അട്ടപ്പാടിയും കേരളത്തിലാണ്

'തുടര്‍ച്ചയായ ശിശുമരണവുമായി ബന്ധപ്പെട്ടാണ് എന്നും അട്ടപ്പാടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍, ഇവിടത്തെ പൊതുബോധത്തില്‍ തളംകെട്ടി നില്‍ക്കുന്ന വംശീയത കാരണം അതിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് എത്രയോ അകലെയായിരിക്കും റിപോര്‍ട്ടുകളേറെയും. കാരണം, മേല്‍ക്കോയ്മാ മാധ്യമങ്ങളെ ഭരിക്കുന്നത് വംശീയതയില്‍ പിറവികൊണ്ട ബ്രാഹ്മണ്യമാണ്.'

Update: 2022-04-26 09:06 GMT

അഭിലാഷ് പടച്ചേരി

അട്ടപ്പാടിയെ കുറിച്ചു പറയുമ്പോഴെല്ലാം ഓര്‍മവരുന്നത് മധുവിന്റെ കൊലപാതകശേഷം അട്ടപ്പാടിയിലേക്കുള്ള യാത്രയാണ്. മധുവിന്റെ കൊലപാതകം നടക്കുന്നത് 2018 ഫെബ്രുവരി 22നായിരുന്നു. മേല്‍ക്കോയ്മാ മാധ്യമങ്ങളുടെ മാപ്പ് ഘോഷയാത്ര കഴിഞ്ഞു സെന്‍സേഷനല്‍ ആരവങ്ങള്‍ക്കു ശേഷം മാര്‍ച്ച് 13നാണ് അട്ടപ്പാടി ചുരം കയറുന്നത്. മനോഹരമായ ആ ചുരം താണ്ടിയെത്തുന്നത് അതിലേറെ മനോഹരമായ പ്രദേശത്തേക്കാണെന്ന ബോധ്യമുണ്ട്. മധുവിന്റെ കൊലപാതകവും അതേത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും സംവാദങ്ങളും ആദിവാസികളോടുള്ള കുടിയേറ്റ ജനതയുടെ വംശീയ കാഴ്ചപ്പാടുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വിപരീതാനുഭവമാണ് ഉണ്ടായത്. അഗളിയിലെത്തിയ ഉടന്‍ കാണുന്നത്, ബസ്സില്‍ മദ്യപിച്ചു ബഹളം വച്ചതിന് ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു പുറത്താക്കുന്ന കാഴ്ചയാണ്. ഇതേപോലെ ഒരു വെളുത്തവന് ഈ അവസ്ഥ കേരളത്തിലുണ്ടാവുമോ എന്നു ചോദിച്ചാല്‍ ഉണ്ടാവില്ലെന്നു തന്നെയേ പറയാന്‍ സാധിക്കൂ. അതിന്റെ മറ്റൊരു ഉദാഹരണമാണ് മധുവിന്റെ കൊലപാതകക്കേസ് നാലുവര്‍ഷമായിട്ടും വിചാരണ നടക്കാതെ ഇഴഞ്ഞുനീങ്ങുന്നത്. തുടര്‍ച്ചയായ ശിശുമരണവുമായി ബന്ധപ്പെട്ടാണ് എന്നും അട്ടപ്പാടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍, ഇവിടത്തെ പൊതുബോധത്തില്‍ തളംകെട്ടി നില്‍ക്കുന്ന വംശീയത കാരണം അതിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് എത്രയോ അകലെയായിരിക്കും റിപോര്‍ട്ടുകളേറെയും. കാരണം, മേല്‍ക്കോയ്മാ മാധ്യമങ്ങളെ ഭരിക്കുന്നത് വംശീയതയില്‍ പിറവികൊണ്ട ബ്രാഹ്മണ്യമാണ്.

