മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പീഡനം; ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ 'നാണംകെട്ട' രാജ്യങ്ങളില്‍ ഇന്ത്യയും
ന്യൂഡല്‍ഹി: ഭീകരവാദം ആരോപിച്ചും ദേശ സുരക്ഷയുടെ പേരിലും മനുഷ്യാവകാശ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ 'നാണം കെട്ട' രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉള്‍പ്പെട്ടത്. ഭീകരവാദം ആരോപിച്ച് ജയിലടക്കുക, വിദേശശക്തികളുമായി സഹകരിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുക, ദേശീയതക്ക് കളങ്കം സൃഷ്ടിച്ചെന്ന് ആരോപിക്കുക, ദേശ സുരക്ഷക്ക് ഭീഷണിയാണെന്ന കുറ്റം ചുമത്തുക തുടങ്ങിയവയാണ് ഈ രാജ്യങ്ങളില്‍ മനുഷ്യവകാശ പ്രവര്‍ത്തകരെ വിരട്ടിനിര്‍ത്താന്‍ ഉപയോഗിക്കുന്ന ആയുധങ്ങളെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍, സൗദി അറേബ്യ, റഷ്യ, ചൈന തുടങ്ങി 38 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊലപ്പെടുത്തുക, പീഡിപ്പിക്കുക, കേസില്‍ പെടുത്തുക, നിയമപരമല്ലാതെ അറസ്റ്റ് ചെയ്യുക എന്നിങ്ങനെ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയാണ് വാര്‍ഷിക റിപ്പോര്‍ട്ടായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തയ്യാറാക്കിയത്.
മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരേയും ഇരകളേയും ലക്ഷ്യമിടുക, അവരെ ഉപദ്രവിക്കുക, നിരീക്ഷിക്കുക, കുറ്റവാളിയാക്കുക, സമൂഹത്തില്‍ കളങ്കപ്പെടുത്താനായി പ്രചാരണം നടത്തുക എന്നിവയൊക്കെ ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്നുണ്ട്. 'മനുഷ്യാവകാശത്തിന് വേണ്ടി ധൈര്യപൂര്‍വ്വം ശബ്ദമുയര്‍ത്തുന്നവരോട് ഈ ലോകം കടപ്പെട്ടിരിക്കുന്നുണ്ട്. വിവരങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടത് പ്രകാരം അവര്‍ ഐക്യരാഷ്ട്രസഭയോട് സഹകരിക്കുന്നുണ്ട്. ഞങ്ങളോട് സഹകരിക്കുന്നതിന് അവരെ ശിക്ഷിക്കുന്ന നടപടി ലജ്ജാകരവും ഈ കീഴ്‌വഴക്കം നമ്മള്‍ തടയുകയും വേണം', ഗുട്ടറസ് പറഞ്ഞു.
ബഹൈറൈന്‍, കാമറൂണ്‍, കൊളംബിയ, ക്യൂബ, കോംങ്കോ, ജിബൂട്ടി, ഈജിപ്ത്, ഗ്വാട്ടിമാല, ഗുയാന, ഹോണ്ടുറാസ്, ഹംഗറി, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, മാലി, മൊറോക്കോ, മയാന്‍മര്‍, ഫിലിപ്പീന്‍സ്, റുവാണ്ട, ദക്ഷിണ സുഡാന്‍, തായ്‌ലന്‍ഡ്, ട്രിനിഡാഡ്, ടൊബാഗോ, തുര്‍ക്കി, വെനസ്വേല എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ബലാത്സംഗ ഭീഷണിയും ഓണ്‍ലൈന്‍ വിദ്വേഷ ക്യാംപെയിനും ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.