മോഡിയയുടെ ബഹുകൃതവേഷം

ഒരു ജനാധിപത്യ സമൂഹത്തിലും കാണാത്തവിധം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള ചെകിടു തുളച്ചു കയറുന്ന പ്രചാര വേലയുടെ ഇരകളായിരിക്കുകയാണ് നാം ഇന്ത്യക്കാര്‍.

Update: 2022-06-08 10:07 GMT

ഗോഡി മീഡിയ എന്ന പ്രയോഗം കുറേക്കൂടി കഴിഞ്ഞപ്പോള്‍ മോഡിയ എന്നാക്കി ആരോ പരിഷ്‌കരിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിലും കാണാത്തവിധം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള ചെകിടു തുളച്ചു കയറുന്ന പ്രചാര വേലയുടെ ഇരകളായിരിക്കുകയാണ് നാം ഇന്ത്യക്കാര്‍. അതു ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമാണ് എന്നതില്‍ ഒരു സംശയവുമില്ല. ബിജെപി അധികാരമേറിയതിന്റെ പ്രധാന കാരണം തന്നെ സമര്‍ത്ഥമായ പ്രചാരവേലയ്ക്കു പുകള്‍പെറ്റ ഒരമേരിക്കന്‍ കമ്പനിയായിരുന്നുവത്രെ. അവരാണ് ലവണപ്രകാശത്തില്‍ എപ്പോഴും നില്‍ക്കുന്ന ഒരു അതിമാനുഷനെ സൃഷ്ടിച്ചത്. ചിന്തയേക്കാള്‍ ശരീരത്തിന് പ്രാധാന്യം നല്‍കാന്‍ മുമ്പിലിരിക്കുന്ന മാംസപേശി രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആയിരങ്ങളെ അതു പ്രേരിപ്പിച്ചു. സുപ്രധാനമായ കാബിനറ്റ് മീറ്റിങിനിടയില്‍ തന്റെ മയിലിനു തീറ്റ കൊടുക്കണം എന്നുപറഞ്ഞു മോദി ഇറങ്ങിയത് അദ്ദേഹത്തിന്റെ പക്ഷിസ്‌നേഹത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്ന ആഭ്യന്തരന്‍ ഉള്ള ഒരു നാട്ടില്‍ അത്തരം അനുയായികളുണ്ടാവുന്നതില്‍ അത്ഭുതം വേണ്ട. സാമാന്യബോധം തല്‍ക്കാലത്തേക്കു മരവിപ്പിച്ചു നിറുത്തുന്ന പ്രതിഭാസത്തെക്കുറിച്ച് മന:ശാസ്ത്ര വിദഗ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതാണ് ഇപ്പോള്‍ ബുള്‍ഡോസറിലേക്കു വളരുന്ന ഹിന്ദുത്വ രാഷ്ട്രീയം സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലേക്കു വന്ന ബുള്‍ഡോസറുകളുടെ കോരിയില്‍ ഹിന്ദുത്വ ഗുണ്ടകള്‍ കുരവയിടുകയും പാട്ടുപാടുകയും ചെയ്തിരുന്നു. അതിന്നു മുമ്പില്‍ ഹിന്ദി ചാനലുകളിലെ റിപോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും വമ്പിച്ച ഒരു വിജയഘോഷയാത്രയ്ക്കു വഴിയൊരുക്കുന്നതുപോലെ സഞ്ചരിച്ചു. പഴങ്ങള്‍ വില്‍ക്കുന്ന ഒരു തട്ടുകട ബുള്‍ഡോസര്‍ നിരത്തിയപ്പോഴും ഒരു പള്ളിയുടെ മുന്‍ഭാഗത്തുള്ള മേല്‍ക്കൂര താഴെ തട്ടിയിട്ടപ്പോഴും അവര്‍ ആവേശംമൂത്ത് ചാടിക്കളിച്ചു. ബിജെപിയുടെ യുവതുര്‍ക്കികള്‍ ബോംബുണ്ടാക്കുന്ന 'അജറിനെയും അബ്ദുലിനെയും' അങ്ങിനെയേ ഒതുക്കാന്‍ പറ്റൂ എന്നുപറഞ്ഞപ്പോള്‍ അതിനോട് റിപോര്‍ട്ടര്‍മാര്‍ (മുസ്‌ലിംകളുടെ പേര് പോലും ശരിക്കുച്ചരിക്കാനറിയാത്തവരായിരുന്നു അവര്‍) പ്രതികരിച്ചത് വളരെ സന്തോഷത്തിലാണ്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ ന്യായീകരിക്കുന്നതിനു ആജ് തക്ക്, ന്യൂസ് 18, സീ ന്യൂസ്, ഹിന്ദി ടിവി തുടങ്ങിയ ചാനലുകള്‍ വലിയ എരിവും പുളിയും ചേര്‍ക്കുന്നുണ്ട്. ആങ്കര്‍മാര്‍ അക്കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ മല്‍സരിക്കുന്നത്. ഏറ്റവും വലിയ വിഷം പുറത്തേക്ക് തുപ്പുന്നത് തങ്ങളാണെന്നു അധികൃതരെ ബോധ്യപ്പെടുത്തുന്നതിലായിരിക്കും അവരുടെ ഉല്‍സാഹം.