പോഷകാഹാരക്കുറവും മരണങ്ങളും

അട്ടപ്പാടി താവളത്ത് ആദിവാസി യുവതിയായ തുളസി ബാലകൃഷ്ണനും അവരുടെ ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഇത്തവണ മാധ്യമങ്ങളില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ ഇടംപിടിച്ചത്. അരിവാള്‍ രോഗബാധിത കൂടിയായിരുന്ന തുളസി എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് 2021 നവംബര്‍ 20ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറയില്‍ ചികില്‍സ തേടിയത്. ഗര്‍ഭകാലത്ത് ലഭിക്കേണ്ടിയിരുന്ന പോഷകാഹാരക്കുറവിനുള്ള ധനസഹായം മാസങ്ങളായി ലഭിച്ചില്ലെന്നു പിന്നീട് ഐടിഡിപി ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും കുറ്റസമ്മതം പുറത്തുവന്നു. ആ ഒരു മാസത്തിനിടെ പത്തിലധികം കുട്ടികളാണ് പോഷകാഹാരക്കുറവു കാരണം ഭരണകൂട കൊലപാതകത്തിന് ഇരയായത്. അട്ടപ്പാടിയിലെ ശിശുമരണം മാധ്യമ വാര്‍ത്തയായതോടെയാണ് ആദിവാസി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള ഈ പദ്ധതി സര്‍ക്കാര്‍ 2013ല്‍ പ്രഖ്യാപിച്ചത്. 18 മാസംവരെ ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കാനായിരുന്നു ഉത്തരവ്. ഗര്‍ഭിണികളുടെയും അമ്മമാരുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് അവര്‍ക്കു സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാന്‍ പ്രതിമാസം സാമ്പത്തികസഹായം നല്‍കുന്നതാണ് ജനനി ജന്മരക്ഷ. ഈ പദ്ധതി പ്രകാരം ലഭിക്കേണ്ട തുക ഇവര്‍ക്കു ലഭിക്കുന്നത് പ്രസവശേഷമായിരിക്കും, പ്രസവിച്ചു കുട്ടിക്ക് അഞ്ചു വയസ്സാവുമ്പോള്‍ തുക കിട്ടിയവരും ഇവിടെയുണ്ട്. ആദിവാസികള്‍ക്കിടയില്‍ വിഭാവനം ചെയ്ത പദ്ധതികളെല്ലാം ഇങ്ങനെ തന്നെയാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നഗരകേന്ദ്രീകൃതമായ ആവാസവ്യവസ്ഥകളെ മാത്രമേ പരിഗണിക്കുകയും പരിപോഷിപ്പിക്കുകയുമുള്ളൂ. കൊവിഡാനന്തരം ആദിവാസി മേഖലകളിലേക്കു സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് മാറ്റിവയ്ക്കാത്തതു കാരണം നിലച്ചുപോയ നിരവധി പദ്ധതികളുണ്ട്, അതില്‍ ഒന്നുമാത്രമാണ് ജനനി ജന്മരക്ഷാ പദ്ധതി.

