു വേണോ സി.പി.എമ്മിനു പ്രവര്‍ത്തിക്കാന്‍, ഒരു മാതാവിനു മകനെ നഷ്ടപ്പെടുത്തിയിട്ടു വേണോ പാര്‍ട്ടി വളര്‍ത്താന്‍?' മറുപടി പറയേണ്ടത് കൊലയാളികളല്ല, അവര്‍ക്ക് ആജ്ഞ നല്‍കുന്ന, കൊലയാളികളെ സംരക്ഷിക്കുന്ന സി.പി.എം നേതാക്കളാണ്.

ഫാഷിസത്തിന് എവിടെയായാലും ഒരു മുഖം

ഭക്ഷണത്തിനു വേണ്ടി നാല്‍ക്കാലികളെ കശാപ്പു ചെയ്യുന്നതിനുപോലും അതിന്റേതായ രീതികളുണ്ട്. ഇരയ്ക്കു ദാഹജലം നല്‍കും. അറുക്കാനുള്ള കത്തി അവയെ കാണിക്കാതെ മാറ്റിവയ്ക്കും. അറുക്കുമ്പോള്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചു വളരെ വേഗം അറവ് തീര്‍ക്കണമെന്നാണ് പ്രവാചകവചനം. ഇത് ആറാം നൂറ്റാണ്ടിലാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത്. അതും പ്രാകൃത ബോധത്തിന്റെ ഇടമെന്നു 'പുരോഗമന' ആശയക്കാര്‍ കുറ്റപ്പെടുത്തുന്ന അറേബ്യയില്‍.

2012 ഫെബ്രുവരി 20നാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. എല്ലാവിധ പുരോഗമന ആശയങ്ങളുടെയും വക്താക്കളെന്നു നടിക്കുന്ന സി.പി.എമ്മുകാരാണ് ഷുക്കൂര്‍ എന്ന 21കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മാരകായുധങ്ങളുമായി പിന്തുടര്‍ന്ന സി.പി.എമ്മുകാര്‍ ഒരു വീട്ടിലേക്ക് ഓടിച്ചുകയറ്റി അവിടെയിട്ട് രണ്ടര മണിക്കൂര്‍ വിചാരണ ചെയ്തു മൊബൈലില്‍ പടമെടുത്ത് ഇരയെ ഉറപ്പുവരുത്തി കൈയുംകാലും കൂട്ടിപ്പിടിച്ചു പാടത്തേക്കു കൊണ്ടുപോയി വെട്ടിക്കൊല്ലുകയായിരുന്നു. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് ഷുക്കൂറിനെ കൊന്നത്. അതിക്രൂരവും അങ്ങേയറ്റം പൈശാചികവുമായിരുന്നു ആ കൊലപാതകം.



ഒരു യുവാവിനെ വിചാരണ നടത്തി വെട്ടിക്കൊല്ലാന്‍ തയ്യാറെടുക്കുന്ന വിവരമറിഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന പോലിസിന്റെ പാര്‍ട്ടി വിധേയത്തവും തങ്ങളുടെ പ്രവര്‍ത്തകന്‍ കൊലക്കത്തിക്കു മുന്നിലാണെന്ന് അറിഞ്ഞിട്ടും സംരക്ഷിക്കാതിരുന്ന മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ ഭീരുത്വവും ഷുക്കൂര്‍ വധത്തിലൂടെ വെളിപ്പെട്ടു.

