ശ്വേതാ ഭട്ട്/നികുഞ്ജ് സോണി
ശ്വേതാ ഭട്ട് ക്ഷീണിതയായിരുന്നു. എങ്കിലും അവരുടെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യവും ശബ്ദത്തില്‍ ദൃഢതയും പ്രകടമായിരുന്നു. തന്റെ ഭര്‍ത്താവ് സഞ്ജീവ് ഭട്ട് രാഷ്ട്രീയ പകപോക്കലിന്റെ ഇരയായിരുന്നുവെന്നതില്‍ അവര്‍ക്കു തെല്ലും സംശയമില്ല. 30 വര്‍ഷം മുമ്പത്തെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള കേസില്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ച വിഷയത്തില്‍ നീതിയുക്തമായ വിചാരണയുണ്ടായില്ലെന്നും മതിയായ രേഖകള്‍ ഹാജരാക്കിയിരുന്നില്ലെന്നും പ്രതിഭാഗത്തിന്റെ സാക്ഷികളെ വിസ്തരിക്കുകയുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
2002 ലെ കലാപത്തെക്കുറിച്ചു നാനാവതി കമ്മീഷനുമുമ്പാകെ മൊഴിനല്‍കിയ ശേഷമാണ് സഞ്ജീവ് വേട്ടയാടപ്പെടാന്‍ തുടങ്ങിയതെന്ന് അവര്‍ പറയുന്നു. ഏതായാലും പൊരുതാന്‍ തന്നെയാണ് ശ്വേത തീരുമാനിച്ചിരിക്കുന്നത്. അവരുടെ വാക്കുകളില്‍ നിന്ന്...
? 30 വര്‍ഷം മുമ്പത്തെ ആ ദിവസം?
ശ്വേതാ ഭട്ട്- സഞ്ജീവ് ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ തടവില്‍ വയ്ക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അധികാരപരിധിയുമായിരുന്നില്ല, ആ സ്ഥലം. ഒരു മേല്‍നോട്ടക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. അദ്ദേഹം ആരെയെങ്കിലും പിടിച്ചുകൊണ്ടുപോവുന്നതോ മര്‍ദിക്കുന്നതോ ആരും കണ്ടിട്ടില്ല. സി.ഐ.ഡി കേസന്വേഷിക്കുകയും അദ്ദേഹം നിരപരാധിയാണെന്നു കണ്ടെത്തുകയും ചെയ്തതാണ്. കോടതി വിചാരണയിലാവട്ടെ ഞങ്ങള്‍ക്കു രേഖകള്‍ ഹാജരാക്കാന്‍ സമയം കിട്ടിയിരുന്നില്ല. മാത്രമല്ല, പ്രധാന ദൃക്‌സാക്ഷികളെ വിസ്തരിച്ചിരുന്നില്ല. നീതിപൂര്‍വകമായ വിചാരണ ലഭിക്കാത്തതുകൊണ്ടു ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. കേസ് വേഗത്തില്‍ തീര്‍പ്പാക്കാനുള്ള തിരക്കിലായിരുന്നു സര്‍ക്കാര്‍.
? സഞ്ജീവ് ഭട്ടിനെ ക്രിമിനല്‍ നടപടി നിയമം 197ാം വകുപ്പു പ്രകാരം വിചാരണ ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നില്ല. സുഹ്‌റബുദ്ദീന്‍ കേസിലെയും മറ്റ് ഏറ്റുമുട്ടല്‍ കൊലക്കേസുകളിലെയും പ്രതികളായ പോലിസുദ്യോഗസ്ഥരെ ഇക്കാരണത്താല്‍ മാത്രം വെറുതെ വിടുകയുണ്ടായിട്ടുണ്ട്.