ഡല്‍ഹിയില്‍ ബിജെപി നിയന്ത്രിക്കുന്ന മുന്‍സിപ്പല്‍ കൗണ്‍സിലിനുവേണ്ടി ജഹാന്‍ഗീര്‍പുരിയില്‍ ഒരു വിളംബര ജാഥ നടത്തുകയായിരുന്നു അവര്‍. കാര്‍ക്കോണില്‍ പോലിസിനെ കല്ലെറിഞ്ഞതിനു പിടികൂടിയ രണ്ടു കൈയ്യുമില്ലാത്ത വസിം ഷെയ്ഖിനെ പോലെയുള്ള നിരപരാധികളെ മധ്യപ്രദേശിലെ ഏറ്റവും വലിയ കുറ്റവാളികളായി ഹിന്ദി ചാനലുകള്‍ അവതരിപ്പിച്ചു. 'മഹാഭൂരിപക്ഷമുള്ള ഹിന്ദുക്കളെ പ്രകോപിപ്പിച്ചാല്‍ ബുള്‍ഡോസര്‍ ബാബ' വരുമെന്നായിരുന്നു ന്യൂസ് നാഷണ്‍ ചാനലിലെ അവതാരകന്‍ വിളിച്ചുകൂവിയത്.

എന്തു അക്രമത്തിനും ന്യായീകരണം കണ്ടെത്തിക്കഴിഞ്ഞാല്‍ സന്തോഷത്തോടെ അത്താഴം കഴിച്ച് ഉറങ്ങാന്‍ പോവുന്ന അനുയായികള്‍ ഉള്ള സ്ഥിതിക്ക് സുഗമമായി ഭരിക്കാം എന്ന മൗഢ്യവുമായിട്ട് നടക്കുന്നവരാണ് ഹിന്ദുത്വ രാഷ്ട്രീയം കച്ചവടം നടത്തുന്നവര്‍. എന്നാല്‍ എപ്പോഴും നാഗ്പൂരില്‍ തയ്യാറാക്കുന്ന ബ്ലൂ പ്രിന്റ് അനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുക എന്നതിനെ യുപിയിലെ കാണ്‍പൂരില്‍ തെളിവുകളുണ്ട്.

നുപുര്‍ ശര്‍മ എന്ന വായാടി, പ്രവാചകനെ അവഹേളിച്ചുകൊണ്ടു നടത്തിയ വാചകമടിയില്‍ ക്ഷുഭിതരായ മുസ്‌ലിംകള്‍ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തുവന്നതോടെ യുപി ഭരിക്കുന്ന ബുള്‍ഡോസര്‍ ബാബയുടെ പോലിസിനും തല്‍ക്കാലം പിന്തിരിയേണ്ടിവന്നു.

