ഭയം എന്തെന്നറിയാത്ത ഫലസ്തീന്‍ ജനത ചെറുത്തുകൊണ്ടിരിക്കുന്നു
ഡോ. സി കെ അബ് ദുല്ല
വിജയം ഉറപ്പിക്കുന്ന ഖുദ്സ് പോരാട്ടം
ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ മൂന്നു നേതാക്കളുടെ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധിച്ചു.
(1) ഹമാസ് രാഷ്ട്രീയകാര്യ തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മായില്‍ ഹനിയ്യ ഇന്നലെ ദോഹയില്‍ ഫലസ്തീന്‍ അനുകൂല റാലിയില്‍ സംസാരിച്ചത്. പ്രധാനമായും ഇക്കാര്യങ്ങളാണ് പറഞ്ഞത്: ഫലസ്തീന്‍ ചെറുത്തു നില്‍പ്പിന് ഒരൊറ്റ മേല്‍വിലാസം മാത്രമേയുള്ളൂ- അല്‍ഖുദ്സ്. റമദാനില്‍ അഖ്സയില്‍ കൈയേറ്റം നടത്തി ഖുദ്സ് മുഴുവന്‍ വിഴുങ്ങാന്‍ സയണിസം ശ്രമിച്ചതാണ് ഫലസ്തീന്‍ ജനത ഇപ്പോള്‍ ചെറുക്കുന്നത്.
അധിനിവേശത്തോട് അഖ്സയില്‍ നിന്ന് പിന്മാറാന്‍ മുന്നറിയിപ്പ് കൊടുത്തതും അത് മാനിക്കാതിരുന്നപ്പോള്‍ ആക്രമിച്ചതും ചെറുത്തുനില്‍പ്പിന്റെ ബാധ്യത. അവര്‍ പ്രത്യാക്രമണം എന്ന പേരില്‍ ജനതയെ കൊന്നൊടുക്കുന്നു. പക്ഷേ, ഈ യുദ്ധത്തിലും അവര്‍ തോല്‍ക്കും. ചെറുത്തുനില്‍പ്പില്‍ ഹമാസ് മാത്രമല്ല, എല്ലാ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും ഫലസ്തീന്‍ പൊതുസമൂഹവും ഭഗവാക്കാണ്. ജനത ഒറ്റക്കെട്ടാണ്. ഹമാസിന്റെ കര്‍മ്മ ഭൂമി ഗസയല്ല, 1948ന് മുമ്പുള്ള മുഴുവന്‍ ഫലസ്തീന്‍ പ്രദേശവുമാണ്. ഈ ഫലസ്തീന്‍ ഭൂമിയില്‍ നിന്ന് അധിനിവേശത്തെ തുരത്തി ഫലസ്തീന്‍ രാജ്യം സ്ഥാപിക്കലാണ് ലക്ഷ്യം, അതുവരെ ചെറുത്തുനില്‍പ്പ് മുന്നോട്ടുപോവും.
(2). ഹമാസ് വിദേശകാര്യ ചുമതലയുള്ള ഖാലിദ് മിഷ്അല്‍ കഴിഞ്ഞ ദിവസം ടിആര്‍ടി അറബിക് ചാനലിന് നല്‍കിയ അഭിമുഖം കേട്ടിരുന്നു. സുപ്രധാന പോയിന്റുകള്‍: അല്‍അഖ്‌സയും ഖുദ്സും പൂര്‍ണമായി വിമോചിപ്പിക്കുന്നത് വരെ നാം അടങ്ങിയിരിക്കില്ല. സയണിസ്റ്റ് അധിനിവേശവുമായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ താരതമ്യം ചെയ്യുമ്പോള്‍ ഭൗതിക ശക്തി കുറവായിരിക്കും. പക്ഷേ, അവര്‍ക്കില്ലാത്ത ചില ശക്തികള്‍ ഞങ്ങള്‍ക്ക് എമ്പാടുമുണ്ട്. അല്ലാഹു സഹായിക്കും എന്ന ഉറച്ച വിശ്വാസം. എന്തു വന്നാലും ഉറച്ചുനില്‍ക്കാന്‍ സാധിക്കുന്ന വില്‍പവര്‍. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ. സയണിസത്തിന്റെ ഒരേയൊരു ലക്ഷ്യം അധിനിവേശം കഴിയുന്നത്ര മുന്നോട്ടുകൊണ്ട് പോവുകയാണെങ്കില്‍ ഫലസ്തീന്‍ ജനത ലക്ഷ്യമിടുന്നത് സ്വാതന്ത്ര്യം തിരിച്ചുപിടിക്കലാണ്.