ആദിവാസികള്‍ക്കു പോഷകാഹാരക്കുറവ് എങ്ങനെയാണ് ഉണ്ടായതെന്ന ചോദ്യം പൊതുമണ്ഡലത്തില്‍ മുഴങ്ങിക്കേള്‍ക്കാറില്ല, അതുകൊണ്ടുതന്നെ അവര്‍ അനുഭവിച്ചുപോന്നിരുന്ന തനത് സംസ്‌കാരങ്ങളെക്കുറിച്ചും ആരും ചിന്തിക്കില്ല. യുഎസിനു തുല്യമായ ശിശുമരണ നിരക്കാണ് കേരളത്തിലേതെന്നു സാംപിള്‍ രജിസ്ട്രേഷന്‍ സംവിധാനത്തിലെ ഡാറ്റ പുറത്തുവന്നിട്ട് ഒരു മാസം തികയുമ്പോഴാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ എന്ന കാര്യവും നാം ബോധപൂര്‍വം മറക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 304,60 ആണ്. അതായത്, അവിടത്തെ മൊത്തം ജനസംഖ്യയുടെ 44 ശതമാനം. 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. 1951ലെ സെന്‍സസ് പ്രകാരം 11,300 ആണ് അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ, ഇത് അന്നത്തെ മൊത്തം ജനസംഖ്യയുടെ 90.26 ശതമാനമായിരുന്നു. അന്ന് ആദിവാസിയിതര ജനസംഖ്യ 1100 ആയിരുന്നെങ്കില്‍ ഇന്നത് 69,723 ആണ്. ഭൂവുടമസ്ഥതയിലും ഇതേ കാര്യം തന്നെയാണ് പ്രതിഫലിക്കുകയെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ മലയാളിലോകം സ്വീകരിച്ച നഞ്ചിയമ്മയടക്കം ആയിരക്കണക്കിന് ആദിവാസികള്‍ അവരുടെ അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടി കേസുമായി സര്‍ക്കാര്‍ ഓഫിസുകളും കോടതി വരാന്തകളും കയറിയിറങ്ങുന്നുണ്ട്. ഒരുകാലത്ത് നന്നായി കൃഷിചെയ്തു ജീവിച്ചുപോന്നിരുന്ന സമൂഹത്തെയാണ് ഇവിടത്തെ മേല്‍ക്കോയ്മാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍ക്കാരുകളും ചേര്‍ന്നു കൂലിപ്പണിക്കാരാക്കി മാറ്റിയത്. മണ്ണിന്റെ അവകാശികളെ 'കോളനികളില്‍' തളച്ചിട്ടത്. ഇരുളര്‍, മുഡുകര്‍, കുറുമ്പര്‍ എന്നീ മൂന്ന് ആദിവാസി വിഭാഗങ്ങളാണ് അട്ടപ്പാടിയില്‍ ജീവിക്കുന്നത്. 192 ഊരുകളിലായി 8,589 കുടുംബങ്ങളാണ് താമസിക്കുന്നത്. വെറും അരലക്ഷം ജനങ്ങളെ സേവിക്കാന്‍ ഇടതിനും വലതിനും അറിയാഞ്ഞിട്ടല്ല, അവരുടെ പരിഗണനയില്‍ ആദിവാസികള്‍ ഇല്ലായെന്നതു തന്നെയാണ്. പക്ഷേ, ഇത്തരം ഇടങ്ങള്‍ തേടിപ്പിടിച്ചു വരുതിയിലാക്കാന്‍ സംഘപരിവാരം നടക്കുന്നുണ്ട്, അട്ടപ്പാടിയിലും അതു കാണാം.