2012 ഫെബ്രുവരി 20ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും എം.എല്‍.എയായ ടി.വി രാജേഷും സഞ്ചരിച്ച വാഹനം പട്ടുവത്തെ അരിയില്‍ ആക്രമിക്കപ്പെട്ടതിനു പ്രതികാരമായി നേതാക്കളുടെ അറിവോടെയാണ് ഷുക്കൂറിനെ സി.പി.എം അറുകൊല ചെയ്തത്. മുസ്‌ലിംലീഗ്-സി.പി.എം സംഘര്‍ഷം നടന്ന പ്രദേശത്ത് സന്ദര്‍ശനം നടത്തവേയാണ് ജയരാജനും രാജേഷിനും നേരെ അക്രമമുണ്ടായത്. സംഭവം നടന്നു മിനിറ്റുകള്‍ക്കകം നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അരിയില്‍ പ്രദേശം അരിച്ചുപെറുക്കി. മൊബൈല്‍ വഴി ആക്രമിച്ചവരുടെ ചിത്രം കൈമാറി. ഇതിനിടെയാണ് ഷുക്കൂറും മൂന്നു സുഹൃത്തുക്കളും അക്രമിസംഘത്തിനു മുന്നിലെത്തിയത്. വീട്ടിനടുത്തുള്ള കടവില്‍നിന്നു തോണി കയറി കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് ഇറങ്ങിയതായിരുന്നു അവര്‍. അക്രമസംഭവങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ ആക്രമിക്കപ്പെടില്ലെന്നായിരുന്നു അവര്‍ കരുതിയത്. അതുകൊണ്ടുതന്നെ ആയുധങ്ങളുമായി മുന്നില്‍ സി.പി.എമ്മുകാരെ കണ്ടിട്ടും ഭയമുണ്ടായിരുന്നില്ല. എന്നാല്‍, ഇവരെ കണ്ടതോടെ അക്രമികള്‍ ആര്‍പ്പുവിളിച്ചു പിടികൂടാനൊരുങ്ങി. ഇതോടെ, ഷുക്കൂറും കൂട്ടുകാരും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടില്‍ ഓടിക്കയറി. കൈയില്‍ മാരകായുധങ്ങളേന്തിയ 60ഓളം ആളുകള്‍ വീട് വളഞ്ഞു. ഭീഷണിയെ ത്തുടര്‍ന്ന് വീട്ടുടമസ്ഥന്‍ വാതില്‍ തുറന്നു. അതോടെ, സംഘത്തിലൊരാള്‍ അകത്തു കടന്നു വാതിലടച്ചു. മൊബൈലില്‍ വന്ന ഫോട്ടോ ഒത്തുനോക്കി ഇവര്‍ തന്നെയാണ് നേതാക്കളെ ആക്രമിച്ചതെന്ന് ഉറപ്പിച്ചു. ഈ സമയമെല്ലാം ഷുക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു.

ബന്ദികളാക്കപ്പെട്ട മുസ്‌ലിംലീഗുകാരായ മൂന്നുപേരില്‍ ഒരാളെ ബലമായി പുറത്തിറക്കി. കൈകളും തലയും പിടിച്ചു വയലിലെത്തിച്ചു. അവിടെ വച്ച് ഇരുമ്പുവടി കൊണ്ട് കാല്‍മുട്ടുകള്‍ക്ക് അടിക്കുകയും കണ്ണിനു ചവിട്ടുകയും ചെയ്തു. ഇതിനിടെ, അക്രമാസക്തരായ കൂടുതല്‍ പേര്‍ സ്ഥലത്തെത്തി. ഷുക്കൂറും സുഹൃത്ത് സക്കറിയ്യയും അപ്പോഴും ബന്ദിയാക്കപ്പെട്ടു വീട്ടിനുള്ളിലായിരുന്നു. അതിനിടെ, ഇവരെ പല പ്രാവശ്യം വിചാരണ ചെയ്തു. ആ സമയത്തും അവര്‍ രക്ഷതേടി പലര്‍ക്കും ഫോണ്‍ വിളിക്കുന്നുണ്ടായിരുന്നു. പോലിസ് വിവരമറിഞ്ഞെങ്കിലും സ്ഥലത്തെത്തിയില്ല. യു.ഡി.എഫ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ വിവരം പോലിസിനെ അറിയിച്ചെങ്കിലും പോലിസ് അവിടെ പോയില്ല. അക്രമം തടയാന്‍ അവര്‍ക്കു വേണ്ടുവോളം സമയമുണ്ടായിട്ടും അതു ചെയ്തില്ല. വീട്ടിനകത്ത് അടച്ചിട്ട സക്കറിയ്യയെ ആദ്യം പിടികൂടി. അവനെ ഒരാള്‍ പിടിച്ചുവച്ചു, മറ്റൊരാള്‍ വെട്ടി. വെട്ടേറ്റ സക്കറിയ്യയോട് ഓടാന്‍ പറഞ്ഞു. സക്കറിയ്യ വെപ്രാളപ്പെട്ട് ഓടാന്‍ തുടങ്ങി. കുറെ ഓടിയ സക്കറിയ രക്തം വാര്‍ന്നു വയല്‍വരമ്പില്‍ തളര്‍ന്നുവീണു. പിന്നെ മൂന്നുപേര്‍ ഷുക്കൂറിനെ പിടിച്ചു പുറത്തിറക്കി. മാരകായുധങ്ങളുമായി കാത്തിരുന്ന സി.പി.എമ്മുകാരില്‍ മൂന്നുപേര്‍ ഷുക്കൂറിനെ വെട്ടിവീഴ്ത്തി. വെട്ടേറ്റു വീണ ഷുക്കൂര്‍ അവിടെ കിടന്നു മരിച്ചു.

