മീസാന്‍കല്ലുകള്‍ ഭേദിച്ച് വരുന്ന രക്ത സാക്ഷികളുടെ ഓര്‍മകള്‍; ബോസ്‌നിയന്‍ മുസ്‌ലിം വംശഹത്യയ്ക്ക് 25 വയസ്സ്

യാസിര്‍ അമീന്‍

Update: 2020-07-11 05:54 GMT

    25 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1995 ജൂലൈ 11 മുതല്‍ 22 വരെ 12 ദിവസങ്ങളിലായി ബോസ്‌നിയയിലെ സ്രെബ്രെനിച്ചയില്‍ 8372 മുസ്‌ലിംകളുടെ രക്തം ചാലിട്ടൊഴുകി. നഗരത്തിലെങ്ങും പച്ചമാംസത്തിന്റെ രൂക്ഷഗന്ധം നിറഞ്ഞു. ഇരുട്ട് പരക്കും മുമ്പേ മരണത്തിന്റെ അന്ധകാരത്താല്‍ ചക്രവാളം നിറഞ്ഞു. അമ്മമാരും കൊച്ചു പെണ്‍കുട്ടികള്‍ പോലും കൂട്ടബലാല്‍സംഗത്തിനിരയായി. ഒറ്റക്കുഴിയില്‍ ആയിരങ്ങളുടെ മൃതദേഹങ്ങള്‍ അട്ടിയിട്ട് നിറച്ച് ഭരണകൂടം അവരെ മറമാടി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ബോസ്‌നിയയില്‍ നടന്നത്. കൂട്ടകൊലയ്ക്കുപരി ഇതൊരു വംശഹത്യയായിരുന്നു. 1992 മുതല്‍ 1995 വരെ നീണ്ട ബോസ്‌നിയന്‍ യുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു ഈ വംശഹത്യ.

    