അന്താരാഷ്ട്ര തലത്തില്‍ വലിയ വിഷയമായതോടെ ന്യൂഡല്‍ഹി തന്നെ ഒരുതരം ക്ഷമാപണ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇടക്ക് ആളാവാന്‍ നോക്കുന്ന സര്‍ക്കാര്‍ നാക്കുകള്‍ ഒെഎസിയെ ശകാരിക്കുന്നത് ഗള്‍ഫിലെ ഒരു കോടി ഇന്ത്യക്കാരേക്കാള്‍ തങ്ങള്‍ക്കു പ്രധാനം മോദിജിയുടെ കണ്ണില്‍ പെടുക എന്ന ചെറിയ ഉദ്ദേശ്യം വെച്ചാണ്. കാണ്‍പൂരില്‍ പോലിസ് നൂറുകണക്കിന് മുസ്‌ലിം യുവാക്കളെ ജയിലിലടച്ചു. എങ്കിലും അതില്‍ വലിയൊരു സന്ദേശം ഹിന്ദുത്വ വീരന്മാരുടെ നേരെ അര്‍ജുനന്റെ അമ്പു പോലെ പാഞ്ഞുതറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ക്കു പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്ന് ഗോഡി മീഡിയ പെരുമ്പറയടിക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ടിന് ചെലവില്ലാതെ ഇത്തരം പബ്ലിസിറ്റി നല്‍കാന്‍ അധികൃതര്‍ പലപ്പോഴും രംഗത്തുവരുന്നതില്‍ എന്തോ ഒരു ദുഷ്ടലാക്ക് കണ്ടെറിയാന്‍ പറ്റും. കഥകള്‍ രചിക്കുന്നതില്‍ പോലിസും അവ പ്രചരിപ്പിക്കുന്നതില്‍ ഹിന്ദുത്വ മാധ്യമപ്രവര്‍ത്തകരും ഒട്ടും പ്രഫഷണലിസം കാണിക്കുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് കാണ്‍പൂരിലെ സംഭവങ്ങള്‍. ജൂണ്‍ മൂന്നിന് അകലെയുള്ള പശ്ചിമബംഗാളിലും മണിപ്പൂരിലും നുപൂര്‍ ശര്‍മയുടെ അശ്ലീലത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതാണ് കാണ്‍പൂരിലെ പ്രക്ഷോഭത്തിനു കാരണമെന്നാണ് ഒരു പോലിസ് കമ്മീഷണര്‍ പറഞ്ഞത്.

കേരളത്തിലെ പോലിസിനും അത്തരം 'ഓരിയടല്‍' ലഭിച്ചിട്ടുണ്ടാവാം. (ഡോഗ് വിസില്‍ എന്നാണ് അതിന്റെ ഇംഗ്ലീഷ്). അതുകൊണ്ടാണ് ആലപ്പുഴയില്‍ ഒരു ബാലന്‍ ആര്‍എസ്എസ്സിനെതിരേ മുദ്രാവാക്യം മുഴക്കിയതിനെതിരേ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ഖജാഞ്ചി കെ എച്ച് നാസറടക്കം 31 പേരെ പിടികൂടിയതും ജയിലിലിട്ടതും. പോലിസിന്റെ ഇണ്ടാസുണ്ടായിട്ടും തൃക്കാക്കരയില്‍ സംഘികള്‍ക്കുവേണ്ടി നാവിട്ടടിക്കാന്‍ ഗീവര്‍ഗീസ് അച്ചായന് അനുമതി നല്‍കിയത് കൂടി ഇതോടു ചേര്‍ത്തുവായിക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പറഞ്ഞ് പലരേയും വീടുകളില്‍ കയറി പരതുന്ന പോലിസ് ഈ ക്രിസംഘിയുടെ കാര്യത്തില്‍ നിഷ്‌ക്രിയരായിരുന്നു. ഇതുകൊണ്ടൊക്കെയാണ് കിംബഹുന എന്ന പ്രയോഗം തന്നെ വന്നിരിക്കുന്നത്.

Tags:    

Similar News