ശ്വേതാ ഭട്ട്- എന്തായിരിക്കും അതിനു കാരണമെന്നു നിങ്ങള്‍തന്നെ ആലോചിച്ചുനോക്കൂ. സുഹ്‌റബുദ്ദീന്‍, ഇശ്‌റത് ജഹാന്‍ കേസിലെ പ്രതിയായ വന്‍സാരയും മറ്റുള്ളവരും അവരുടെ കേസില്‍നിന്നു രക്ഷപ്പെട്ടു. പക്ഷേ, സഞ്ജീവ് ശിക്ഷിക്കപ്പെട്ടു. ഞങ്ങളാണ് കേസ് താമസിപ്പിച്ചതെന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തിലുള്ള ഒരു പഴയ കേസില്‍ രേഖകള്‍ ഹാജരാക്കാത്തപക്ഷം അതു കിട്ടുകയെന്നതു ഞങ്ങളുടെ ആവശ്യമാണ്. പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. കേസിലെ പ്രധാന സാക്ഷിയായ ഡോ. നാരായണ്‍ റെഡ്ഡിയെ വിസ്തരിക്കുകയുണ്ടായില്ല. മരണപ്പെട്ട വ്യക്തിയുടെ ദേഹത്ത് യാതൊരു പരിക്കുകളുമുണ്ടായിരുന്നില്ലെന്നു കണ്ടെത്തിയ ആളാണദ്ദേഹം. ഹൈക്കോടതിയെ സമീപിച്ചു കേസ് പ്രതിരോധിക്കാന്‍ മാത്രമായിരുന്നു ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നത് (കസ്റ്റഡി മരണത്തില്‍ ആരെയും ശിക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഭട്ടിനെയാണ് ആദ്യമായി അത്തരമൊരു കേസില്‍ ശിക്ഷിച്ചത്).
? അന്യായമാണ് നടന്നതെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ശ്വേതാ ഭട്ട്- 2011ല്‍ നാനാവതി കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയ ശേഷമാണ് അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കമ്മീഷനു മൊഴിനല്‍കുകയെന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. എല്ലാം വ്യക്തമാണ്. രാജസ്ഥാനിലെ ഒരു അഭിഭാഷകനെ മയക്കുമരുന്നു കൈവശം വച്ചുവെന്ന വ്യാജകേസില്‍ കുടുക്കിയെന്നാരോപിച്ചാണ് ഭട്ടിനെ പാലന്‍പൂര്‍ കേസില്‍ ഉള്‍പ്പെടുത്തി ഒമ്പതു മാസം ജയിലിലടച്ചത്. പാലന്‍പൂര്‍ കേസില്‍ അറസ്റ്റ് ചെയ്തു ജാംനഗര്‍ കേസില്‍ അതിവേഗ വിചാരണ നടത്തുകയാണ് ഭരണകൂടം ചെയ്തത്. ജയില്‍വാസത്തിനിടെ ഇപ്പോഴദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. രണ്ടു കേസുകളും ഒരേ ദിവസം വിചാരണ നടത്തുമ്പോള്‍ അദ്ദേഹം ഏതു കേസിനു പോവും. ഒരൊറ്റ ദിവസം അവര്‍ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരെയാണ് വിസ്തരിച്ചത്.
? ആര്‍ക്കാണ് തെറ്റുപറ്റിയത്?
ശ്വേതാ ഭട്ട്- വ്യവസ്ഥയ്‌ക്കെതിരാണ് എന്റെ പരാതി. കിട്ടേണ്ടതായ നീതിപൂര്‍വക വിചാരണ കിട്ടിയില്ല. സഞ്ജീവിനെതിരേ യാതൊരു തെളിവുകളുമില്ല. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ സി.ഐ.ഡി (ക്രൈം) ഉദ്യോഗസ്ഥരെപ്പോലും വിചാരണ ചെയ്തില്ല. കൊലപാതകക്കേസില്‍ ഒരാളെ ശിക്ഷിക്കാന്‍ വ്യക്തമായ തെളിവുകളാവശ്യമുണ്ട്. പക്ഷേ, ഈ കേസില്‍ അതൊന്നുമുണ്ടായില്ല.
? വ്യക്തിപരമായ തകര്‍ച്ച?