ഷുക്കൂര്‍ വധത്തെ സി.പി.എം നേതൃത്വം പലവിധത്തിലും ന്യായീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കു നേരെ നടന്ന അക്രമത്തിനുള്ള സ്വാഭാവിക തിരിച്ചടിയാണെന്നു വരെ പറഞ്ഞു. ഷുക്കൂറാണ് തന്റെ വാഹനം തടഞ്ഞതെന്നു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ച ജയരാജന്‍ ഷുക്കൂറിന്റേതെന്നു പറഞ്ഞു കാട്ടിയ ഫോട്ടോ അയാളുടേതായിരുന്നില്ല. സി.പി.എമ്മിന് എത്രത്തോളം പൈശാചികമാവാന്‍ സാധിക്കുമെന്ന് അവര്‍ തന്നെ വ്യക്തമാക്കിയതാണ് അരിയില്‍ ഷുക്കൂര്‍ എന്ന എം.എസ്.എഫുകാരന്റെ കൊലപാതകം.

ഗുജറാത്ത് കലാപത്തിന്റെ പ്രതീകമായ കുത്ബുദ്ദീന്‍ അന്‍സാരിയെ സി.പി.എം പൊതുയോഗത്തിന്റെ വേദിയിലെത്തിച്ചു സംഘപരിവാര ഫാഷിസത്തിനെതിരേ സംസാരിപ്പിക്കുമ്പോള്‍ ഷുക്കൂറിനെ വിചാരണ നടത്തി കൊല്ലാന്‍ നിര്‍ദേശം നല്‍കിയവര്‍ അതേ വേദിയിലുണ്ടായിരുന്നു. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഇതേത്തുടര്‍ന്ന് കുത്ബുദ്ദീന്‍ അന്‍സാരിക്ക് എഴുതിയ കത്തില്‍ ഗുജറാത്ത് കലാപത്തില്‍ കുത്ബുദ്ദീന്‍ അന്‍സാരിയോട് സംഘപരിവാരം കാണിച്ച ദയപോലും സി.പി.എമ്മുകാര്‍ തന്റെ മകനോട് കാണിച്ചില്ലെന്നു ഷുക്കൂറിന്റെ മാതാവ് പറഞ്ഞിരുന്നു. ''പ്രാണവിഹ്വലതയാല്‍ ഭയം കത്തിയാളുന്ന നിങ്ങളുടെ കണ്ണുകളും ദൈന്യത നിറഞ്ഞ നോട്ടവും ഗുജറാത്ത് കലാപനാളുകളില്‍ അതിദാരുണമായി കൊല്ലപ്പെടുകയും മൂടിവയ്ക്കപ്പെടുകയും ചെയ്ത ആയിരക്കണക്കിനു മനുഷ്യരെയാണ് പ്രതിനിധീകരിച്ചത്. ഗുജറാത്തില്‍ സംഘപരിവാരത്തിനു മുന്നില്‍ താങ്കള്‍ അകപ്പെട്ടപോലെ കണ്ണൂരിലെ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൈയില്‍ അകപ്പെട്ടുപോയ ഒരു മകനുണ്ടായിരുന്നു എനിക്ക്. 21 വയസ്സു മാത്രമുള്ള അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍. സി.പി.എം ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിക്കോടതി ഉണ്ടാക്കി രണ്ടു മണിക്കൂര്‍ നേരം അവനെ തടഞ്ഞുനിര്‍ത്തി. ആ സമയത്തൊക്കെ എന്റെ പൊന്നുമോന്‍ താങ്കളെപ്പോലെ ജീവനുവേണ്ടി ആര്‍ത്തുകരഞ്ഞു. എന്നാല്‍, 200ഓളം ആളുകളുടെ മുന്നില്‍വച്ചു വെട്ടിയും കുത്തിയും സി.പി.എം കൊന്നുകളഞ്ഞു. സംഘപരിവാരം കാണിച്ച ദയപോലും സി.പി.എം നേതാക്കളും കാപാലികരും കാണിച്ചില്ല. ഫാഷിസമെന്നാല്‍ ഒരു സ്വഭാവമാണ്. അതു സംഘടനയോ ആള്‍രൂപമോ ആവണമെന്നില്ല.'' ഷുക്കൂറിന്റെ മാതാവ് കുത്ബുദ്ദീന്‍ അന്‍സാരിക്കെഴുതിയത് എന്നും പ്രസക്തമാണ്. ഫാഷിസമെന്നതു തങ്ങള്‍ക്ക് ഏറ്റവും നന്നായി ചേരുമെന്നു സി.പി.എം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഒരുപക്ഷേ, ഫാഷിസ്റ്റുകള്‍ക്കുപോലും സാധിക്കാത്തവിധത്തില്‍.




Similar News