    യൂറോപ്പിന്റെ തെക്കു കിഴക്കന്‍ മേഖലയിലെ രാജ്യമാണ് യൂഗോസ്ലോവിയ. 1991ല്‍ ഈ രാഷ്ട്രം വിഭജിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആഭ്യന്തര യുദ്ധമായിരുന്നു 1992 മുതല്‍ 1995വരെ ബോസ്‌നിയയില്‍ നീണ്ടുനിന്ന മനുഷ്യക്കുരുതിയുടെ പശ്ചാത്തലം. സെര്‍ബിയ, ക്രൊയേഷ്യ, ബോസ്‌നിയ, ഹെര്‍സഗോവിന, മസിഡോണിയ, കോണ്‍ടിനഗ്രോ എന്നീ ആറ് ഘടക റിപ്പബ്ലിക്കുകള്‍ അടങ്ങിയ ഫെഡറേഷനായിരുന്നു യൂഗോസ്ലോവിയ. രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ജോസിഫ് ടിറ്റോയുടെ മരണ ശേഷമാണ് രാജ്യം പതിയെ വിഘടിക്കാന്‍ തുടങ്ങിയത്. ബോസ്‌നിയയിലെ 44 ശതമാനം വരുന്ന മുസ്‌ലിംകളെ മൃഗതുല്യരായിട്ടായിരുന്നു 32.5 ശതമാനമുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കണ്ടത്. ഈ വംശവെറിയാണ് വംശഹത്യയിലേക്കു നയിച്ചത്. പലരും യുദ്ധമെന്നു പറയുമ്പോഴും കേവലം ഒരു യുദ്ധം മാത്രമായിരുന്നില്ല അന്ന് ബോസ്‌നിയയില്‍ അരങ്ങേറിയത്. 20ാം നൂറ്റാണ്ടില്‍ യൂറോപ്പ് കണ്ട ഏറ്റവും രക്തരൂക്ഷിതമായ വംശീയ ശുദ്ധീകരണമായിരുന്നു അത്. വെറും 45 ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കുഞ്ഞു രാജ്യത്ത് 92 മുതല്‍ 95 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 38,000 ത്തോളം പേര്‍ക്കു പരിക്കേറ്റു. ഇരുപതിനായിരത്തിലേറെ സ്ത്രീകള്‍ പട്ടാളക്കാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ട് ഹതാശരായി 22 ലക്ഷം ജനങ്ങള്‍ പാലായനം ചെയ്യേണ്ടി വന്നു. ഈ 'വംശീയ ശുദ്ധീകരണത്തിന്' പിന്നില്‍ അന്നത്തെ ബോസ്‌നിയന്‍ സെര്‍ബ് പ്രസിഡന്റ് റദോവന്‍ കരോജിച്ചിനും പട്ടാള കമാന്ററായിരുന്ന റാറ്റ്‌കോ മ്ലാഡിക്കിനും തുല്യപങ്കായിരുന്നു. 1992ല്‍ മാത്രം തങ്ങളുടെ കിടപ്പറകളിലും തെരുവുകളിലും തടങ്കല്‍പ്പാളയങ്ങളിലും വച്ച് 45,000 മനുഷ്യജീവനുകളാണ് ഈ രണ്ട് വംശവെറിയന്‍മാര്‍ കുരുതികൊടുത്തത്. ബോസ്‌നിയന്‍ തലസ്ഥാനമായ സാരെയെവോയില്‍ നാലുവര്‍ഷം നീണ്ടുനിന്ന ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ നടന്ന ഷെല്ലാക്രമണത്തില്‍ എണ്ണമില്ലാത്ത ആളുകളാണ് കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയതുമുതല്‍ കൃത്യമായി പറഞ്ഞാല്‍ 1993 ഏപ്രില്‍ മുതല്‍ മുസ്‌ലിം ഭൂരിപക്ഷമായിരുന്ന കിഴക്കന്‍ മേഖലയെ ഐക്യരാഷ്ട്ര സഭ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം സമാധാന സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തിരുന്നു. ഈ സുരക്ഷ തകര്‍ത്താണ് റാറ്റ്‌കോ മ്ലാഡിക്കിന്റെ സൈന്യം 1995 ജൂലൈ 11ന് രാവിലെ സ്രെബ്രെനിച്ചയിലേക്ക് അതിക്രമിച്ച് കടന്നത്. 5000ത്തോളം വരുന്ന സത്രീകളെയും കുട്ടികളെയും യുഎന്‍ സമാധാന സേന അവരുടെ ബേസിലേക്ക് മാറ്റിയെങ്കിലും സെര്‍ബിയന്‍ സൈന്യം പുറത്ത് തമ്പടിച്ചു. സമാധാന സേനയ്ക്ക് ചെറുത്ത് നില്‍ക്കാനായില്ല. പതിയെ സ്ത്രീകളെയും കുട്ടികളെയും സെര്‍ബിയന്‍ സൈന്യം യുഎന്‍ ബേസിന് പുറത്തെത്തിച്ചു. തുടര്‍ന്നുള്ള 12 ദിവസങ്ങളിലായി 8000ത്തോളം മനുഷ്യരെ അരുംകൊല ചെയ്തു. കൃത്യമായി പറഞ്ഞാല്‍ 8372 മുസ്‌ലിം പുരുഷന്‍മാരെയും കുട്ടികളെയുമാണ് സേന കൊന്നുകളഞ്ഞത്. ചുറ്റുമുള്ള വനങ്ങളിലേക്ക് രക്ഷപ്പെട്ട് പോയ നൂറുകണക്കിന് പുരുഷന്‍മാരെ വളഞ്ഞിട്ട് വെടിവച്ചു കൊന്നു. 20ാം നൂറ്റാണ്ടില്‍ യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശഹത്യയാണ് മ്ലാഡിക്കിന്റെ നേതൃത്വത്തില്‍ നടന്നത്.

    


    കന്നുകാലികളെ പോലെ അരിഞ്ഞുതള്ളിയ മനുഷ്യരുടെ മൃതദേഹങ്ങള്‍ ഒറ്റ കുഴിയെടുത്താണ് അന്ന് മൂടിയത്. കുറ്റകൃത്യത്തിന്റെ തോത് കുറയ്ക്കാന്‍ വേണ്ടി ഈ കൂട്ടകുഴിമാടം പിന്നീട് തോണ്ടുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീകളേയും പിഞ്ചു കുട്ടികളേയും സൈന്യം കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തു. യൂഎന്‍ ബേസില്‍ നിന്ന് അഭയാര്‍ത്ഥികളെ പുറത്തിറക്കുമ്പോള്‍ സെര്‍ബ് സൈന്യം ആദ്യം ചെയ്തത് സ്ത്രീകളെയും പുരുഷന്‍മാരെയും വേര്‍തിരിക്കുകയായിരുന്നു. പുരഷന്‍മാരും ആണ്‍കുട്ടികളും അടക്കം 8,000ത്തോളം പേരെ അവര്‍ വധിച്ചു. പിന്നീട് സൈന്യം ചെയ്തത് പിഞ്ചു കുഞ്ഞുങ്ങളെയടക്കം ബലാല്‍സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിടെ രക്ഷപ്പെട്ട് ക്രൊയോഷ്യന്‍ അഭയാര്‍ത്ഥി ക്യാംപില്‍ എത്തിയ അസീജ എന്ന സ്ത്രീ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് 'വീടിനകത്ത് കടന്ന സെര്‍ബ് പട്ടാളം തങ്ങളുടെ പുരുഷന്‍മാരെ മുഴുവന്‍ വെടിവച്ചുകൊന്നു. അവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ വച്ച്, ഞങ്ങളുടെ കുട്ടികളുടെ മുന്നില്‍വച്ച് അവര്‍ തങ്ങളെ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു. ഇങ്ങനെ സ്വന്തം ഉറ്റവരുടെയും ഉടയവരുടെയും മൃതദേഹങ്ങള്‍ക്കിടയില്‍ പിച്ചിച്ചീന്തപ്പെട്ടത് പതിനായിരങ്ങള്‍ വരുന്ന മുസ്‌ലിം സ്ത്രീകളുടെ മാനവും സ്വത്വവുമായിരുന്നു.     

