ഓര്‍മകളെ പോലും ഫാഷിസ്റ്റുകള്‍ പുനസൃഷ്ടിക്കുകയാണ്
ഇന്ത്യയില്‍ ഫാഷിസം എത്തിക്കഴിഞ്ഞു എന്നുള്ളതിനെക്കുറിച്ച് യാതൊരു സംശയവും ബാക്കിയില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. യൂറോപ്പിലെ ഫാഷിസത്തിന്റെ അതേ രൂപവും ഭാവവുമായിരിക്കണം ഇവിടെ എന്ന് യാതൊരു ശാഠ്യവുമില്ല. ഫാഷിസത്തിന്റെ സകല സ്വഭാവങ്ങളും തികഞ്ഞ ഒരു ഭരണകൂടത്തിന്റെ കീഴിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതായത്, ഫാഷിസ്റ്റ് രീതികളോട് യോജിക്കാത്ത ആര്‍ക്കും എപ്പോഴും ജീവന്‍ തന്നെയും നഷ്ടപ്പെടാനുള്ള സാധ്യതയുള്ള കാലമാണിത്. ചരിത്ര സ്മാരകങ്ങളുടെ പേര്മാറ്റുകയും രൂപംമാറ്റുകയും ധര്‍മം മാറ്റുകയും ഒക്കെ ചെയ്യുന്നത് ഫാഷിസ്റ്റ് ദേശീയതയ്ക്കനുസൃതമായ രീതിയില്‍ നമ്മുടെ പൊതു ഇ
പ്രൊഫ. ജെ ദേവിക
(ചരിത്രകാരി, മനുഷ്യാവകാശ പ്രവര്‍ത്തക)
ഇന്ത്യയില്‍ ഫാഷിസം എത്തിക്കഴിഞ്ഞു എന്നുള്ളതിനെക്കുറിച്ച് യാതൊരു സംശയവും ബാക്കിയില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. യൂറോപ്പിലെ ഫാഷിസത്തിന്റെ അതേ രൂപവും ഭാവവുമായിരിക്കണം ഇവിടെ എന്ന് യാതൊരു ശാഠ്യവുമില്ല. ഫാഷിസത്തിന്റെ സകല സ്വഭാവങ്ങളും തികഞ്ഞ ഒരു ഭരണകൂടത്തിന്റെ കീഴിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതായത്, ഫാഷിസ്റ്റ് രീതികളോട് യോജിക്കാത്ത ആര്‍ക്കും എപ്പോഴും ജീവന്‍ തന്നെയും നഷ്ടപ്പെടാനുള്ള സാധ്യതയുള്ള കാലമാണിത്. ചരിത്ര സ്മാരകങ്ങളുടെ പേര്മാറ്റുകയും രൂപംമാറ്റുകയും ധര്‍മം മാറ്റുകയും ഒക്കെ ചെയ്യുന്നത് ഫാഷിസ്റ്റ് ദേശീയതയ്ക്കനുസൃതമായ രീതിയില്‍ നമ്മുടെ പൊതു ഇടങ്ങളെയും പൊതു വ്യവഹാരങ്ങളെയും മാറ്റുക എന്നുള്ള ലക്ഷ്യത്തോടെയാണ്. അധികാരം കൈയില്‍വച്ചുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. പ്രതിപക്ഷം എന്നുള്ളത് ഒന്നുകില്‍ ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ തീര്‍ത്തും ഇവരുടെ പ്രത്യയശാസ്ത്രപരമായ അധീശത്തിനു കീഴില്‍ നില്‍ക്കുകയോ ചെയ്യുന്ന ഒരു അവസരത്തെ മുതലെടുത്തുകൊണ്ട് നമ്മുടെ മൊത്തത്തിലുള്ള ഓര്‍മയെയും സ്ഥലബോധത്തെയും രണ്ടും ഫാഷിസ്റ്റ് രീതിയിലേക്ക് പുനസൃഷ്ടിക്കുക എന്നുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ. വ്യക്തികളുടെ കാര്യമാണ് എടുക്കുന്നതെങ്കില്‍ ആ പ്രത്യയശാസ്ത്രത്തിനോട് ഒരുതരത്തിലും ചേരാത്ത വ്യക്തികളെപ്പോലും സ്വാംശീകരിക്കാനുള്ള ഒരു പ്രത്യേക തരം വ്യവഹാരപരമായ വൈദഗ്ധ്യം ഇവര്‍ക്കുണ്ട്. അംബേദ്കറുടെ ചിന്തയില്‍നിന്നു മുസ്‌ലിംവിരുദ്ധം എന്നുപറയുന്ന ഒരു അംശം മാത്രം അടര്‍ത്തിയെടുത്ത്, ഗാന്ധിയെ ആണെങ്കിലും അംബേദ്കറെ ആണെങ്കിലും ശിവജിയെ ആണെങ്കിലും ഒക്കെ തന്നെ സ്വന്തം കീശയിലാക്കാനുള്ള ഒരു കഴിവ് ഇവര്‍ക്കുണ്ട് എന്നുള്ളതാണ് നമ്മള്‍ കാണുന്നത്.