ആശുപത്രികളെ തകര്‍ക്കുന്ന വിധം

ആദിവാസി ക്ഷേമത്തിന് അനുവദിച്ച 100 ശതമാനം ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്് കോട്ടത്തറ. അതിപ്പോള്‍ കോട്ടത്തറ ജനറല്‍ ആശുപത്രിയാണ്. ഇതേ സ്ഥിതിവിശേഷമാണെങ്കില്‍ നാളെ അങ്ങനെയൊരു സ്ഥാപനം അവിടെയുണ്ടാവുമോയെന്നതു സംശയമാണ്. ഇക്കഴിഞ്ഞ മാസമാണ് അവിടെ നിലവിലുണ്ടായിരുന്ന എട്ടോളം തസ്തികകള്‍ റദ്ദാക്കിയത്. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ നശിപ്പിക്കുന്നതിനു തുടക്കമിടുന്നത് പി കെ ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കെയാണ്. അങ്ങനെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ജനറല്‍ ആശുപത്രിയായി മാറി. ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ആദിവാസികള്‍ അഭയാര്‍ഥികളായി. നാടിന്റെ വികസനം ആദിവാസികള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ലഭിക്കട്ടേയെന്നായിരുന്നു ഇടതു സര്‍ക്കാരിന്റെ ന്യായീകരണം. ആശുപത്രി വികസനത്തിന് ആരോഗ്യവകുപ്പിനു ഫണ്ടില്ലെന്നതു വേറെ കാര്യം. ജനറല്‍ വിഭാഗത്തിലുള്ള രോഗികള്‍ ഡോക്ടര്‍മാരുടെ വീട്ടില്‍ പൈസയുമായെത്തും. അതിനാല്‍, പലര്‍ക്കും ആദിവാസികളോടു താല്‍പ്പര്യമില്ലെന്ന കാര്യവും വിസ്മരിക്കരുത്. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ ആദിവാസികളോടു സ്‌നേഹപൂര്‍വമല്ല പെരുമാറുന്നത്. അതിനു പരിഹാരമായി ഡോ. പ്രഭുദാസ് ആദിവാസികളെത്തന്നെ ജീവനക്കാരായി നിയമിച്ചിരുന്നു. എന്നാല്‍, പിന്നീട് അവരെയെല്ലാം പിരിച്ചുവിട്ടു. ജനിച്ച മണ്ണില്‍ ആത്മാഭിമാനത്തോടെ ചികില്‍സപോലും നേടാന്‍ കഴിയാത്തവരായി ആദിവാസികളെ മാറ്റിത്തീര്‍ക്കുകയായിരുന്നു ഭരിക്കുന്നവര്‍ ചെയ്തത്. ഇത്തവണ ശിശുമരണം വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ എത്തുകയും അത്യാധുനിക ആംബുലന്‍സ് പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും അവരുടെ ആവാസവ്യവസ്ഥയില്‍ തന്നെയുള്ള കോട്ടത്തറ ആശുപത്രിയിലെ ബെഡ് സൗകര്യവും ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കാനോ തയ്യാറായില്ല. അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നയമായേ ഇതിനെ കാണാന്‍ സാധിക്കൂ.

