അവര്‍ അമേരിക്കന്‍-ഇസ്രായേല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ സ്തുതിപാഠകര്‍, അത്രതന്നെ; ഡോ. സി കെ അബ്ദുല്ല എഴുതുന്നു

എന്നുവച്ചു 'തിളങ്ങുന്ന' ആര്‍ക്കും പോകാമെന്നൊന്നും പൂതി വയ്‌ക്കേണ്ട. കൃത്യമായ ഒരു പാറ്റേണ്‍ അതിനുണ്ട്. പാറ്റേണില്‍ ആതിഥേയര്‍ ഇടയ്ക്ക് ആവശ്യമായ മാറ്റങ്ങളും വരുത്തും.

Update: 2019-07-10 11:09 GMT

കോഴിക്കോട്: അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വേള്‍ഡ് ലേണിംഗ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ജൂലൈ 14 മുതല്‍ 27 വരെ വാഷിങ്ടണിലും ന്യൂയോര്‍ക്കിലുമായി നടത്തുന്ന മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ കേരളത്തില്‍നിന്നു ചില യുവനേതാക്കള്‍ക്കു ക്ഷണം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ ഡോ. സി കെ അബ്ദുല്ലയുടെ പ്രതികരണം. മുന്‍കാലത്ത് ഇത്തരം സന്ദര്‍ശനങ്ങളും യാത്രകളും ഏറെ വിവാദമാവുകയും മുസ്‌ലിം ലീഗും യുഡിഎഫും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. മാത്രമല്ല, സാമ്രാജ്യത്വത്തിനെതിരായ എതിര്‍ശബ്ദങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനമുള്ള വിവിധ പ്രസ്ഥാനങ്ങളില്‍പെട്ട യുവനേതാക്കള്‍ക്ക് അമേരിക്ക ഇത്തരം പരിശീലനം നല്‍കുന്നതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ഡോ. സി കെ അബ്്ദുല്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


അമേരിക്കന്‍ സ്തുതിപാഠകര്‍

     9/11 സംഭവങ്ങള്‍ക്കു ശേഷം മുസ്‌ലിം രാജ്യങ്ങളിലെയും ഇതര മുസ്‌ലിം സമൂഹങ്ങളിലെയും ജനങ്ങളെ ഡീറാഡിക്കലൈസ് ചെയ്യുവാന്‍ റാന്‍ഡ് കോര്‍പറേഷന്‍ പോലുള്ള അമേരിക്കന്‍ തിങ്ക് ടാങ്കുകള്‍ നല്‍കിയ ഉപദേശമാണ് സമൂഹത്തില്‍ വിവിധ തുറകളില്‍ റോളുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് അമേരിക്കയിലേക്ക് ആതിഥ്യം അരുളി വരിയുടക്കുക/വന്ധീകരിക്കുക എന്ന മൃദുലാക്രമണം. മുസ്‌ലിം രാജ്യങ്ങളിലെ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെ വ്യവസ്ഥാപിതമായി നിലക്ക് നിര്‍ത്തുന്നതിനു പേരുകേട്ട സ്ഥാപനമാണ് റാന്‍ഡ്. മുസ്ലിം സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍, വാഗ്മികള്‍, എഴുത്തുകാര്‍, അധ്യാപകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങുന്നവരെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കൊണ്ടുപോവുന്ന ഹൃസ്വ സന്ദര്‍ശനങ്ങളുടെ ചെലവുകളെല്ലാം അമേരിക്ക തന്നെ വഹിക്കും. ഭൂമിയിലെ സ്വര്‍ഗ്ഗമാണ് അമേരിക്ക എന്ന ചിന്തയുമായി നടക്കുന്ന ദുര്‍ബലരെ വേഗം അതില്‍ വീഴ്ത്താനും സാധിക്കുന്നുണ്ട്. 9/11 മോഡല്‍ ഭീകരാക്രമണങ്ങള്‍ ഭയന്നൊന്നുമല്ല ഈ ആതിഥ്യം. അധിനിവേശത്തിനെതിരേ ഉയരുന്ന മുസ്‌ലിം പ്രതിഷേധങ്ങള്‍ തണുപ്പിക്കലാണ് പ്രധാന ലക്ഷ്യം.

    ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയും വിവിധ വന്‍നഗരങ്ങളിലെ കോണ്‍സുലേറ്റുകളും ഈ ധര്‍മയുദ്ധം ഇന്ത്യയില്‍ യഥാവിധി നിര്‍വഹിച്ചു പോരുന്നു. ചെന്നൈ കോണ്‍സുലേറ്റ് വഴിയാണ് മലയാളി മുസ്‌ലിം അതിഥികള്‍ അമേരിക്കന്‍ പര്യടനം നടത്താറ്. എന്നുവച്ചു 'തിളങ്ങുന്ന' ആര്‍ക്കും പോകാമെന്നൊന്നും പൂതി വയ്‌ക്കേണ്ട. കൃത്യമായ ഒരു പാറ്റേണ്‍ അതിനുണ്ട്. പാറ്റേണില്‍ ആതിഥേയര്‍ ഇടയ്ക്ക് ആവശ്യമായ മാറ്റങ്ങളും വരുത്തും. ചുരത്തിനപ്പുറത്ത് നിന്നും ഒരു വാഗ്മിയും കൊയ്‌ക്കോട്ടെ ഒരു ചെറുമങ്കയുമെല്ലാം ഇത്തവണ ഭാഗ്യം ലഭിച്ചവരാണ് എന്ന് കേള്‍ക്കുന്നു. ഹജ്ജിനു പോകുന്നവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 'ദുആകള്‍' അവര്‍ക്ക് കിട്ടുന്നുമുണ്ട്.

     ലോകമതസമ്മേളനത്തില്‍ വിവേകനന്ദന്‍ പറയാന്‍ ബാക്കിവച്ചത് ഞാന്‍ പറഞ്ഞുതീര്‍ക്കും എന്നൊക്കെ വീമ്പു പറഞ്ഞാണ് ഇവര്‍ പോകാറ്. പോയി വന്നവര്‍ അവിടെ എന്തെങ്കിലും പറഞ്ഞിരുന്നോ, അതോ കേള്‍ക്കുകയും കാണുകയും മാത്രമായിരുന്നോ എന്നൊന്നും വ്യക്തമല്ല. എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. പോയിവന്നവരുടെ ഭാഷയും ശൈലിയും പ്രവര്‍ത്തനവുമെല്ലാം നന്നായി സ്റ്റഫ് ചെയ്യപ്പെട്ടത് നമുക്ക് അനുഭവപ്പെടും. വന്‍ശക്തികളുമായി കൈകോര്‍ത്ത് ഇഹപരവിജയം നേടുവാനുള്ള സാരോപദേശങ്ങള്‍ അവരുടെ ഇടങ്ങളില്‍ അവര്‍ കൃത്യമായി നിര്‍വഹിക്കും.

    കൊയ്‌ക്കോട്ടെ കൊച്ചുപെങ്ങളുടെ സന്ദര്‍ശന പ്രചാരത്തിനു സോഷ്യല്‍ മീഡിയയില്‍ കട്ടുപ്രചരിപ്പിക്കുന്ന ഒരു ക്ലിപ്പുണ്ട്. ബ്രിട്ടനില്‍ കുടിയേറിയ ഫലസ്തീന്‍ യുവതി ലത്തീഫ അബൂഷാക്രയുടെ ഹിജാബിനെ കുറിച്ചുള്ള കിടിലന്‍ പ്രസംഗം. യഥാര്‍ഥത്തില്‍ ലത്തീഫായുടെ നാട്ടുകാരുടെ ചോരപ്പാടുകള്‍ കൈയില്‍ പുരട്ടിയവരാണ് തനിക്ക് ആതിഥ്യം അരുളിയതെന്നു ഈ പെങ്ങളോട് പറഞ്ഞുകൊടുക്കുകയല്ലേ ചെയ്യേണ്ടത്?. അറ്റമില്ലാത്ത അധിനിവേശ മോഹത്തിന് സ്തുതിപാഠകര്‍ യഥേഷ്ടം ആവശ്യമുണ്ട്. അതിനാല്‍ ഈ പോക്ക് തുടരും. പക്ഷേ, അധികം മാഷാഅല്ലാ ഡെക്കറേഷന്‍ ഒന്നും അവര്‍ അര്‍ഹിക്കുന്നില്ല. അവര്‍ അമേരിക്കന്‍-ഇസ്രായേല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ സ്തുതിപാഠകര്‍. അത്രതന്നെ.



Full View



Tags:    

Similar News