ന്യൂഡല്‍ഹി: കൊക്കകോളയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലും ജനകീയ പ്രതിഷേധം. കൊക്ക-കോള ബോട്ടിലിങ് പ്ലാന്റ് തങ്ങളുടെ ഭൂമിയിലെ ജലം മുഴുവന്‍ ഊറ്റിയെടുക്കുന്നത് തടയണമെന്നാണ് ഉത്തര്‍പ്രദേശിലെ 18 ഗ്രാമസഭകളും ആവശ്യപ്പെട്ടിരിക്കുന്നത്.
കമ്പനിയുടെ അമിതമായ ജലമൂറ്റല്‍ വര്‍ള്‍ച്ചക്കിടയാക്കുന്നുവെന്നാണ് പരിസ്ഥിതി പ്രചാരണ സംഘടനയും പറയുന്നത്.പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസി ജില്ലയിലെ മെഹദിഗഞ്ച് ഏരിയയിലാണ് ഈ ഗ്രാമങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്.
1999ല്‍ പ്ലാന്റ് ഇവിടെ സ്ഥാപിച്ചത് മുതല്‍ വെള്ളത്തിന് ഈ മേഖലയില്‍ ക്ഷാമമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഗ്രാമവാസികള്‍ പറയുന്നു. കൊക്കകോളയ്ക്ക് മെഹതിഗഞ്ചില്‍ സ്വീകാര്യതയില്ല. ഈ സമയം കൊക്കകോളയ്ക്ക് സ്ഥലംവിടാനുള്ളതാണെന്നും കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമസഭകളുടെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന ഇന്ത്യാ റിസോഴ്‌സ് സെന്ററിലെ അമിത് ശ്രീവാസ്തവ പറഞ്ഞു. കൊക്കകോളയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ഗ്രാമസഭകള്‍ അറിയിച്ചിരിക്കുന്നത്.