മാര്‍ച്ച് 8: വനിതാദിന ചിന്തകള്‍: ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇനിയുമെത്ര ദൂരം യാത്ര ചെയ്യണം?
കെ.കെ റൈഹാനത്ത്
രാജ്യത്തിന്റെ അന്തസ്സ് വിലയിരുത്തപ്പെടുന്നത്, അവിടുത്തെ സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും പദവിയുമനുസരിച്ചാണ് രാജ്യം പുരോഗതി പ്രാപിക്കുക. ചരിത്രത്തില്‍, രണ്ട് തരം യുഗങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും സ്ത്രീയെ ശകുനമായും പെണ്‍കുഞ്ഞിനെ അപമാനമായും കരുതിയിരുന്ന ഇരുണ്ട കാലഘട്ടവും സാമ്പത്തികഭരണ മേഖലകളില്‍ സ്ത്രീകള്‍ മികച്ചുനിന്നിരുന്ന സുവര്‍ണ കാലഘട്ടവും. ലോകത്ത് കഴിഞ്ഞ്‌പോയ ഏത് നാഗരികതയിലും നമുക്ക് ഇത് ദര്‍ശിക്കാന്‍ സാധിക്കും.
ഇന്ത്യയുടെ ചരിത്രവും ഇതുതന്നെയാണ് പറയുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ വ്യത്യസ്ത രംഗങ്ങളിലായി ശോഭിച്ച് വിരാചിച്ചിരുന്ന കാലഘട്ടത്തിലാണ് ലോക രാജ്യങ്ങള്‍ ഇന്ത്യയെ സ്വര്‍ണ്ണ പക്ഷി എന്ന് വിശേഷിപ്പിച്ചിരുന്നത്.
അമേരിക്കയില്‍ സാമ്പത്തിക ഉപദേഷ്ടാവായി ഒരു സ്ത്രീ നിയമിക്കപെട്ടപ്പോള്‍, അത് അമേരിക്കയുടെ ഔന്നത്യത്തിന്റെ ഒരു പൊന്‍കിരീടമായാണ് ലോകം കാണുന്നത്.
എന്നാല്‍ ഇന്ന്, ലോകരാജ്യങ്ങള്‍ക്കിടയില്‍ വെട്ടിത്തിളങ്ങാന്‍ വെമ്പല്‍ കൊള്ളുന്ന ഇന്ത്യയുടെ അവസ്ഥയെന്താണ്? സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ആഗോള ശരാശരിയിലും താഴെയെത്തി നില്‍ക്കുന്നു. രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും അവളുടെ സാന്നിധ്യം ഏറെ പിന്നിലാണ്. വിശ്വാസആചാരങ്ങളുടെ മറവില്‍ അനീതിയുടെ ഒരു ഇര മാത്രമാണിന്ന് ഇന്ത്യന്‍ സ്ത്രീസമൂഹം. സ്ത്രീകളുടെ കാര്യത്തില്‍ ഏറ്റവും മോശമായ രാജ്യമായി 2012ല്‍ ഇന്ത്യ വിലയിരുത്തപ്പെട്ടു. സ്ത്രീ മുന്നേറ്റം എന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും ചൂഷിതരായ വിഭാഗങ്ങളായിത്തന്നെ ഇവിടെ നില നില്‍ക്കുന്നു. നല്ലൊരു ശതമാനം സ്ത്രീകളും തങ്ങളുടെ അവകാശങ്ങളെ കുറിച്ചോ ആനുകൂല്യങ്ങളെ കുറിച്ചോ വ്യക്തമായ ധാരണകളില്ലാത്തവരാണ്. ലിംഗസമത്വത്തെ പറ്റി കൊട്ടിഘോഷിക്കുമ്പോഴും സര്‍വ്വ മേഖലയിലും പുരുഷാധിപത്യം അരങ്ങ് തകര്‍ക്കുന്നു. തൊഴിലില്ലാത്ത, അധികാരമില്ലാത്ത, വേണ്ടത്ര സുരക്ഷിതത്വം പോലുമില്ലാത്ത വിഭാഗമായി ഇന്ത്യന്‍ സ്ത്രീ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
എഴുപത് വര്‍ഷം പിന്നിട്ട ഇന്ത്യാ മഹാരാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതിയിലധികം സ്ത്രീകള്‍ ഉണ്ടായിട്ടും ഇതുവരെയുള്ള വനിതാ മുഖ്യമന്ത്രിമാര്‍ പതിനാറു പേര്‍ മാത്രമാണ്. ഇപ്പോള്‍ അധികാരത്തിലുള്ളത് പശ്ചിമബംഗാളില്‍ മാത്രവും! ഇന്ത്യയില്‍ ആകെ ഗവര്‍ണര്‍മാര്‍ സ്ഥാനത്തെത്തിയിട്ടുള്ളത് 29പേരാണ്. കേരളത്തില്‍ നിന്ന് ഇതുവരെ പാര്‍ലമെന്റിലേക്ക് എത്തിയത് 8 വനിതകള്‍ മാത്രമാണ്.
സ്വതന്ത്ര ഇന്ത്യ ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്ത്രീകള്‍ക്കുണ്ടായ നേട്ടം, സ്ത്രീപീഡനത്തില്‍ ഇന്ത്യ മുന്നില്‍ത്തന്നെ ഉണ്ട് എന്നതാണ്.
ഇന്ത്യന്‍ ഫാഷിസം, വംശഹത്യകള്‍ പ്രവര്‍ത്തികമാക്കുന്നത് ലൈംഗിക അതിക്രമങ്ങളിലൂടെയാകുമ്പോള്‍, സ്ത്രീകളാണ് ഇരകളാകുന്നത്. ഹത്രാസിലെ പെണ്‍കുട്ടിക്ക് നീതി വിദൂരമാകുന്നത് ഇത്തരത്തിലാണ്.
സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇന്ത്യയില്‍ കൂച്ചുവിലങ്ങാണ്. ഗൗരി ലങ്കേഷ് ഒരു പ്രതീകം മാത്രം! സ്വന്തം ഇണയെ കണ്ടെത്തുന്നതിനു പോലും തടസ്സമായി നില്‍ക്കുന്ന ജാതിയും വംശീയതയും, പെണ്‍കുട്ടികളുടെ സ്വത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.
നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ അവര്‍ ഗര്‍ഭിണികളായാല്‍ പോലും യാതൊരു ദയാദാക്ഷിണ്യവും നല്‍കാതെ തുറുങ്കിലടക്കുന്നു.
ഓരോ ദിവസവും മാനം നഷ്ടപ്പെട്ട്, പിച്ചിച്ചീന്തപ്പെട്ട്, നാവരിയപ്പെട്ട് അവശേഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു. ദിവസത്തില്‍ നൂറിലധികം സ്ത്രീകളാണ് ഇന്ത്യയില്‍ മാനഭംഗപ്പെടുന്നത്.
എന്നാല്‍, ഇത്തരം പീഡനങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഭീകരമായ ഒരന്തരീക്ഷം ഇന്ത്യയില്‍ സൃഷ്ടിക്കുന്നു. ഇനി, ഇന്ത്യയെ വീണ്ടെടുക്കുവാന്‍ നാം ബഹുദൂരം താണ്ടേണ്ടതുണ്ട്.
മാറ്റങ്ങള്‍ അനിവാര്യമാണ്. സ്ത്രീകളുടെ അഭിമാനമാണ് രാജ്യത്തിന്റെ അഭിമാനമെന്ന് മനസിലാക്കി അതിനു വേണ്ടി നാം പ്രയത്‌നിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകട്ടെ ഈ വനിതാ ദിനം. എന്നാശംസിച്ചു കൊള്ളുന്നു.
(വിമന്‍ ഇന്ത്യാ മുവ് മെന്റ് സംസ്ഥാന പ്രസിഡന്റാണ് കെ.കെ റൈഹാനത്ത്)