ഒരു പേരില്‍ ചിലതെല്ലാമുണ്ട്
എന്തോ ഒരു മാനക്കേട് ബാധിച്ചതുമാതിരി ഓടിനടന്നു പേരുകള്‍ മാറ്റുകയാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍. ഫാഷിസ്റ്റുകള്‍ സ്വന്തം അപകര്‍ഷബോധത്തിന്റെ പടുകുഴിയില്‍നിന്നു കരകയറാനുള്ള ലൊടുക്ക് വിദ്യകളാണ് ഈ പേരുമാറ്റം. ജാതി പറഞ്ഞും ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തിയും മനുഷ്യനെ മൃഗതുല്യമായ അവസ്ഥയില്‍ ജീവിക്കാന്‍ യത്‌നിച്ചവര്‍ അതിനെല്ലാം എതിരേ നിലകൊണ്ട ചരിത്ര പുരുഷന്മാരെ
റെനി ഐലിന്‍
(മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍)
എന്തോ ഒരു മാനക്കേട് ബാധിച്ചതുമാതിരി ഓടിനടന്നു പേരുകള്‍ മാറ്റുകയാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് സര്‍ക്കാര്‍. ഫാഷിസ്റ്റുകള്‍ സ്വന്തം അപകര്‍ഷബോധത്തിന്റെ പടുകുഴിയില്‍നിന്നു കരകയറാനുള്ള ലൊടുക്ക് വിദ്യകളാണ് ഈ പേരുമാറ്റം. ജാതി പറഞ്ഞും ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തിയും മനുഷ്യനെ മൃഗതുല്യമായ അവസ്ഥയില്‍ ജീവിക്കാന്‍ യത്‌നിച്ചവര്‍ അതിനെല്ലാം എതിരേ നിലകൊണ്ട ചരിത്ര പുരുഷന്മാരെയോ രാജാക്കന്മാരെയോ പുസ്തകം മുതല്‍ തെരുവിലെ പാതയില്‍ നിന്നുവരെ നിഷ്‌കാസനം ചെയ്യുന്നത് ഇന്നൊരു പതിവ് കാഴ്ചയാണ്. ടിപ്പുസുല്‍ത്താന്‍, ഔറംഗസേബ്, അക്ബര്‍ മുതല്‍ പലരും ഇതിന്റെ ഇരകളായിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മനുഷ്യാവകാശ പരിപാടിക്ക് കശ്മീരില്‍ പോവുമ്പോള്‍ ബനിഹലില്‍നിന്നു ട്രെയിനില്‍ കയറി ശ്രീനഗറിലേക്കു യാത്ര ചെയ്യുകയായിരുന്നു. യാത്രാ ക്ഷീണം കാരണം ഉറങ്ങിപ്പോയി. ഉണര്‍ന്നെഴുന്നേറ്റ ഞാന്‍ ജമ്മുവില്‍ വച്ചു പരിചയപ്പെട്ട ഒപ്പമുണ്ടായിരുന്ന ഒരു കശ്മീരി യുവാവിനോട് സ്ഥലം ഏതാണെന്നു ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു:
'ഇസ്‌ലാമാബാദ്.'
'ങേ... ഈ സ്‌റ്റോപ്പ് ഏതാണ്'
അയാള്‍ വീണ്ടും അല്‍പ്പം സ്വരം ഉയര്‍ത്തി പറഞ്ഞു: 'ഇസ്‌ലാമാബാദ്'
ഞാന്‍ ജനലഴികളിലൂടെ ബോര്‍ഡ് കാണാന്‍ പറ്റുമോ എന്ന് ശ്രമിച്ചു. അതാ കാണുന്നു- 'അനന്തനാഗ്.'
പെട്ടെന്നു ഞാന്‍ ബഷാരത് പീറിന്റെ 'കര്‍ഫ്യൂഡ് നൈറ്റ്‌സ്' എന്ന പുസ്തകം ഓര്‍ത്തുപോയി, സൈനികരോ അര്‍ധ സൈനികരോ കശ്മീരി പൗരന്മാരെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് എവിടെ പോവുന്നുവെന്നു ചോദിക്കും 'ഇസ്‌ലാമാബാദ്' എന്ന് അവര്‍ മറുപടി പറയുമ്പോള്‍ ലാത്തികൊണ്ട് തല്ലി 'അനന്തനാഗ്' എന്നു പറയിപ്പിക്കും.