പദ്ധതികളും പണം ചിലവഴിക്കലും രേഖകളില്‍ മാത്രം

2013ലെ ശിശുമരണ വാര്‍ത്തകള്‍ക്കു പിന്നാലെ അട്ടപ്പാടിക്കായി പുതിയ വികസന പാക്കേജ് നടപ്പാക്കുമെന്ന് അന്നു പട്ടികജാതി വികസന മന്ത്രി പി കെ ജയലക്ഷ്മി പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ അമൃതം പൊടിയാല്‍ സമൃദ്ധമായ അങ്കണവാടികള്‍, സാമൂഹിക അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യുന്ന ഊരുകള്‍, ഗര്‍ഭിണികള്‍ക്കു പ്രത്യേക ആരോഗ്യപരിരക്ഷ, അടിസ്ഥാന ജീവിത സൗകര്യമൊരുക്കുന്ന പുതിയ പദ്ധതികള്‍, കാര്‍ഷിക മേഖലയില്‍ പാരമ്പര്യ കൃഷി എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 'പൂള്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗക്കാരുടെ പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കാനായി കൃഷിവകുപ്പു മുഖേന 3.10 കോടിയുടെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, വകുപ്പു മുഖേന ആര്‍ട്ടിക്കിള്‍ 275(1) പ്രകാരം 40 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കി. വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് ഒരു കോടി അനുവദിച്ചെന്നും രേഖകള്‍ പറയുന്നു. ആകെ നാലു കോടി രൂപയാണ് കാര്‍ഷിക മേഖലയിലെ പാരമ്പര്യ കൃഷിക്ക് ചെലവഴിച്ചത്. മാത്രമല്ല, 2013-14 വര്‍ഷത്തില്‍ പട്ടികവര്‍ഗ വകുപ്പ് 'അട്ടപ്പാടിയില്‍ 50 പേര്‍ക്ക് ഉഴവുകാളകളും 65 പേര്‍ക്കു കിടാരികളും 128 പേര്‍ക്ക് ആടുകളും വിതരണം ചെയ്തിരുന്നു'വെന്നാണ് രേഖകളിലുള്ളത്. എന്നാല്‍, ഇത്തരത്തിലെല്ലാം പാരമ്പര്യകൃഷി വികസിപ്പിച്ചിട്ടും ആനുകൂല്യം നല്‍കിയിട്ടും ശിശുമരണം സംഭവിക്കുന്നതെങ്ങനെ? അട്ടപ്പാടിയില്‍ കൃഷി നടത്തണമെങ്കില്‍ താഴെ പുഴയില്‍നിന്നു വെള്ളമെത്തിക്കണം. ജലസേചനത്തിന് എന്തെങ്കിലും സൗകര്യം സര്‍ക്കാര്‍ ചെയ്യുകയാണെങ്കില്‍ പൊന്നു വിളയിക്കാമെന്ന് അന്നും ഇന്നും ആദിവാസികള്‍ പറയുന്നു. എന്നാല്‍, ഇത്തരം ജലസേചന സൗകര്യം നല്‍കാന്‍ സര്‍ക്കാരും കൃഷിവകുപ്പും ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരം പദ്ധതികളുടെ കണക്ക് പരിശോധിച്ചാല്‍ ആയിരക്കണക്കിനു ക്വിന്റല്‍ ഭക്ഷ്യധാന്യം വിളവെടുത്തിട്ടുണ്ടാവാം. ഇത്രയും ഉല്‍പ്പാദനം നടന്നെങ്കില്‍ ആദിവാസികള്‍ക്ക് ഇനിയും സാമൂഹിക അടുക്കളയുടെ ആവശ്യമില്ല, അവര്‍ സ്വയംപര്യാപ്തരായിട്ടുണ്ടാവും. എന്നാല്‍, നേരെ മറിച്ചാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ശിശുമരണവും വിളര്‍ച്ചാ രോഗവും അട്ടപ്പാടിയെ വരിഞ്ഞുമുറുക്കുന്നത്.

ഈയടുത്ത് അട്ടപ്പാടിയിലെ മൂലഗംഗല്‍ ഊരില്‍ പോയപ്പോള്‍ റാണിയെന്ന 23കാരിയായ ആദിവാസി യുവതി പറഞ്ഞത് ഇങ്ങനെയാണ്: 'ഞങ്ങള്‍ തൊഴിലുറപ്പിനാണ് പോവുന്നത്. നമ്മുടെ മണ്ണില്‍ നമ്മള്‍ റാഗിയും തുവരയും കിഴങ്ങുകളും വാഴയും കൃഷിചെയ്തിരുന്നു. എന്നാല്‍, കൃഷിക്കാവശ്യത്തിനുള്ള വെള്ളമെടുക്കുന്ന അരുവികള്‍ സപ്തംബറോടെ ഉറവ വറ്റും. പിന്നെങ്ങനെ കൃഷി ചെയ്യും?' ഈ സാഹചര്യത്തിലാണ് സമാന്തര സര്‍ക്കാര്‍ സംവിധാനവുമായി പല ഊരുകളിലും ആര്‍എസ്എസ് അനുകൂല എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് കടന്നുവരുന്നതെന്നത്.