ഈ പോരാട്ടത്തില്‍ ഞങ്ങള്‍ വിജയിക്കും. ചെറുത്തുനില്‍പ്പില്‍ മുഴുവന്‍ ഫലസ്തീനികളും ഒറ്റക്കെട്ടാണിപ്പോള്‍. മുസ്‌ലിംകളും ക്രിസ്ത്യാനികളുമുണ്ട്. ചെറുത്തു നില്‍പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും സഹായിക്കുന്നവരുമുണ്ട്. ഇറാന്‍ മാത്രമല്ല മറ്റു പലരും സഹായിക്കുന്നുണ്ട്. സാങ്കേതിക വിദ്യകളും സാമ്പത്തിക സഹായങ്ങളും നല്‍കുന്നുണ്ട്. മുസ് ലിംകളല്ലാത്ത മനുഷ്യ സ്‌നേഹികളായ രാജ്യങ്ങളും കൂട്ടായ്മകളും സഹായിക്കുന്നുണ്ട്. ഖുദ്സിനോടും ഫലസ്തീന്‍ ജനതയോടും അവര്‍ക്കുള്ള ബാധ്യത എന്ന നിലയിലായിരിക്കും അവര്‍ സഹായിക്കുന്നത്. എല്ലാവരോടും ഒന്നേ പറയാനുള്ളൂ. നിരുപാധിക സഹായങ്ങള്‍ ആരില്‍ നിന്നും സ്വീകരിക്കും. ആരുടേയും ഉപാധികളും കല്‍പനകളും ഞങ്ങള്‍ സ്വീകരിക്കില്ല. പോരാട്ടം എങ്ങനെ ചെയ്യണമെന്ന് ഫലസ്തീനികള്‍ക്ക് വിട്ടുതരിക. 15 വര്‍ഷത്തിലധികമായി ഉപരോധത്തിലുള്ള ഗസയില്‍ പ്രധാനമായും അല്ലാഹുവിന്റെയും അവനുദ്ദേശിച്ചവരുടെയും സഹായത്തോടെ ഞങ്ങള്‍ക്ക് പ്രഹരശേഷി വര്‍ധിപ്പിക്കാനായതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. 'നമ്മുടെ മാര്‍ഗത്തില്‍ പോരാടുന്നവരെ നമ്മുടെ വഴികളിലൂടെ നാം മുന്നോട്ടു കൊണ്ടുപോവും. സഹായിക്കുന്ന ഔദാര്യവാന്മാരുടെ കൂടെയാണ് അല്ലാഹു.' (ഖു. 29 :69). ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ഡയലോഗ് വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. സൗദി അറേബ്യയും ഇറാനും സൗഹൃദം സ്ഥാപിക്കുന്നത് ഇസ് ലാമിക ലോകത്തിനും മൊത്തത്തില്‍ ലോകത്തിനു തന്നെയും ഗുണകരമായിരിക്കും. പക്ഷേ, ആരുടേയും ആഭ്യന്തര കാര്യങ്ങളില്‍ ചെറുത്തുനില്‍പ്പ് ഇടപെടില്ല.
(3). അധിനിവിഷ്ട ഫലസ്തീനിലെ(ഇസ്രായേല്‍) 1948 പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന അറബ് മേഖലയില്‍ നിന്നുള്ള ഷെയ്ഖ് കമാല്‍ അല്‍ഖതീബ്. ഇസ്രായേല്‍ നിരോധിച്ച ഇസ് ലാമിക് മൂവ്‌മെന്റ് ഉപാധ്യക്ഷനാണദ്ദേഹം. മൂവ്‌മെന്റ് അധ്യക്ഷന്‍ ഷെയ്ഖ് റാഇദ് സ്വലാഹ് നേരത്തേ ഇസ്രായേല്‍ ജയിലിലാണ്. കഴിഞ്ഞ വെള്ളി(മെയ് 14) കുഫ്ര്‍കനാ പട്ടണത്തിലെ ഉമര്‍ ബിന്‍ ഖത്താബ് മസ്ജിദിലെ ജുമുഅ ഖുതുബയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
