സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ മുന്നില്‍

Update: 2018-10-12 17:46 GMT

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തൃശൂരിന്റെ മുന്നേറ്റം. ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പടെ 125 പോയിന്റുമായാണ് തൃശൂര്‍ ജില്ല ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 10 സ്വര്‍ണവും മൂന്ന് വെള്ളിയും 3 വെങ്കലവും നേടി 114 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും 9 വെങ്കലവും നേടിയ പാലക്കാട് ജില്ല 108 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആദ്യദിനത്തില്‍ 31 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ട്രയാത്ലണില്‍ കോഴിക്കോടിന്റെ നന്ദന 1523 പോയിന്റുമായി പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. 2015 ല്‍ മലപ്പുറത്തിന്റെ പിഎസ് പ്രഭാവതി സ്ഥാപിച്ച 1485 പോയിന്റാണ് നന്ദന മറികടന്നത്. അണ്ടര്‍ 18 യൂത്ത് പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ 5.89 മീറ്റര്‍ ദൂരം ചാടി പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച സ്വന്തം പേരിലുള്ള 5.86 മീറ്റര്‍ ദൂരമാണ് ആന്‍സി വീണ്ടും മറികടന്നത്. അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ ഷോട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ മേഘ്ന മറിയം മാത്യു 13.32 മീറ്റര്‍ ദൂരം കീഴടക്കി പുതിയ റെക്കോര്‍ഡിന് ഉടമയായി. 2009 ല്‍ ആലപ്പുഴയുടെ ജെ ശരണ്യ സ്ഥാപിച്ച 12.74 മീറ്ററാണ് ഒമ്പത് വര്‍ഷത്തിന് ശേഷം മേഘ മറികടന്നത്.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ ആലപ്പുഴയുടെ രാജ്കുമാര്‍ 14.25 മീറ്റര്‍ ദൂരം കീഴടക്കി പുതിയ മീറ്റ് റെക്കോര്‍ഡിന് ഉടമയായി. 2009 ല്‍ പാലക്കാടിന്റെ നിഖില്‍ നിഥിന്‍ സ്ഥാപിച്ച 13.22 മീറ്ററാണ് ഒമ്പത് വര്‍ഷത്തിന് ശേഷം രാജ്കുമാര്‍ പഴങ്കഥയാക്കിയത്. അണ്ടര്‍ 18 യൂത്ത് ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സി അഭിനവ് 10.77 സെക്കന്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2009ല്‍ എറണാകുളത്തിന്റെ സുജിത്കുട്ടന്‍ സ്ഥാപിച്ച 10.89 സെക്കന്റാണ് അഭിനവിന് മുന്നില്‍ വഴിമാറിയത്. നിഥിന്‍ സ്ഥാപിച്ച 13.22 മീറ്ററാണ് ഒമ്പത് വര്‍ഷത്തിന് ശേഷം രാജ് കുമാര്‍ പഴങ്കഥയാക്കിയത്. 10.84 സെക്കന്റില്‍ ഫിനിഷ് ചെയ്തു തിരുവനന്തപുരത്തിന്റെ തന്നെ കെ ബിജിതും മീറ്റ് റെക്കോര്‍ഡ് പ്രകടനം നടത്തി. 40 ഫൈനലുകള്‍ നടകളാണ് രണ്ടാം ദിനമായ ഇന്ന് നടക്കുക.
Tags:    

Similar News