ശ്വേതാ ഭട്ട്- ഞാന്‍ ദുഃഖിതയാണ്. എല്ലാ ചെറിയ കാര്യങ്ങളിലും ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഞാന്‍ ദുര്‍ബലയാവുകയില്ല. എന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഏതറ്റം വരെയും പോവാന്‍ ഞാനൊരുക്കമാണ്. അതിനായി ഞാന്‍ ധീരമായി പോരാടും. അനീതിയാണിവിടെ സംഭവിച്ചിരിക്കുന്നത്. ഒരു കുടുംബത്തെ മൊത്തം നശിപ്പിക്കുന്ന ജീവപര്യന്തമാണിത്. ഞങ്ങളുടെ കുടുംബത്തെ നശിപ്പിച്ചിട്ട് സന്തോഷം ലഭിക്കുന്ന സാഡിസ്റ്റുകളാരാണ്. ഇത് ഒരുദ്യോഗസ്ഥന്റെ മാത്രം കാര്യമല്ല. സത്യസന്ധനായ ഒരു ഓഫിസര്‍ക്ക് ഈ ഗതിയാണെങ്കില്‍ ഉദ്യോഗസ്ഥന്മാരെന്തു ചെയ്യും. കലാപകാരികളും കൊലപാതകികളും സൈ്വരമായിരുന്ന് ഭജന നടത്തുകയാണിവിടെ. അത്തരം മൂന്നുനാലുപേര്‍ പറയുന്നതാണ് സര്‍ക്കാരിനു വേദവാക്യം. ഞങ്ങളുടെ ഭാഗത്താരുണ്ട്?
? സഞ്ജീവ് ആകെ നിരാശനാണ്. 30 വര്‍ഷം ആത്മാര്‍ഥമായി ജോലി ചെയ്തിട്ട് അദ്ദേഹത്തിനെന്തു കിട്ടി. സര്‍വീസിലില്ലാതിരുന്നിട്ടും അദ്ദേഹം ബുദ്ധിമുട്ടുകയാണ്. പീനല്‍കോഡിലെ 302ാം വകുപ്പ് തമാശയല്ല.
ശ്വേതാ ഭട്ട്- ഇത്തരമൊരവസ്ഥയില്‍ ഏത് ഉദ്യോഗസ്ഥനും നിരാശനായിപ്പോവും. എല്ലാ ഉദ്യോഗസ്ഥരും നിരാശയിലാണ്. പക്ഷേ, അവര്‍ പറയുന്നില്ലെന്നു മാത്രം. സര്‍ക്കാരും അത്രയേ ആഗ്രഹിക്കുന്നുള്ളൂ- സംസാരിക്കുന്നവര്‍ ഇങ്ങനെ അനുഭവിക്കേണ്ടിവരുമെന്ന സന്ദേശം നല്‍കാന്‍. ഇതെന്റെ മാത്രം പോരാട്ടമല്ല. ജനങ്ങളും ശബ്ദമുയര്‍ത്തണം. ഞാന്‍ നിയമപോരാട്ടമാണ് നടത്തുന്നത്, അവരാവട്ടെ രാഷ്ട്രീയപോരാട്ടവും.
? നിങ്ങളുടെ തിരഞ്ഞെടുപ്പു മല്‍സരം പ്രശ്‌നം സങ്കീര്‍ണമാക്കിയോ?
ശ്വേതാ ഭട്ട്- കുറെ കാരണങ്ങളുണ്ടാവാം. കമ്മീഷനു മുമ്പാകെയുള്ള സഞ്ജീവിന്റെ മൊഴിയോ, സുപ്രിംകോടതിയിലെ അഫിഡവിറ്റോ എന്റെ മല്‍സരമോ ഒക്കെ. പക്ഷേ, ഒരു ജനാധിപത്യത്തില്‍ ഇങ്ങനെയൊക്കെയാവാമോ? എനിക്കെന്റെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ കഴിയണ്ടേ. ആരെയെങ്കിലും കണ്ടാലോ വിളിച്ചാലോ അവരെന്തു കരുതുമെന്നു ചിന്തിച്ച് ഭയപ്പെട്ടു ജീവിക്കാനെനിക്കു കഴിയുമോ. ഇതു ജനാധിപത്യ രാജ്യമല്ലേ. എല്ലാവരും എഴുന്നേറ്റു നിന്നു സംസാരിക്കണം.
