അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടയിലേക്ക് തീവണ്ടി പാഞ്ഞുകയറി 50 മരണം

Update: 2018-10-19 15:49 GMT


അമൃത്്‌സര്‍: പഞ്ചാബില്‍ റെയില്‍പാളങ്ങളില്‍ ദസറ ആഘോഷത്തിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് തീവണ്ടി ഇരച്ചുകയറിയതിനെതുടര്‍ന്ന് ചുരുങ്ങിയത് 50 പേര്‍ മരിച്ചു. ദസറ ആഘോഷത്തോടനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുന്നത് കാണാന്‍ തടിച്ചുകൂടിയവരാണ് അപകടത്തിനിരയായത്.
ജലന്ധറില്‍ നിന്നു അമൃത്്‌സറിലേക്കു വരികയായിരുന്നു തീവണ്ടി. ജോഡ ഫതകിലെ റെയില്‍പ്പാളത്തിനടുത്തിനടുത്തുള്ള മൈതാനിയിലെ 'രാവണദഹനം' കാണാന്‍ 300ഓളം പേര്‍ എത്തിയിരുന്നു. 50 മൃതദേഹം കണ്ടെടുത്തുവെന്നും പരിക്കേറ്റ 50 പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അമൃത്്‌സര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഐ രാജേഷ് ശര്‍മ്മ അറിയിച്ചു.
കോലം കത്തുന്നതിനിടെ പടക്കം പൊട്ടിച്ചതോടെ ജനക്കൂട്ടത്തൂല്‍ ഒരു വിഭാഗം റെയില്‍പാളങ്ങളിലേക്ക് പിന്മാറി. അവിടെ നേരത്തെ നിരവധി പേര്‍ കോലം കത്തിക്കലിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. ഒരേസമയം എതിര്‍ദിശയില്‍ നിന്നു രണ്ടു വണ്ടികള്‍ വന്നതിനാല്‍ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചില്ല. വണ്ടികളിലൊന്ന് നിരവധി പേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന് അവര്‍ സൂചിപ്പിച്ചു.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചകില്‍സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിന് കേന്ദ്രം സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ പറഞ്ഞു.

Similar News