കീശ വീര്‍പ്പിക്കുന്ന എന്‍ജിഒകള്‍

അട്ടപ്പാടിയിലെ ശിശുമരണത്തില്‍ ഏറെ സന്തോഷിക്കുന്നവര്‍ എന്‍ജിഒകളാണ്. ആദിവാസി ഭൂമി പ്രശ്‌നം ചര്‍ച്ചയായപ്പോള്‍ ആദിവാസികള്‍ക്കു വിട്ടുനല്‍കുമെന്ന് അന്നത്തെ മന്ത്രിസഭ പ്രഖ്യാപിച്ച വട്ടലക്കി ഫാമിന്റെ 100 ഏക്കര്‍ പട്ടികജാതി കമ്മീഷന്‍ മുന്‍ ചെയര്‍മാന്റെ സ്വന്തം എന്‍ജിഒയുടെ കൈവശമാണ് ഇപ്പോഴുള്ളത്. ഇദ്ദേഹം അഹാഡ്‌സ് ചെയര്‍മാനായിരുന്നപ്പോഴാണ് വട്ടലക്കിയിലെ 100 ഏക്കര്‍ പാട്ടത്തിനെടുത്തത്. വേലി തന്നെ വിളവ് തിന്നുന്ന ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണിത്. അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന എന്‍ജിഒകളിലൊന്നാണ് ആദി. ജസ്യൂട്ട് സഭയുടെ എന്‍ജിഒയാണ് ഇത്. മരണവും ജനനവും ജീവിതത്തിന്റെ ഭാഗമാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ അട്ടപ്പാടിയിലെ ആദിവാസികള്‍ വലിയ ദുരിതം നേരിടുന്നില്ലെന്നാണ് ആദിക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. നല്ലശിങ്കിയില്‍ മലങ്കര സഭ കാറ്റാടിക്കമ്പനി കൈയേറിയ ഭൂമിക്കരികിലാണ് ഇവരുടെ കൗണ്‍സലിങ് കേന്ദ്രം. അവിടെ ലഹരിയില്‍ നിന്നുള്ള മോചനത്തിനായി അച്ചന്മാര്‍ 10 ദിവസത്തേക്ക് 3,000 രൂപയ്ക്കു പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നു. ഈ സ്ഥാപനം നിര്‍മിച്ചത് വരടിമലയിലെ ആദിവാസികളുടെ ഊരുഭൂമി കൈയേറിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, കേസുമായി മുന്നോട്ടുപോവാന്‍ ആദിവാസികള്‍ക്കു കഴിഞ്ഞില്ല. അതായത്, ആദിവാസി ഭൂമികള്‍ കൈയേറി, അവര്‍ക്കുവേണ്ടി എന്നുപറഞ്ഞു സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയും ആദിവാസികളുടെ സംസ്‌കാരത്തെയും ജീവിതത്തെയും അവര്‍ക്കെതിരായി നടക്കുന്ന വംശീയാധിനിവേശത്തെയും മറയാക്കി കച്ചവടം നടത്തുകയും ചെയ്യുക മാത്രമാണ് ബഹുഭൂരിപക്ഷം എന്‍ജിഒകളും നടത്തിപ്പോരുന്നത്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കു മുമ്പു ശക്തമായ സംഘടനാ സംവിധാനമുണ്ടായിരുന്നു. എന്‍ജിഒകളാണ് അതെല്ലാം തകര്‍ത്തത്. ഇതിനു കൂട്ടുനിന്നത് അധികാരി ഉദ്യോഗസ്ഥ മാഫിയ തന്നെയാണ്. കൂട്ടുകൃഷിയാണ് ഇത്തരമിടങ്ങളിലെല്ലാം നടക്കുന്നത്. സംഘടിതരായിരുന്ന ഒരു ജനതയെ ഒന്നുമല്ലാതാക്കുന്നതില്‍ ഇത്തരം എന്‍ജിഒകള്‍ വഹിച്ച പങ്ക് ചരിത്രം തിരിച്ചറിയുമെന്നതില്‍ തര്‍ക്കം വേണ്ട.