'നാളെ നക്ബയുടെ(പതനം) അനുസ്മരണമാണ്. പക്ഷേ, നാമിപ്പോള്‍ 'നഖുവ'യുടെ(അന്തസ്സ്) പുതിയൊരു ചരിത്രം സൃഷ്ടിക്കുകയാണ്. 1100കളില്‍ കുരിശ് അധിനിവേശത്തില്‍ നിന്ന് ഖുദ്സ് വിമോചിപ്പിച്ച സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെയുണ്ടായിരുന്ന ഭിഷഗ്വരന്‍ ഹുസാമുദ്ദീന്‍ അല്‍ജറാഹിന്റ പേരില്‍ അറിയപ്പെടുന്ന തെരുവാണ് ശൈഖ് ജറാഹ്. അന്ന് കുരിശു അധിനിവേശം അഖ്സയില്‍ നിന്ന് തുരത്തപ്പെടുന്നതിനു ശൈഖ് ജറാഹ് സാക്ഷിയായെങ്കില്‍ ഇന്ന് ശൈഖ് ജറാഹ് തെരുവില്‍ താമസിക്കുന്നവര്‍ സയണിസ്റ്റ് അധിനിവേശം ഖുദ്സ് ഭൂമിയില്‍ നിന്ന് പുറത്താവുന്നതിന് സാക്ഷിയാകും, ഇന്‍ശാ അല്ലാഹ്.' ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ പോലിസ് വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയി. കമാല്‍ അല്‍ഖത്തീബ് പോലുള്ളവരില്‍ നിന്ന് ആവേശം കൊണ്ടാണ് റമദാന്‍ 27നു പതിനായിരങ്ങള്‍ മസ്ജിദുല്‍ അഖ്സയിലെ സയണിസ്റ്റ് കൈയേറ്റം തടയുവാന്‍ പാഞ്ഞെത്തി അവിടെ ഇരിപ്പുറപ്പിച്ചത്. അന്ന് അഖ്സയില്‍ കണ്ണീര്‍വാതക പ്രയോഗത്തിന് ഇരയായ ജനങ്ങളോട്, സ്വയം പൊഴിയുന്ന കണ്ണീരല്ലാതെ ആരും കരയരുതെന്നു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അവര്‍ക്ക് നേതൃത്വം നല്‍കി അഖ്സയിലുണ്ടായിരുന്നു അദ്ദേഹം.
ഫലസ്തീനിലെ പുതുതലമുറ നക്ബയെ അനുസ്മരിക്കുന്നത് ദുഃഖസാന്ദ്രമായ വരികളിലൂടെയും ചടപ്പന്‍ സെമിനാറുകളിലൂടെയുമല്ല, ജന്മദേശം തിരിച്ചുപിടിക്കാന്‍ പോന്ന കാര്യ പരിപാടികളാണ് അവരുടെ അനുസ്മരണ രീതികള്‍. 1948 മെയ് 15 തങ്ങളുടെ പൂര്‍വികര്‍ പുറത്താക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്ത 'നക്ബ' ആവര്‍ത്തിക്കാന്‍ അഖ്സയില്‍ അധിനിവേശം ശ്രമിച്ചപ്പോള്‍ അതിനെ ചെറുക്കുകയാണവര്‍. ഇന്നിത് കുറിക്കുമ്പോള്‍ വെസ്റ്റ് ബാങ്കും ഗസയും ഉള്‍പ്പെടുന്ന ഫലസ്തീന്‍ പ്രദേശത്തെ എല്ലാ നഗരങ്ങളും, അധിനിവിഷ്ട ഫലസ്തീനിലെ അറബ് തെരുവുകളും പോരാട്ടമുഖരിതമാണ്. ഭൗതികശക്തിയില്‍ അഹങ്കരിക്കുന്ന സയണിസ്റ്റ് ശത്രുവിനെതിരെയാണ് ജനതയുടെ ഒന്നിച്ചുള്ള ചെറുത്തുനില്‍പ്പ്.
