പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് ഉടന്‍ നിര്‍ത്തണം; ടി എന്‍ പ്രതാപന്‍ എംപി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കി
ന്യൂഡല്‍ഹി: ദേശീയപാത 544ലുള്ള പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കി. അടുത്തിടെ 10 ശതമാനത്തോളം വര്‍ധനവാണ് ടോള്‍ ഇനത്തില്‍ പാലിയേക്കരയില്‍ ഉണ്ടായത്. കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ വലയുന്ന സാഹചര്യത്തില്‍ തന്നെ ഇത്തരമൊരു നടപടി അംഗീകരിക്കാനാവില്ല. പോരാത്തതിന് കമ്പനി ചെയ്യേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടത്താതെയാണ് പെട്ടെന്നുള്ള ഈ നിരക്ക് വര്‍ധനവെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.
ചാലക്കുടി അടിപ്പാത അടക്കം പൂര്‍ത്തിയാക്കാതെ ഇട്ടിരിക്കുന്ന അനേകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയപാത 544ലുണ്ട്. മണ്ണുത്തി മുതല്‍ ചുമന്നകുന്ന് വരെയുള്ള റോഡില്‍ നിറയെ പൊട്ടിപ്പൊളിഞ്ഞും അപകടം വരുത്തിവയ്ക്കാന്‍ പാകത്തിന് വലുപ്പത്തില്‍ കുഴികളുമുണ്ടായിട്ടുണ്ട്. ഇതൊന്നും പരിഹരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. മണ്ണുത്തി പ്രദേശത്തുള്ള വെള്ളക്കെട്ടും അതേപടി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെയൊരു അവസരത്തില്‍, അതും കൊവിഡ് പ്രതിസന്ധി തീര്‍ത്ത ഞെരുക്കത്തിന്റെ കാലത്ത് എങ്ങനെയാണ് കമ്പനി ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്? നിയമപരമായി കമ്പനിക്ക് ടോള്‍ പിരിവിനുള്ള അവകാശം തന്നെയില്ല. ടോള്‍ പ്ലാസയിലെ ഫാസ്റ്റാഗ് ഓട്ടോമാറ്റിക് സ്‌കാനറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമല്ല. പ്ലാസയിലെ ജീവനക്കാര്‍ കൈയില്‍ പിടിക്കാവുന്ന സ്‌കാനര്‍ ഉപയോഗിച്ചണ് വാഹനങ്ങളിലെ ഫാസ്റ്റാഗ് കൂപ്പണുകള്‍ പരിശോധിക്കുന്നത്. ഇത് ഫാസ്റ്റാഗ് സൗകര്യത്തിന്റെ ഗുണം ഇല്ലാതായതിന് തുല്യമാണ്. പോരാത്തതിന് വലിയ ഗതാഗത കുരുക്കും ഉണ്ടാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ടോള്‍ പിരിക്കുന്നത് ജനങ്ങള്‍ക്കാകെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍ ഓട്ടോമാറ്റിക് സ്‌കാനറുകള്‍ ശരിയയാക്കിയ ശേഷം മാത്രമേ പിരിവ് നടത്താവൂ എന്ന ആവശ്യവും ടി എന്‍ പ്രതാപന്‍ മന്ത്രിക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
Collection at Paliyekkara toll plaza should be stopped immediately; TN Prathapan MP handed over the letter to MP Nitin Gadkari