15,000 ഫലസ്തീനികളെ കൊല്ലുകയും ഗസ മുനമ്പിന്റെ ഭൂരിഭാഗവും തകര്‍ക്കുകയും ചെയ്ത ഇസ്രായേല്‍ ആക്രമണത്തെ പ്രസിഡന്റ് ജോ ബൈഡന്‍ കൈകാര്യം ചെയ്തതില്‍ യുഎസ് സര്‍ക്കാരിനുള്ളിലെ ഭിന്നത വെളിപ്പെടുത്തുന്നതാണ് മുതിര്‍ന്ന സിഐഎ ഉദ്യോഗസ്ഥന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. മരണസംഖ്യ വര്‍ധിച്ചിട്ടും ബൈഡന്‍ ഇസ്രായേല്‍ സര്‍ക്കാരിന് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ പ്രചാരണ ഉദ്യോഗസ്ഥരും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള തുറന്ന കത്തുകളില്‍ ഒപ്പുവച്ചിരുന്നു. ഗസ യുദ്ധത്തെക്കുറിച്ചുള്ള പരസ്യമായ അഭിപ്രായത്തിന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പുതിയ സംഭവം. കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്കിലെ ഹലാല്‍ ഭക്ഷണ വിതരണക്കാരനെ ഉപദ്രവിക്കുകയും കൂടുതല്‍ ഫലസ്തീന്‍ കുട്ടികളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മുന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു.