ബദറിനു വാശി കൂട്ടുന്നവര്‍

സല്‍മാനുല്‍ ഔദയെ ഭരണകൂടം കൊലപ്പെടുത്തുമെന്ന് അവരുടെ ഞരമ്പുകള്‍ അറിയുന്ന ജമാല്‍ ഖാശുഗ്ജി പ്രവചിച്ചത് അദ്ദേഹം ദാരുണമായി കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പാണ്. ജമാല്‍ ഖാശുഗ്ജി വധം ഇപ്പോള്‍ ന്യൂസ് റൂമുകളില്‍ നിന്ന് നീങ്ങി.

Update: 2019-05-22 11:48 GMT

ഡോ. സി കെ അബ്ദുല്ലയുടെ ഫേസ്ബുക്ക് കുറിപ്പ്

ബദര്‍ ഭൂമിയുടെ നാട്ടില്‍ നിന്ന് ഈ ബദര്‍ ദിനത്തില്‍ പുറത്തുവന്ന അതീവ ഞെട്ടല്‍ ഉളവാക്കുന്ന ഒരു വാര്‍ത്ത. ഷെയ്ഖ് സല്‍മാനുല്‍ ഔദ, ഷെയ്ഖ് ഇവദ് അല്‍ഖര്‍നി, ഡോ. വലീദുല്‍ അംറി എന്നീ പ്രമുഖ പണ്ഡിതരെ ഭരണകൂടം തലവെട്ടുവാന്‍ പോകുന്നു. ഉത്തരവ് ഉടന്‍ പുറത്തുവരുമെന്നും റമദാന്‍ കഴിഞ്ഞാല്‍ ഉടനത് നടപ്പിലാവുമെന്നുമാണ് ഉറവിടം വെളിപ്പെടുത്താത്ത ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായി 'മിഡില്‍ ഈസ്റ്റ് ഐ' പുറത്തു വിട്ടത്.

പുണ്യഗേഹങ്ങളുടെ നാട്ടില്‍ പൊതുവെ ജനകീയരായ ഈ മൂന്നു പണ്ഡിതരും 'മധ്യമ' നിലപാടുകാരായിരുന്നു. ജനങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ ശ്രമിച്ചതാണു അവരുടെ പേരിലുള്ള ഭീകര കുറ്റം. 1990കളില്‍ ബുറൈദ കേന്ദ്രീകരിച്ചു ഉണ്ടായ സാമൂഹിക ഉണര്‍വിന് നേതൃത്വം നല്‍കിയിരുന്ന ഇവര്‍, രൂപീകരണത്തിലും പ്രചാരണത്തിലും ഭരണകൂടത്തിന് പങ്കുള്ള ദുരൂഹ സംഘങ്ങളില്‍ ചെറുപ്പക്കാര്‍ പെട്ടുപോവാതിരിക്കാന്‍ നിരന്തരം ഉപദേശിച്ചവര്‍ കൂടിയാണ്. അതുകാരണം സല്‍മാന്‍ അല്‍ഔദ അടക്കമുള്ളവര്‍ കുറെ വര്‍ഷങ്ങള്‍ തടവിലായിരുന്നു. ഇപ്പോഴത്തെ രാജാവ് അധികാരമേറ്റ ഉടനെ ജയിലിലെ ചിലരെയൊക്കെ തുറന്നുവിട്ടു ചില പൊടിക്കൈകള്‍ ചെയ്തു നോക്കിയിരുന്നു. 2014ല്‍ ഐഎസ് താണ്ഡവ കാലത്തു സല്‍മാനുല്‍ ഔദയെ ഭരണകൂടത്തിന് വേണ്ടി സംസാരിക്കുവാന്‍ വേഷം കെട്ടിച്ചു നോക്കിയതാണ്. എന്നാല്‍, അല്പമൊക്കെ കുനിഞ്ഞു കൊടുത്തെങ്കിലും മറ്റുപലരെയും പോലെ നട്ടെല്ല് വളക്കുവാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

