ശബരിമല : ബിജെപിക്കൊപ്പം സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി

Update: 2018-10-28 11:05 GMT


വര്‍ക്കല : ശബരിമല വിഷയത്തില്‍ ബിജെപിക്കും സംഘപരിവാറിനുമൊപ്പം സമരത്തിനില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്കു ബിജെപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവില്ലെന്നും അമിത് ഷായ്ക്കു നാക്കുപിഴവു സംഭവിച്ചതാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ശബരിമല പ്രശ്‌നത്തില്‍ തെരുവിലിറങ്ങരുതെന്നു നിര്‍ദേശം നല്‍കിയതായും വെള്ളാപ്പള്ളി അറിയിച്ചു. ഹിന്ദു ആചാരങ്ങളെ അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും യോജിച്ചു പോരാട്ടം നടത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് വെള്ളപ്പള്ളിയുടെ പ്രസ്താവന.
സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് പൗരന്റെ കടമ.
അതല്ലാതെ മറ്റു മാര്‍ഗമില്ല. പരമോന്നത നീതി പീഠം ഒരു വിധി പ്രസ്താവിച്ചാല്‍ അതിനെതിരെ തെരുവിലിറങ്ങി സമരം നടത്തുന്നതിന് എന്ത് പ്രസക്തിയാണുള്ളത്. എസ്എന്‍ഡിപി പ്രവര്‍ത്തകരാരും അത്തരം സമരത്തില്‍ പങ്കെടുക്കില്ല.
സുപ്രിം കോടതി വിധിക്കെതിരെ എസ്എന്‍ഡിപി റിവ്യൂ ഹര്‍ജി നല്‍കാനുമില്ല.
വിശ്വാസികളുടെ ഒപ്പമാണ് ഞങ്ങള്‍. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയ്ക്കു പോകേണ്ടതില്ല. പ്രവര്‍ത്തനം കൊണ്ട് സുപ്രീം കോടതി വിധിയെ മറികടക്കാനാകുമെന്നു വിശ്വസിക്കുന്നു- വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കി

Similar News