1970കള്‍ക്കു ശേഷമാണ് അട്ടപ്പാടിയില്‍ വലിയതോതില്‍ കുടിയേറ്റമുണ്ടായത്. ആദ്യകാലത്തെ കുടിയേറ്റം ആദിവാസി ജീവിതത്തിനു വലിയ പ്രതിസന്ധിയുണ്ടാക്കിയില്ല. എന്നാല്‍, പിന്നീടുണ്ടായ കുടിയേറ്റം ആദിവാസികളുടെ ജീവിതവും സംസ്‌കാരവും തകര്‍ത്തു. വന്‍തോതിലുള്ള ഭൂമി കൈയേറ്റം നടന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാന്‍ 1975ല്‍ നിയമം പാസാക്കിയതോടെ അല്‍പ്പം ആശ്വാസമുണ്ടായി. പിന്നീട് നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടായില്ല. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കുടിയേറ്റക്കാര്‍ക്കൊപ്പമായിരുന്നു. അന്ന് അട്ടപ്പാടിയിലെ പ്രധാന പാര്‍ട്ടി സിപിഐ ആയിരുന്നു. അവരുടെ നേതാക്കളെല്ലാം കുടിയേറ്റക്കാര്‍ക്കൊപ്പമായിരുന്നുവെന്ന് ആദിവാസികള്‍തന്നെ പറയുന്നു.

1986നുശേഷം വ്യാജ രേഖയുണ്ടാക്കിയാണ് ഭൂമി കൈയേറല്‍. വില്ലേജ്-സബ്‌രജിസ്ട്രാര്‍ ഓഫിസുകള്‍ ഭൂമാഫിയയുടെ നിയന്ത്രണത്തിലായിരുന്നു. ഇങ്ങനെ എല്ലാ തരത്തിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ആദിവാസികളെ പറ്റിച്ചു. മരിച്ച ആദിവാസിയുടെ മൃതദേഹത്തിന്റെ കൈവിരല്‍ പതിപ്പിച്ചു ഭൂമി തട്ടിയെടുത്ത സംഭവം വരെ ഉണ്ടായിരുന്നു. സര്‍ക്കാരിനു മുന്നിലുള്ള 995 പരാതികള്‍ പ്രകാരം ശരാശരി ഏഴ് ഏക്കര്‍ കണക്കാക്കിയാല്‍ 7000 ഏക്കറോളം ഭൂമിയെങ്കിലും ആദിവാസികള്‍ക്കു തിരിച്ചു നല്‍കേണ്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ ഭൂമിക്കുപകരം ഭക്ഷണം തരാമെന്നാണ് പറയുന്നത്. അതിനായി നടപ്പാക്കിയ ഊരുകളിലെ സാമൂഹിക അടുക്കള പരാജയമായി. പോഷകാഹാരമായി ഊരുകളില്‍ വിതരണം ചെയ്യുന്ന അമൃതംപൊടി മുതല്‍ അരി, പയര്‍, ഗോതമ്പ് തുടങ്ങിയവയെല്ലാം ഗുണനിലവാരമില്ലാത്തവയാണ്. കാലിത്തീറ്റയെക്കാള്‍ മോശമായ അമൃതംപൊടി വിതരണം ചെയ്തുവെന്നു സിഎജി ചൂണ്ടിക്കാണിച്ചിരുന്നു. ഇത് ആദിവാസികള്‍ക്ക് എന്തിനാണ് വിതരണം ചെയ്യുന്നതെന്നു രാഷ്ട്രീയക്കാരാണ് പറയേണ്ടത്. അട്ടപ്പാടിയിലെ സ്ത്രീകള്‍ക്കു പാരമ്പര്യ കൃഷിയും അതുവഴി ജീവിതവും തിരിച്ചുപിടിക്കണമെന്ന സ്വപ്നമുണ്ട്. അതിന് ആദ്യം ആദിവാസികള്‍ക്ക് എന്താണ് വേണ്ടത് എന്നറിഞ്ഞ് അതു നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. കരാറുകാരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും താല്‍പ്പര്യങ്ങളല്ല, ആദിവാസികളുടെ താല്‍പ്പര്യങ്ങളാണ് അട്ടപ്പാടിയില്‍ നടപ്പാവേണ്ടത്. 

(മാര്‍ച്ച് 1-15 ലക്കം തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധപ്പെടുത്തിയത്)

Tags:    

Similar News