കേരള പൊലിസിന്റെ സേവനമുഖം കൂടുതല്‍ മെച്ചപ്പെടുത്തും- മുഖ്യമന്ത്രി

Update: 2022-03-06 10:53 GMT

തിരുവനന്തപുരം; നാടിനും ജനങ്ങള്‍ക്കും തണലാവുന്ന വിധം സേവനോന്‍മുഖ ജനകീയസേനയാക്കി കേരളാ പൊലിസിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിയാരത്ത് 1.81 കോടി രൂപാ ചെലവില്‍ നിര്‍മിച്ച പൊലിസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന സമൂഹമെന്ന നിലയിലാണ് കേരളം മുന്നോട്ട് പോകുന്നത്. നാട്ടിലെ സമാധാന ജീവിതം പൂര്‍ണതയിലെത്താന്‍ പൊലിസ് സേന കൂടുതല്‍ മെച്ചപ്പെടണം. അതിന്റെ ഭാഗമാണീ വികസനങ്ങള്‍. ക്രമസമാധാന പാലനത്തില്‍ നല്ല രീതിയിലാണ് സേനയുടെ പ്രവര്‍ത്തനം. പ്രശംസാര്‍ഹമായ രീതിയില്‍ കുറ്റാന്വേഷണ രംഗത്തും കേരളാ പൊലിസ് സജീവമാണ്. തെളിയാത്ത പല കേസുകളും തെളിയുന്നു. കുറ്റവാളികള്‍ പിടിയിലാവുന്നു. പുതിയ കാലത്ത് കുറ്റകൃത്യങ്ങളുടെ ഭാവവും രൂപവും മാറി ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു. അതിനാല്‍ കൂടുതല്‍ സുസജ്ജമായ കുറ്റാന്വേഷണ സംവിധാനം വേണം. സൈബര്‍ ചതിക്കുഴികള്‍ പലതരത്തിലാണ് പ്രയോഗിക്കുന്നത്. നാടിന്റെ വികസനവും ക്ഷേമവും പൂര്‍ണ്ണ തോതില്‍ നടക്കുന്നതിന് സമാധാനവും ഐക്യവുമാണ് വേണ്ടത്. അതിന് കേരളാ പൊലിസിനെ സുസജ്ജമാക്കുകയാണ് ലക്ഷ്യം- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പരിയാരം സ്‌റ്റേഷന് പുറമെ 3 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറന്‍മുള പൊലിസ് സ്‌റ്റേഷന്‍ കെട്ടിടം, 2.68 കോടി രൂപ ചെലവില്‍ നിര്‍മിച്ച കുന്നംകളം പൊലിസ് സ്‌റ്റേഷന്‍ കെട്ടിടം, 1.34 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തൊണ്ടര്‍നാട് പൊലിസ് സ്‌റ്റേഷന്‍ കെട്ടിടം, ബദിയടുക്ക, കുറവിലങ്ങാട് പൊലിസ് സ്‌റ്റേഷനുകള്‍, കുമ്പള, ഏറ്റുമാനൂര്‍, കാളിയാര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ ജില്ലാ ഫോറന്‍സിക് ലാബോറട്ടറികള്‍ വിവിധ സ്‌റ്റേഷനുകളിലെ ശിശു സൗഹ്യദ ഇടങ്ങള്‍, ക്വാട്ടേഴ്‌സുകള്‍, എന്നിവയുടെ ഉല്‍ഘാടനവും മലപ്പുറം ജില്ലാ പൊലിസ് കാര്യാലയമടക്കം പതിനാല് വിവിധ കെട്ടിടങ്ങളുടെ തറക്കില്ലടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നവകേരള സൃഷ്ടിക്ക് ആഭ്യന്തര സുരക്ഷ അത്യന്താപേക്ഷിതമാണെന്നും അതിനുതകുന്ന വിധത്തില്‍ കേരളാ പൊലീസ് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലിസ് സ്‌റ്റേഷന്‍ കെട്ടിടം സംബന്ധിച്ച് നാളിതുവരെയുള്ള സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നതാണ് പരിയാരം പൊലീസ് സ്‌റ്റേഷനെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News