അഖ്സ കൈയേറുവാന്‍ അധിനിവേശം പുതിയൊരു നീക്കം നടത്തിയതാണ്. അഖ്സ ഭൂമിയുടെ പടിഞ്ഞാറേ കവാടത്തിനു പുറത്ത് ഷെയ്ഖ് ജറാഹ് തെരുവില്‍ 'ജെറുസലേം ഡേ' എന്ന പേരില്‍ സയണിസ്റ്റ്കള്‍ തടിച്ചുകൂടാന്‍ തീരുമാനിച്ചു. തദ്ദേശ വാസികളെ അവിടെനിന്ന് അടിച്ചോടിച്ചു അവിടം സയണിസ്റ്റുകള്‍ക്ക് കൊടുക്കുവാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ നീക്കം. നേരത്തേ പ്രഖ്യാപിച്ച ഈ നീക്കത്തിന് കാര്യമായ എതിര്‍പ്പ് ഉണ്ടാവില്ലെന്ന് അധിനിവേശം കണക്കു കൂട്ടി. ഫലസ്തീനികളുടെ പ്രതിഷേധ ശബ്ദങ്ങള്‍ ആരും ഗൗനിച്ചില്ല. ഇസ്രയേല്‍ ഭീകരരെയും അവരെ താങ്ങി നിര്‍ത്തുന്ന അമേരിക്കന്‍ യാങ്കികളെയും വെറുപ്പിച്ചു മേഖലയില്‍ ആരും ശബ്ദിക്കില്ലെന്നു ബോധ്യമുള്ള ഫലസ്തീന്‍ ജനത പതിവുപോലെ സ്വയം ചെറുക്കാന്‍ തീരുമാനിച്ചു. അവര്‍ അധിനിവേശത്തിന് മുന്നറിയിപ്പ് കൊടുത്തു. മെയ് 11 വൈകുന്നേരം ആറു മണിക്ക് മുമ്പ് അല്‍അഖ്സ പരിസരത്തു നിന്ന് പിന്മാറിയില്ലെങ്കില്‍ ഞങ്ങള്‍ ചെറുക്കും. അധിനിവേശം മുന്നയറിയിപ്പ് അവഗണിച്ചു. ഗസയില്‍ നിന്ന് റോക്കറ്റുകള്‍ പാഞ്ഞുതുടങ്ങി. ഷെയ്ഖ് ജറാഹ് അധിനിവേശ നീക്കം വിട്ട് സ്വയം പ്രതിരോധത്തിന് അധിനിവേശം നിര്‍ബന്ധിതമായി. അഖ്സ പരിസരങ്ങളില്‍ പോലിസിനെ ഉപയോഗിച്ചും അധിനിവേശ പ്രദേശങ്ങളിലെ അറബ് വംശജരെ ജൂത ഭീകര സംഘങ്ങളെ ഉപയോഗിച്ചും, ഗസയിലെ ചെറുത്തുനില്‍പ്പിനെ സൈനിക ശക്തി ഉപയോഗിച്ചും നേരിടുകയാണ് ഇസ്രായേല്‍. ഭയം എന്തെന്നറിയാത്ത ഫലസ്തീന്‍ ജനത ചെറുത്തുകൊണ്ടിരിക്കുന്നു, ഗസയില്‍ മാത്രമല്ല, മുഴുവന്‍ ഫലസ്തീനിലും ഇസ്രയേലിനകത്തെ അറബ് പ്രദേശങ്ങളിലും. ഇതുവരെ ഗസയില്‍ മാത്രം 145ഉം വെസ്റ്റ് ബാങ്കില്‍ പത്തിലധികവും ശഹീദുകള്‍.
ജനകീയ ചെറുത്തുനില്‍പ്പിനെ ഹമാസ് എന്ന ഒരൊറ്റ പ്രസ്ഥാനത്തില്‍ ആരോപിച്ച് അക്രമങ്ങള്‍ക്ക് ന്യായം ചമയ്ക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട് അധിനിവേശം. ദൗര്‍ഭാഗ്യവശാല്‍ ആ പ്രൊപ്പഗണ്ട ഏറ്റെടുത്ത രണ്ടു വിഭാഗങ്ങളുണ്ട് മുസ് ലിം ലോകത്ത്. ഒന്ന്, ഈയിടെ ഇസ്രായേലിനോട് നോര്‍മലൈസേഷന്‍ പ്രഖ്യാപിച്ച ഗള്‍ഫ് രാജ്യങ്ങളുടെ മാധ്യമങ്ങള്‍(രാഷ്ട്രത്തലവന്മാര്‍ മൗനത്തിലാണ്). രണ്ട്, അവരില്‍ നിന്ന് അല്ലറ ചില്ലറകള്‍ പെറുക്കിയെടുത്ത് കഴിയുന്ന ചില ഓശാരക്കാര്‍. ഇരുവിഭാഗവും ചെയ്യുന്നത് സയണിസത്തെ സഹായിക്കലാണ്. നേരത്തെയും അവര്‍ അങ്ങിനെയാണ് ചെയ്തിരുന്നത്. ഇനിയും ചെയ്യും. ദീനി അഡ്രസ് പതിച്ചു തുരപ്പന്‍ പണിയെടുക്കുന്നവരെ തിരിച്ചറിയാന്‍ ഖുര്‍ആന്‍ നല്‍കിയ അടയാളങ്ങള്‍ അവരറിയാതെ അവരില്‍ നിന്ന് പുറത്തുചാടിക്കൊണ്ടിരിക്കുന്നു. ഇസ്രയേലിനെ 'എല്ലാവരും കൂടി ചെറുക്കണം' എന്നെല്ലാം അവര്‍ പറയും. ചെറുത്തുനില്‍പ്പിനെ ഒറ്റുകൊടുത്ത് ഇസ്രായേല്‍, അമേരിക്ക, അവരുടെ അറബ് കാവല്‍ക്കാര്‍ എന്നിവരില്‍ നിന്ന് കിട്ടുന്ന ഓശാരങ്ങള്‍ അടിച്ചെടുത്ത് ഫലസ്തീനില്‍ പഞ്ചായത്ത് ഭരണം നടപ്പിലാക്കിയിരുന്ന ഏജന്‍സികളാണ് യഥാര്‍ത്ഥ ചെറുത്തുനില്‍പ്പുകാര്‍ എന്നും പ്രോപഗണ്ട ഇറക്കിനോക്കും. ഇസ്രായേല്‍ ചെറുത്തുനില്‍പ്പ് നേരിടുമ്പോള്‍ അവര്‍ കൃത്യമായി രംഗത്തുവരും. ആളുകള്‍ മാറിയാലും, പേരില്‍ സ്വലാഹ് ഉണ്ടെങ്കിലും, എടുക്കുന്ന പണി ഒന്നു തന്നെ-ഫസാദ്.