? സര്‍ക്കാര്‍ ആനുകൂല്യങ്ങളൊക്കെ ലഭിച്ചോ?
ശ്വേതാ ഭട്ട്- ഇല്ല. സസ്‌പെന്‍ഷന്‍ സമയത്തെ ശമ്പളം അദ്ദേഹത്തിനു നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചു. പെന്‍ഷനോ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളോ നല്‍കിയില്ല. തങ്ങളുടെ മകന്‍ ഒരു ഓഫിസറാവുന്നത് കാത്തിരുന്നതായിരുന്നു ഒരു കുടുംബം മുഴുവനും. യു.പി.എസ്.സി പരീക്ഷ വിജയിക്കുകയെന്നത് ഒരു തമാശയല്ല. ലക്ഷങ്ങളില്‍ ചിലര്‍ മാത്രമാണ് ജയിക്കുന്നത്. ഇത്തരമൊരവസ്ഥ വരുമ്പോള്‍ കുടുംബം മൊത്തത്തില്‍ വേദനിക്കും. അവരെന്റെ വീട് തകര്‍ത്തു. വീടിനകത്തും പുറത്തും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. നിശ്ശബ്ദ സാക്ഷികളുടെ കുറ്റമാണിത്. ജനങ്ങള്‍ സ്വാര്‍ഥരായിരിക്കുന്നു. അവനവനെക്കുറിച്ചു മാത്രമാണ് ചിന്ത. ആര്‍ക്കും പൊരുതണമെന്നില്ല.
കേസിന്റെ നാള്‍വഴികള്‍
1990 ഒക്ടോബറില്‍ അഡീഷനല്‍ പോലിസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട് ജാം നഗറിലെ ജാംജോദ്പൂര്‍ ടൗണിലെ കലാപവുമായി ബന്ധപ്പെട്ടു 150 പേരെ അറസ്റ്റ് ചെയ്തു.
അയോധ്യ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ടു ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി നടത്തിയ രഥയാത്ര തടഞ്ഞതിനെതിരേ നടത്തിയ ബന്ദിനു ശേഷമാണ് കലാപമുണ്ടായത്. കസ്റ്റഡിയില്‍നിന്നു വിട്ടയക്കപ്പെട്ട പ്രഭുദാസ് വൈഷ്ണവിയെന്നൊരു പ്രതി പിന്നീട് ഹോസ്പിറ്റലില്‍ വച്ചു മരണപ്പെട്ടു. അദ്ദേഹത്തെ ഭട്ടും മറ്റു പോലിസുദ്യോഗസ്ഥരും കസ്റ്റഡിയില്‍ മര്‍ദിച്ചതുകൊണ്ടാണ് മരണപ്പെട്ടതെന്ന പരാതിയുമായി പ്രഭുദാസിന്റെ സഹോദരന്‍ അമൃതുഭായി പരാതി നല്‍കി.
1996ല്‍ പാലന്‍പൂരില്‍ വച്ചു മയക്കുമരുന്ന് കൈവശം വച്ചുവെന്നാരോപിച്ച് ഒരാളെ കള്ളക്കേസില്‍ കുടുക്കിയതിന് 2018 സപ്തംബര്‍ 5ന് ഭട്ട് അറസ്റ്റ് ചെയ്യപ്പെട്ടു.
2002ലെ ഗോധ്ര ട്രെയിന്‍ കത്തിക്കലുമായി ബന്ധപ്പെട്ടു മോദി സീനിയര്‍ പോലിസ് ഉദ്യോഗസ്ഥരെ വിളിച്ചു ഭൂരിപക്ഷ സമുദായത്തിനു പ്രതികാരത്തിന് അവസരം നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നതായി സുപ്രിംകോടതിയില്‍ സഞ്ജീവ് ഭട്ട് അഫിഡവിറ്റ് നല്‍കിയത് വമ്പിച്ച ചര്‍ച്ചയായിരുന്നു.
(തേജസ് വാരിക, 12 ജൂലൈ 2019)