മുഴുവന്‍ സംഘടനകളേയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്കില്ല; ക്ഷണം നിരസിച്ച് കിസാന്‍ സമിതി; കേന്ദ്രത്തിന് തിരിച്ചടി
അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്. ഇതില്‍ 32 എണ്ണത്തെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് അയവ് വരുത്താനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ നിലപാട് കടുപ്പിച്ചത്. ഇന്ന് വൈകീട്ട് മൂന്നു മണിയ്ക്കാണ് കേന്ദ്ര കൃഷിമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
എന്നാല്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷക സംഘടനകള്‍ നിരസിച്ചു. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്. ഇതില്‍ 32 എണ്ണത്തെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി.
ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് ബി.കെ.യു നേതാവ് ജോഗീന്ദര്‍ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ചയ്ക്ക് തയാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്.
ഈ നിര്‍ദ്ദേശം ഞായറാഴ്ച കര്‍ഷകര്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തത്.
സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കനാണ് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് കര്‍ഷക നിലപാട്.