    


ബോസ്‌നിയയില്‍ മാനഭംഗത്തിനിരയായ 20 സ്ത്രീകളെ നേരിട്ടുകണ്ട് സംസാരിച്ച പ്രമുഖ എഴുത്തുകാരിയായ അലക്‌സാണ്ടര്‍ സ്റ്റിഗ്ലാമേയര്‍ 'മാസ് റേപ്പ്' എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകം ഒരോ സെര്‍ബിയന്‍ മുുസ്‌ലിം സ്ത്രീയും അനുഭവിച്ച നോവിന്റെയും അരക്ഷിതാവസ്ഥയുടെയും നേര്‍ സാക്ഷ്യങ്ങളാണ്. തങ്ങളുടെ പുരുഷന്‍മാരെ നിരനിരയായി നിര്‍ത്തിയ ശേഷം ഓരോരുത്തരെയായി വെടിവച്ചുകൊന്നെന്നും പിന്നീട് അവര്‍ ഞങ്ങളെ തോക്കുചൂണ്ടി ബലാല്‍സംഗം ചെയ്തുവെന്നും അഭയമോ അന്നമോ ഇല്ലാതെ തങ്ങള്‍ വെറും ജീവച്ഛവങ്ങളായിതീര്‍ന്നു എന്നും അവര്‍ പറയുന്നു. ഇതിനെല്ലാം നേത്യത്വം കൊടുത്തത്് സെര്‍ബ് നേതാവ് റദോവന്‍ കരോജിച്ച്, റാറ്റ്‌കോ മ്ലാഡിക് എന്നിവരായിരുന്നു. വംശഹത്യയില്‍ കരോജിച്ച് കുറ്റകാരനാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. 2008ല്‍ ഇയാള്‍ അറസ്റ്റിലായി.

    


എഴുപതുകാരനായ റദോവന്‍ കരോജിച്ചിനുമേല്‍ 11 കുറ്റങ്ങളാണ് ചുമത്തിയത്. ഇതില്‍ പത്തും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തെളിഞ്ഞു. 40 വര്‍ഷം തടവുശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്. ഒന്നര പതിറ്റാണ്ടു കാലം ഒളിവിലായിരുന്ന മ്ലാഡിച്ചിനെ പിടിച്ചത് 2011ല്‍ റുമേനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു ബന്ധു വീട്ടില്‍ നിന്നായിരുന്നു. സെര്‍ബിയയിലെ കശാപ്പുകാരന്‍ എന്ന് അറിയപ്പെടുന്ന ഇയാള്‍ക്ക് ജീവപര്യന്തം തടവാണ്‌ഐക്യരാഷ്ട്ര സഭയുടെ യുദ്ധകുറ്റ ട്രൈബ്യൂണല്‍ വിധിച്ചത്.

    വെറും 25 വര്‍ഷങ്ങള്‍ക്കിപ്പുറവും വലതുപക്ഷരാജ്യങ്ങളില്‍ കുമിഞ്ഞുകൂടുന്ന മുസ്‌ലിം വിരുദ്ധത മനുഷ്യകുലത്തിന് മുന്നില്‍ വലിയൊരു ചോദ്യചിഹ്നമാണ്. ഇനിയും ആട്ടിയോടിക്കാന്‍ ഭൂമിയില്‍ ഇടംതേടുന്നവര്‍ക്കും, അട്ടിയിട്ടു മറമാടാന്‍ കുഴിതോണ്ടുന്നവര്‍ക്കും കാലം കൊടുക്കുന്ന ഉത്തരം വലുതായിരിക്കും. വംശഹത്യാ മുനമ്പുകളിലെ കൂട്ടകുഴിമാടങ്ങളില്‍നിന്ന്് മീസാന്‍കല്ലുകള്‍ ഭേദിച്ചുവരുന്ന നിരപരാധികളുടെ നിലവിളിക്ക് കാലംകരുതിവച്ച കാവ്യനീതിയുടെ വാള്‍ത്തിളക്കം ഉണ്ടാവും, തീര്‍ച്ച.

25 years of Bosnian Muslim genocide

Full View


Tags:    

Similar News