രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നു: കേന്ദ്രമന്ത്രി സ്മൃതി ഇറാനി

Update: 2022-02-09 19:16 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. 2019, 2020 വര്‍ഷങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് വ്യക്തമാക്കുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ല്‍ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചത്.

'പോലിസും' 'പൊതുക്രമവും' ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന് കീഴിലുള്ള സംസ്ഥാന വിഷയങ്ങളാണ്. ക്രമസമാധാന പാലനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും ഉള്‍പ്പെടെ പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം പ്രാഥമികമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നിരുന്നാലും സ്ത്രീകളുടെ സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുകയും ഇക്കാര്യത്തില്‍ വിവിധ നിയമനിര്‍മാണവും ആസൂത്രിതവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

'ദി ക്രിമിനല്‍ ലോ (ഭേദഗതി) നിയമം, 2018', 'ക്രിമിനല്‍ നിയമം (ഭേദഗതി) നിയമം, 2013', 'ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം 2013', തുടങ്ങിയ നിയമനിര്‍മാണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗാര്‍ഹിക പീഡനത്തില്‍നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2006', 'സ്ത്രീധന നിരോധന നിയമം, 1961' തുടങ്ങിയവയും സ്ത്രീകളുടെ സുരക്ഷയെ കരുതിയുള്ളതാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും രാജ്യസഭയില്‍ വിശദീകരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വികസന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ കാലാകാലങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News