'നിങ്ങള്‍ നാട്ടില്‍ ഫസാദുകള്‍ ഉണ്ടാക്കരുത് എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ വാദിക്കും, അയ്യോ ഞങ്ങള്‍ നന്മ ചെയ്യുന്ന മുസ്ലിഹുകള്‍ മാത്രമാണേ. മനസ്സിലാക്കുക, അവര്‍ തന്നെയാണ് ഫസാദ് ഉണ്ടാക്കുന്നവര്‍. അവരത് മനസ്സിലാക്കുന്നില്ലെന്ന് മാത്രം.' (ഖു: 2: 11-12). ഈ കള്ളക്കരച്ചിലുകളൊക്കെ ഖുര്‍ആന്‍ എന്നേ അടയാളപ്പെടുത്തിയിട്ടുണ്ട്.
പിന്‍കുറി:
(1) 1948ല്‍ ഫലസ്തീന്‍ നഷ്ടപ്പെടാന്‍ പ്രധാന കാരണം ബ്രിട്ടീഷ് കല്‍പനപ്രകാരം, യുദ്ധം ഔദ്യോഗിക സൈന്യങ്ങള്‍ ഏറ്റെടുത്തുവെന്നു വിശ്വസിപ്പിച്ച് ജനകീയ ചെറുത്തുനില്‍പ്പിന് തുരങ്കം വച്ച അറേബ്യന്‍ ആധിപത്യങ്ങളുടെ കൊടുംചതിയായിരുന്നു. ആ ചതിയന്മാരുടെ 'സഹായം' പുതുതലമുറ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
(2) 'ഇഖുവാന്‍-ഇറാന്‍-ഹമാസ്' ഏച്ചുകൂട്ടികള്‍ മോങ്ങുന്നതിന്റെ പ്രധാന കാരണം ജനകീയ ഭരണകൂടങ്ങള്‍ അധികാരത്തില്‍ വരുമെന്ന ഏകാധിപത്യ കൊടും ഭയമാണ്. സംശയമുള്ളവര്‍ 2006ല്‍ ഹമാസ് നേതൃത്വത്തിലുള്ള ഫലസ്തീന്‍ സര്‍ക്കാരും 2012ല്‍ ഇഖുവാന്‍ നേതൃത്വത്തിലുള്ള ഈജിപ്ത് സര്‍ക്കാരും അട്ടിമറിക്കപ്പെട്ടത് എങ്ങിനെയെന്ന് പരിശോധിച്ചാല്‍ മതി. 2014ലെ യുദ്ധത്തില്‍ ഹമാസിനെ 'ഫിനിഷ്' ചെയ്യാന്‍ അവരില്‍ ചിലര്‍ ഇസ്രയേലുമായി ഡീലുണ്ടാക്കിയിരുന്നു.
(3). വായനക്കാര്‍ 'ഖുദ്സ്' എന്ന് തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ജെറുസലേം (ഓര്‍ശലേം) എന്ന സയണിസ്റ്റ് പര്യായം ഉപയോഗിക്കരുത്. ഓര്‍ശലേമും അല്‍ഖുദ്സും ഒന്നാണെന്നത് മറ്റൊരു സയണിസ്റ്റ് നുണയാണ്.