സത്യത്തില്‍ ഈ പേര്മാറ്റത്തിനു പിന്നില്‍ പാകിസ്താനോടുള്ള വിരോധം മാത്രമല്ല. ഇന്ത്യന്‍ സവര്‍ണ ഭരണകൂടത്തെ ചൊടിപ്പിക്കുന്നത് അതിലെ 'ഇസ്‌ലാം' കൂടിയാണ്. പാകിസ്താനോടുള്ള വിരോധമായിരുന്നെങ്കില്‍ ഏതെങ്കിലും യുദ്ധവീരന്മാരുടെ പേരിടാമായിരുന്നല്ലോ. മനപ്പൂര്‍വം തന്നെയായിരിക്കണം മഹാ വിഷ്ണുവിന്റെ ഇരിപ്പിടമായ അനന്തനെ പ്രതിഷ്ഠിച്ചത്. ഇനി അവിടെയും ഇവിടെയും ഒരേ പേര് വന്നു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ടെന്നു വിചാരിച്ചാണെങ്കില്‍ അവിടെയും ഇവിടെയും 'പഞ്ചാബ്' ഉണ്ട്. അതു മാറ്റിയിട്ടും ഇല്ല. അപ്പോള്‍ പ്രശ്‌നം ആ പേരിലെ 'ഇസ്‌ലാം' ആണ്.
'ബുദ്ധന്‍ ചിരിക്കുന്നു' പൊക്രാനില്‍ ആദ്യത്തെ ആണവ സ്‌ഫോടനം നടത്തിയപ്പോള്‍ ഇട്ട പേരാണ്. അന്നു ശാസ്ത്രജ്ഞരുടെ കൂട്ടത്തിലുണ്ടായിരുന്നവരിലൊരാള്‍ പിന്നീട് ആനന്ദ് പട്‌വര്‍ധന്റെ 'വാര്‍ ആന്റ് പീസ്' എന്ന ഡോക്യുമെന്ററിയില്‍ ആ പേരിട്ടതിനെ നിശിതമായി വിമര്‍ശിച്ചു, 'കരുണയുടെയും അഹിംസയുടെയും പ്രതിരൂപമായ ബുദ്ധനെ ഒരു ആയുധപരീക്ഷണത്തിന്റെ പേരിട്ടത് ഒട്ടും ശരിയായില്ല' എന്നു പറഞ്ഞു. അവിടെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഹജമായ ബ്രാഹ്‌മണിസം സടകുടഞ്ഞെണീറ്റതാണ്. കാരണം, ബുദ്ധന്‍ ബ്രാഹ്‌മണിസത്തിന്റെ കടുത്ത എതിരാളിയായിരുന്നു എന്നതു മറക്കരുത്. ആയുധധാരികളായ ഹൈന്ദ ദൈവങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് അഹിംസാവാദിയായ ബുദ്ധനെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പേര്മാറ്റല്‍ ഒരു പുതിയ കഥയല്ല. ദക്ഷിണേന്ത്യന്‍ നാടുകളില്‍ ചിലയിടങ്ങളില്‍ പ്രാദേശികമായ ഭാഷാ സംസ്‌കാരത്തിന്റെ അടയാളമായി സ്ഥലനാമങ്ങള്‍ പുനര്‍നാമകരണം ചെയ്യുമ്പോള്‍; അന്നും ഇന്നും ഇന്ത്യയിലെ സവര്‍ണ ഭരണകൂടങ്ങള്‍ ബ്രാഹ്‌മണിസത്തെ ഒളിച്ചുകടത്തുന്ന ഉപാധിയായും ഫാഷിസത്തിന്റെ ആധിപത്യത്തിനായും നാമകരണ നടപടികളെ ഉപയോഗിക്കുന്നു.
സകല ചരിത്ര രേഖകള്‍ മുതല്‍ തെരുവിലെ പാതയോരങ്ങളുടെ പേര്‌പോലും മാറ്റുന്നത് വെറുതെയല്ല. തിരുത്തിയെഴുതപ്പെട്ട (എഴുതപ്പെടുന്ന) വ്യാജ കഥകള്‍ ഏറ്റവും മികവാര്‍ന്ന തെളിവുള്ള രേഖകളെന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ഫാഷിസ്റ്റ് ഭീകര കാലഘട്ടത്തില്‍ പേരുകളുടെ സത്യം ആവര്‍ത്തിച്ചു വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്; കാരണം പേരുകള്‍ക്കൊരു രാഷ്ട്രീയമുണ്ട് 'ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം' അതുകൊണ്ടു തന്നെയാണ് അതിനെ ഫാഷിസ്റ്റുകള്‍ മാറ്റുന്നത്.