സല്‍മാനുല്‍ ഔദയെ ഭരണകൂടം കൊലപ്പെടുത്തുമെന്ന് അവരുടെ ഞരമ്പുകള്‍ അറിയുന്ന ജമാല്‍ ഖാശുഗ്ജി പ്രവചിച്ചത് അദ്ദേഹം ദാരുണമായി കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പാണ്. ജമാല്‍ ഖാശുഗ്ജി വധം ഇപ്പോള്‍ ന്യൂസ് റൂമുകളില്‍ നിന്ന് നീങ്ങി. കഴിഞ്ഞ മാസം ഭീകരത ആരോപിച്ചു 37 പൗരന്മാരുടെ തലവെട്ടിയത് ഒരു വലിയ ടെസ്റ്റ് ആയിരുന്നു. ആംനെസ്റ്റി പോലുള്ള ചില സ്ഥാപനങ്ങള്‍ പതിവ് പ്രതിഷേധ ശബ്ദങ്ങള്‍ വിട്ടതല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ടെസ്റ്റ് വിജയിച്ച സാഹചര്യത്തില്‍ ഉന്മൂലന ഭയപ്പെടുത്തലുകള്‍ തുടരുമെന്നാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഭരണകൂടത്തെ പ്രത്യക്ഷമായി എതിര്‍ക്കാതെ സമൂഹത്തില്‍ ഇസ്‌ലാമിക ഉണര്‍വ് നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്നതില്‍ മുന്നില്‍ നിന്ന ഇവരെയെല്ലാം തലവെട്ടുന്നതിലൂടെ, ഒരു കുറ്റവും ചെയ്യാതെ ജയിലുകളില്‍ കഴിയുന്ന ഒട്ടനേകം പണ്ഡിതരെയും പൊതു ജനങ്ങളെയും നിരന്തര ഭയത്തില്‍ നിലനിര്‍ത്താമെന്നു അഭിനവ ഫറോവമാര്‍ കരുതുന്നുണ്ടാവും. ആഇദ് അല്‍ഖര്‍നിയെയും (വധശിക്ഷക്ക് കാത്തിരിക്കുന്ന ഇവദുല്‍ ഖര്‍നിയുടെ ബന്ധു) അബ്ദുറഹിമാന്‍ സുദൈസിനെയും പോലുള്ള എത്രപേര്‍ ഇനിയും മുട്ടിലിഴയാന്‍ തയ്യാറാണെന്ന് നോക്കാനും ഇതുപകരിച്ചേക്കും. അത്തരക്കാരെ വലിച്ചു കൊണ്ടുവന്നു വിശുദ്ധ കഅബയുടെ ചാരത്തു നിന്ന് ഫറോവമാര്‍ക്ക് വേണ്ടി ദുആയും ചെയ്യിപ്പിക്കാം.

ഈ സമുദായത്തിലെ ഒരു ഫറോവ എന്ന് പ്രവാചകന്‍ അടയാളപ്പെടുത്തിയ അബൂജഹല്‍, മുസ്‌ലിംകളെ നേരിടാന്‍ ബദ്‌റിലേക്ക് പുറപ്പെടും മുന്‍പ് കഅബയുടെ ഖില്ല പിടിച്ചു അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു പോലും, ഞങ്ങളില്‍ യഥാര്‍ത്ഥ സത്യസംഘം വിജയിക്കേണമേ എന്ന്. അന്ന് വിശ്വാസികളുമായി പോരാട്ടം ഒഴിവാക്കുവാന്‍ വഴികള്‍ ഉണ്ടായിട്ടും, സ്വന്തക്കാര്‍ അങ്ങിനെ ഉപദേശിച്ചിട്ടും മുസ്‌ലിംകളുടെ ഉന്മൂലനം മനക്കോട്ട കെട്ടി വാശിയോടെ യുദ്ധത്തിന് വരികയായിരുന്നു. അല്ലാഹു യഥാര്‍ത്ഥ സത്യസംഘത്തെ വിജയിപ്പിച്ചു. അബൂജഹലിന്റെയല്ല, റസൂലിന്റെ പ്രാര്‍ത്ഥന കൊണ്ടാണെന്നു മാത്രം.

ബദര്‍ ഭൂയിയുടെ നാട്ടില്‍ പണ്ഡിതര്‍ക്കും വിശ്വാസികള്‍ക്കും തടവറയും കഴുമരവും തീര്‍ക്കുന്നതിലൂടെ ഹറം കൈവശം വച്ച് വാഴുന്ന അഭിനവ അബൂജഹലുമാര്‍ വീണ്ടും ബദറുകള്‍ തീര്‍ക്കുകയാണ്. ബദറിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന എട്ടാം അധ്യായത്തില്‍ ഈ ഫറോവന്‍ കുതന്ത്രങ്ങളെ ഖുര്‍ആന്‍ തുറന്നു കാണിക്കുന്നുണ്ട്. 'നിന്നെ സ്ഥിരമായി ബന്ധനത്തിലിടുവാനോ കൊന്നു കളയുവാനോ ആട്ടിപ്പുറത്താക്കുവാനോ നിഷേധികള്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുന്നു. അവര്‍ മാത്രമല്ല, അല്ലാഹുവും തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ഏറ്റവും ഫലിക്കുന്ന തന്ത്രം അല്ലാഹുവിന്റേത് തന്നെയാണ് (8:30)'. ഈ ആശ്വാസ വനങ്ങളിലെ നീ അതു വായിക്കുന്ന ഓരോ വിശ്വാസിയുമാണ്. ബദറുകള്‍ തീര്‍ക്കുന്നത് അബൂജഹലുമാരുടെ വാശിയാണെങ്കിലും വിജയം വിശ്വാസികള്‍ക്കായിരിക്കും എന്നതാണ് അല്ലാഹുവിന്റെ താല്‍പര്യം.

Tags:    

Similar News